Quantcast

ഉറി ഭീകരാക്രമണം: സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്‍കരിക്കും

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 7:16 PM GMT

ഉറി ഭീകരാക്രമണം: സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്‍കരിക്കും
X

ഉറി ഭീകരാക്രമണം: സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്‍കരിക്കും

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നവംബറില്‍ ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കും.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നവംബറില്‍ ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കും. ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. അക്രമത്തില്‍ അമേരിക്ക ആശങ്ക അറിയിച്ചു.

അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പാകിസ്താനെ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി നവംബര്‍ ഒമ്പതിനും പത്തിനുമാണ് ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കും. വിഷയത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ ഷെയ്ദ മുഹമ്മദ് അബ്ദാലി രംഗത്തെത്തി. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കും അഫ്ഗാനിസ്ഥാനുമൊപ്പം ലോകരാജ്യങ്ങളും ഒന്നിക്കണം. മേഖലയില്‍ സമാധാനവും ഐക്യവും തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അബ്ദാലി പറഞ്ഞു. വിഷയത്തില്‍ മധ്യസ്ഥത ആവശ്യപ്പെട്ട് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് കുടിക്കാഴ്ച നടത്തി. എന്നാല്‍ പാകിസ്താന്‍ ആദ്യം സ്വന്തം തട്ടകം തീവ്രവാദ മുക്തമാക്കണമെന്ന നിലപാടിലാണ് ഇന്ത്യ. ഹാഫിസ് സഈദിനെയും സയ്യിദ് സലാഹുദ്ദിനെയും പാക് സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രസ്താവന നടത്തും. പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ലോകരാജ്യങ്ങള്‍ക്ക് കൈമാറും. ഉറി സംഭവത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് കൈമാറുക.

TAGS :

Next Story