തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഹിന്ദുത്വം ഉപയോഗിക്കാമോ ? സുപ്രിംകോടതിയില്‍ വാദം തുടങ്ങി
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഹിന്ദുത്വം ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാകുമോ എന്നതില്‍ സുപ്രിംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ചില്‍ വാദം ആരംഭിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഹിന്ദുത്വം ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാകുമോ എന്നതില്‍ സുപ്രിംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ചില്‍ വാദം ആരംഭിച്ചു. 1993 ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വത്തിന്റെ പേരില്‍ വോട്ട് ചോദിച്ച ശിവസേന സ്ഥാനാര്‍ഥി മനോഹര്‍ ജോഷിയുടെ തെരഞ്ഞെടുപ്പ് മുംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹിന്ദുത്വം മതമല്ലെന്നും ജീവിത രീതിയാണെന്നും അഭിപ്രായപ്പെട്ട അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് വര്‍മ ഹൈക്കോടതി വിധി തെറ്റാണെന്ന് ഉത്തരവിട്ടു. ഈ ഉത്തരവും ഏഴംഗ ബെഞ്ച് പുനപ്പരിശോധിക്കും.
ഹിന്ദുത്വം മതമല്ലെന്നും ജീവിത രീതിയാണെന്നും അതിന്റെ പേരില്‍ ആരെങ്കിലും വോട്ട് ചോദിച്ചാല്‍ മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്ന് വ്യാഖ്യാനിക്കാനാകില്ലെന്നും 1995 ലാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ജെഎസ് വര്‍മയുടെ അധ്യക്ഷതയിലുള്ള മൂന്നഗം സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടത്. 1993ലെ തെരഞ്ഞെടുപ്പില്‍, ശിവസേനയെ ജയിപ്പിച്ചാല്‍ മഹാരാഷ്ട്രയെ ഹിന്ദുരാജ്യമാക്കി മാറ്റുമെന്ന് പറഞ്ഞ് വോട്ട് പിടിച്ച ശിവസേന നേതാവ് മനോഹര്‍ ജോഷിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ മുംബൈ ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ ഈ വിധി. സമാനമായ മറ്റൊരു പരാതിയില്‍ ബിജെപി നേതാവ് അഭിരാം സിങ്ങിന്റെ അപ്പീല്‍ പരിഗണിക്കവേ 2014ല്‍ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഈ വിഷയം ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 123 മൂന്ന് എ വകുപ്പിന് ഭരണഘടനപരമായ വ്യാഖ്യാനം നല്‍കലാണ് ബെഞ്ചിന്റെ പ്രധാന ചുമതല. മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് അഴിമതിയായി നിര്‍വചിക്കുന്നതാണ് ഈ വകുപ്പ്. മതത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് അഴിമതിയുടെ പരിധിയില്‍ പെടുത്താമോ എന്നകാര്യത്തില്‍ ബെഞ്ച് അന്തിമ തീരുമാനം എടുക്കും.
Adjust Story Font
16