Quantcast

തമിഴ്നാട്ടില്‍ ബസ് സമരം എട്ടാം ദിവസവും തുടരുന്നു

MediaOne Logo

Muhsina

  • Published:

    8 May 2018 4:53 PM GMT

തമിഴ്നാട്ടില്‍ ബസ് സമരം എട്ടാം ദിവസവും തുടരുന്നു
X

തമിഴ്നാട്ടില്‍ ബസ് സമരം എട്ടാം ദിവസവും തുടരുന്നു

സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നും അനുകൂല നീക്കമുണ്ടായാല്‍ സമരം ഇന്ന് അവസാനിപ്പിച്ചേക്കും

ശമ്പള വര്‍ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാര്‍ നടത്തുന്ന സമരം എട്ടാം ദിവസവും തുടരുന്നു. സമരം പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോതി ഇന്നലെ പരിഗണിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 2.44 ശതമാനം വര്‍ധനവുണ്ടായാല്‍ സമരം അവസാനിപ്പിയ്ക്കാമെന്ന് തൊഴിലാളി നേതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നും അനുകൂല നീക്കമുണ്ടായാല്‍ സമരം ഇന്ന് അവസാനിപ്പിച്ചേക്കും. വിരമിച്ചവര്‍ക്കുള്ള കുടിശ്ശികയുടെ ആദ്യഘഡു 750 കോടി രൂപ പൊങ്കലിനു മുന്‍പായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇന്നലെ സഭയില്‍ അറിയിച്ചിരുന്നു. അതേസമയം ഇന്നു മുതല്‍ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃതവത്തില്‍ ലേബര്‍ കമ്മിഷണര്‍ ഓഫിസിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

കുംഭകോണത്ത് കുടുംബസമേതം റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ ഇരുപത് ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിഗുന്നു. ഇവരെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കോര്‍പറേഷന്‍ പുറത്തിറക്കി. സമരം തുടരുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ മറ്റു ജില്ലകളിലേയ്ക്കും ഉണ്ടായേക്കും. കൂടാതെ, ഡയസ്നോണ്‍ അടക്കമുള്ള കാര്യങ്ങള്‍ ജീവനക്കാര്‍ക്കെതിരെ പ്രയോഗിയ്ക്കുമെന്നും സര്‍ക്കാര്‍ സൂചനകള്‍ നല്‍കുന്നുണ്ട്.

ജീവനക്കാരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവും ശക്തമായുണ്ട്. കഴിഞ്ഞദിവസം രാവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്കു ശേഷം സഭയില്‍ സംസാരിച്ച മുഖ്യമന്ത്രി സമരം നിര്‍ത്താന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴായിരം കോടി രൂപയാണ് ജീവനക്കാര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ളത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി നിലനില്‍ക്കുന്നതാണിത്. ഇത് വേഗത്തില്‍ പരിഹരിയ്ക്കാന്‍ സാധിയ്ക്കില്ല. പൊങ്കല്‍ ബോണസ് 13നകം വിതരണം ചെയ്യും. എന്നാല്‍, ശമ്പള കുടിശ്ശികയും പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും ലഭിയ്ക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.

TAGS :

Next Story