ഡിജിറ്റല്‍ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ഡിജിറ്റല്‍ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിശ്ചിത മുല്യമോ നിയമ സാധുതയോ ഇല്ല
ഡിജിറ്റല്‍ കറന്‍സികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിശ്ചിത മുല്യമോ നിയമ സാധുതയോ ഇല്ല. നഷ്ടം സഭവിച്ചാല്‍ ആര്‍.ബി.ഐ യോ സര്‍ക്കാരോ ഉത്തരവാദിയാകില്ലെന്നും ധനകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ കറന്‍സികളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് കേന്ദ്രധനകാര്യമന്ത്രാലയം മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. സാങ്കല്‍പിക കറന്‍സിക്ക് നിശ്ചിത മൂല്യമില്ലെന്നും ഒരു തരത്തിലുള്ള ഈടിന്റെയും ഉറപ്പിന്റെയും അടിസ്ഥാനമില്ലാതെയാണ് ഇവ വിനിമയം ചെയ്യപ്പെടുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. വിലയില്‍ ഏതു സമയവും കനത്ത ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുവഴി ചെറുകിട ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെട്ടേക്കാം. പണം ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ചു വെക്കുന്നതിനാല്‍ ഹാക്ക് ചെയ്യാനും വൈറസ് ആക്രമണത്തിനും സാധ്യതയുണ്ട്. രഹസ്യരൂപത്തിലുള്ള വിനിമയമായതിനാല്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പണം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സാങ്കല്‍പിക കറന്‍സികളുടെ വിനിമയത്തിന് കേന്ദ്രസര്‍ക്കാരോ റിസര്‍വ്വ് ബാങ്കോ ഒരു വിധത്തിലുള്ള അംഗീകാരവും നല്‍കിയിട്ടില്ല. കൈമാറ്റത്തിനായി എക്സ്ചേഞ്ചുകള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16