ഡല്‍ഹിക്ക് പുറമെ ഭരണം പിടിക്കാന്‍ കെജരിവാള്‍ ഇനിയും കാത്തിരിക്കണം
ഡല്‍ഹിക്ക് പുറമെ ഭരണം പിടിക്കാന്‍ കെജരിവാള്‍ ഇനിയും കാത്തിരിക്കണം
നിയമസഭയിലേക്കുളള സീറ്റുകളില്‍ രണ്ടക്കം തികച്ചുവെന്ന നേട്ടവുമായി തല്‍ക്കാലം പ്രതിപക്ഷത്തിരിക്കാം കെജരിവാളിനും സംഘത്തിനും.
ഡല്‍ഹിക്ക് പുറമെ ഒരു സംസ്ഥാനം കൂടി പിടിച്ചെടുത്ത് ദേശീയ രാഷ്ട്രീയത്തില്‍ ശക്തിയാവാന്‍ ഒരുങ്ങുകയായിരുന്നു അരവിന്ദ് കെജരിവാളിന്റെ ആം ആദ്‌മി പാര്‍ട്ടി. അതിന് അവര്‍ കണ്ടുവെച്ച സംസ്ഥാനമായിരുന്നു പഞ്ചാബും ഏറെക്കുറെ ഗോവയും. മോദി തരംഗം ആഞ്ഞുവീശിയ 2014ല ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് പഞ്ചാബികള്‍ നല്‍കിയതോടെ ആഗ്രഹം സഫലമാകുമെന്ന് കരുതി. എന്നാല്‍ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങിന്റെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ പഞ്ചാബില്‍ ഭരണം പിടിക്കാമെന്ന മോഹം അസ്ഥാനത്തായി. നിയമസഭയിലേക്കുളള കന്നി മത്സരത്തില്‍ തന്നെ സീറ്റുകളില്‍ രണ്ടക്കം തികച്ചുവെന്ന നേട്ടവുമായി തല്‍ക്കാലം പ്രതിപക്ഷത്തിരിക്കാം കെജരിവാളിനും സംഘത്തിനും. എന്നാല്‍ ഗോവയിലെത്തുമ്പോള്‍ ഇത്തരം അവകാശവാദങ്ങള്‍ക്ക് പോലും സ്ഥാനമില്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പഞ്ചാബില്‍ എഎപിയെ ചതിച്ചത് ഒരു ശക്തനായ നേതാവിന്റെ അഭാവമാണെന്നാണ് വിലയിരുത്തല്‍. കെജരിവാളിനപ്പുറം ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ ആ പാര്‍ട്ടിക്കായില്ല. ജയിച്ചാല്‍ പഞ്ചാബിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരിക്കും അമരത്തെന്ന് എ.എ.പി വ്യക്തമാക്കിയതോടെ പഞ്ചാബികള്‍ ആശയക്കുഴപ്പത്തിലായി. പഞ്ചാബിന് പുറത്ത് നിന്നൊരൊളെ സ്വീകരിക്കാന്‍ മാത്രം വിശാലമനസ്‌കരായിരുന്നില്ല അവര്‍. എ.എ.പിയുടെ ഈ പോരായ്‌മ കോണ്‍ഗ്രസ് എടുത്തുവീശിയതോടെ എ.എ.പിയോട് അടുത്ത പഞ്ചാബികളും അകന്നു.പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പടലിപ്പിണക്കവും എ.എ.പിയെ തിരിഞ്ഞുകുത്തി.
നേതാക്കള്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളായിരുന്നു പഞ്ചാബില്‍ അരവിന്ദ് കെജരിവാളിന് തീര്‍ക്കാനുണ്ടായിരുന്നത്. പഞ്ചാബ് കണ്‍വീനറായിരുന്ന സചാ സിങ് ഛോട്ടേപൂരിനെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ക്ഷീണമായി. പഞ്ചാബില്‍ പ്രാദേശികമായി ശക്തമായി വേരുകളുള്ള നേതാവായിരുന്നു അദ്ദേഹം. 2002ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പഞ്ചാബില്‍ ജയിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. മാത്രമല്ല പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ട് എം.പിമാരെയും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇതും പാര്‍ട്ടിയെ തളര്‍ത്തിയെന്നാണ് വിലയിരുത്തല്‍.
അതേസമയം ബി.ജെ.പി വിട്ട നവ്‌ജ്യോത് സിങ് സിദ്ദുവുമായി തുടക്കത്തിലുണ്ടായിരുന്ന അടുപ്പം മുതലെടുക്കാനാവാത്തതും എ.എ.പി ക്ക് തിരിച്ചടിയായി. സിദ്ദുവിന് നല്ല പിന്തുണയുള്ള സ്ഥലങ്ങളില്‍ നേട്ടം കൊയ്യാനുളള അവസരമാണ് എ.എ.പിക്ക് നഷ്ടമായതെന്നാണ് വിലയിരുത്തല്‍. സിദ്ദു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഈ മേഖലയില്‍ നല്ല നേട്ടമുണ്ടാക്കുകയും ചെയ്‌തു. ചുരുക്കിപ്പറഞ്ഞാല്‍ ഡല്‍ഹിക്ക് പുറമെ ഒരു സംസ്ഥാനം കൂടി നേടാമെന്ന ആഗ്രഹം തല്‍ക്കാലം കെജരിവാളിനും സംഘത്തിനും മാറ്റിവെക്കാം.
Adjust Story Font
16