പതിനഞ്ച് വര്‍ഷത്തിനിടെ നടന്ന മോശം സമ്മേളനം: ഖജനാവിനുണ്ടായത് 36 കോടി രൂപയുടെ നഷ്ടം
പതിനഞ്ച് വര്‍ഷത്തിനിടെ നടന്ന മോശം സമ്മേളനം: ഖജനാവിനുണ്ടായത് 36 കോടി രൂപയുടെ നഷ്ടം
ശൈത്യകാല സമ്മേളനത്തിനിടെ പാസ്സായത് രണ്ട് ബില്ലുകള്‍ മാത്രം
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഭരണ - പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയപ്പോള്‍ ഖജനാവിനുണ്ടായത് ഏകദേശം 36 കോടി രൂപയുടെ നഷ്ടം. 15 വര്‍ഷത്തിനിടെ നടന്ന ഏറ്റവും മോശപ്പെട്ട പാര്‍ലമെന്റ് സമ്മേളനമായാണ് ഇത്തവണത്തെ ശൈത്യകാല സമ്മേളനം വിലയിരുത്തപ്പെടുന്നത്. നോട്ട് അസാധുവാക്കലിലും വിവിധ അഴിമതി ആരോപണങ്ങളിലും സഭയുടെ പ്രവര്‍ത്തി ദിനങ്ങള്‍ പ്രക്ഷുബ്ധമായപ്പോള്‍ പാസ്സായത് രണ്ട് ബില്ലുകള്‍ മാത്രം. പാര്‍ലമെന്റ് സമ്മേളിച്ച 21 ദിവസങ്ങളില്‍ ഒരു ദിവസം പോലും സഭ നടപടികള്‍ സുഗമമായി നടന്നില്ല.
നവംബര്‍ 16 മുതല്‍ ഡിസംബര്‍ 16 വരെയായിരുന്നു പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം. പരിഗണനയിലുണ്ടായിരുന്നത് 19 ബില്ലുകള്] ഇതില് നിര്‍ണ്ണായകമായ ജിഎസ്ടി ബില്ലും ഈ സമ്മേളനത്തില്‍ തന്നെ പാസ്സാക്കിയെടുക്കാമെന്ന പ്രതീക്ഷയായിരുന്നു കേന്ദ്രത്തിനുണ്ടായിരുന്നത്. സമ്മേളനത്തിന് ഏതാനും ദിവസങ്ങള്ക്ക് മുന്പ് നടന്ന നോട്ടസാധുവാക്കല് പ്രഖ്യാപനം എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു. അവധി ദിവസങ്ങള്‍ കഴിച്ച് സഭ ചേര്‍ന്നത് 20 ദിവസം. അതില്‍ അന്തരിച്ച നേതാക്കള്‍ക്ക് അനുശോചനമറിയിച്ച് പിരിഞ്ഞ 2 ദിവസമൊഴിച്ചാല്‍ 18 ദിവസും പ്രതിഷേധം മാത്രമായിരുന്നു ഉയര്‍ന്ന് കേട്ടത്. നിശ്ചയിച്ചിരുന്ന സമയത്തിനില്‍ നിന്നും ലോക്സഭക്ക് 107 ഉം രാജ്യസഭക്ക് 101 മണിക്കൂറുകളുമാണ് നഷ്ടമായത്. ഭരണ - പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ലിസ്റ്റ് ചെയ്ത 330 ചോദ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് വാക്കാല് ഉത്തരം നല്‍കിയത്. ലോക്സഭയില്‍ 11 ശതമാനം ചോദ്യങ്ങള്ക്കും. ഇരു സഭകളിലുമായി 8 മണിക്കൂറിലധികമാണ് നോട്ട് അസാധുവാക്കല്‍ ചര്‍ച്ചയായത്. ശൈത്യകാല സമ്മേളനത്തില്‍ 19 ബില്ലുകള്‍ പരിഗണനക്കെടുത്തെങ്കിലും സഭയിലെത്തിയത് 8 എണ്ണം. അതില്‍ രണ്ടെണ്ണം മാത്രമാണ് പാസ്സായത്. ആദായ നികുതി ഭേദഗതി ബില്ലും വികലാംഗ അവകാശ ഭേദഗതി ബില്ലും. സഭ പ്രക്ഷുബ്ധമായി പിരിഞ്ഞ ഓരോ ദിവസത്തെയും നഷ്ടം 2 കോടി. അങ്ങനെയാകുമ്പോള് ശൈത്യകാല സമ്മേളനം കൊണ്ട് സര്‍ക്കാരിനുണ്ടായത് 36 കോടി രൂപയുടെ നഷ്ടം.
Adjust Story Font
16