Quantcast

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം വിഘടനവാദികളുമായി ചര്‍ച്ചക്ക്

MediaOne Logo

Subin

  • Published:

    11 May 2018 5:46 AM GMT

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം വിഘടനവാദികളുമായി ചര്‍ച്ചക്ക്
X

കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം വിഘടനവാദികളുമായി ചര്‍ച്ചക്ക്

കശ്മീരില്‍ സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ വിഘടനവാദികള്‍ക്ക് പിന്തുണ വര്‍ധിച്ചതാണ് സര്‍ക്കാരിനെ ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്നത്. കശ്മീരിന്‍റെ വിവിധമേഖലകളില്‍ സംഘര്‍ഷം തുടരുകയാണ്.

കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. കശ്മീരില്‍ സംഘര്‍ഷം വ്യാപകമായ സാഹചര്യത്തില്‍ വിഘടനവാദികള്‍ക്ക് പിന്തുണ വര്‍ധിച്ചതാണ് സര്‍ക്കാരിനെ ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്നത്. കശ്മീരിന്‍റെ വിവിധമേഖലകളില്‍ സംഘര്‍ഷം തുടരുകയാണ്. 1990 ന് ശേഷം ആദ്യമായാണ് കശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഒരു മാസം നീണ്ടു നില്‍ക്കുന്നത്.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം കഴിഞ്ഞ 15 വര്‍ഷത്തിനിടെ കശ്മീര്‍ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇടവരുത്തിയത്. സ്വതന്ത്ര്യകശ്മീര്‍ വാദമുയര്‍ത്തി കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരിലാകെ നടന്നത് 1000ക്കണക്കിന് റാലികളാണ്. നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ മുതിര്‍ന്ന നേതാവ് ഇഫ്തിഖാര്‍ ഹുസൈന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്ര്യകശ്മീരികള്‍ക്കൊപ്പം ചേര്‍ന്നു.

ആളിയും അണഞ്ഞും നിന്ന വിഘടനവാദ രാഷ്ട്രീയത്തിന് പിന്തുണയേറിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്താന്‍ നീക്കം നടത്തുന്നത്. ഹുറിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ള വിഘടനവാദ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് താല്‍ക്കാലികമായെങ്കിലും പരിഹാരം കാണാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. വിഘടനവാദികളുമായി പാക് ഭരണകൂടം അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നതും കേന്ദ്രത്തെ ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്നു.

കശ്മീരിലെ പട്ടാളനടപടി ആഗോളതലത്തില്‍ തന്നെ വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കശ്മീരില്‍ ഇത്രനീണ്ടുനിന്ന പ്രക്ഷോഭം നടന്നിട്ടില്ല. ഓരോ ദിവസവും നൂറു കണക്കിന് പ്രതിഷേധപ്രകടനങ്ങളാണ് കശ്മീരിലെങ്ങും നടക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് സംഘര്‍ഷമേഖലകളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ 30 ദിവസം പിന്നിട്ടു. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ വെള്ളിയാഴ്ച മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. പരിക്കേറ്റവരുടെ എണ്ണം ആറായിരത്തിന് മുകളിലാണ്.

TAGS :

Next Story