പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് അന്തരിച്ചു
പ്രശസ്ത നര്‍ത്തകിയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് അന്തരിച്ചു. 96 വയസ്സായിരുന്നു.
പ്രശസ്ത നര്‍ത്തകിയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് വിക്രം സാരാഭായിയുടെ ഭാര്യയുമായ മൃണാളിനി സാരാഭായ് അന്തരിച്ചു. 96 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് അഞ്ച് മണിക്ക് ഗാന്ധിനഗറിലെ പേട്ടാപ്പൂരില്‍ നടക്കും.
നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഉപാസക മൃണാളിനി സാരാഭായിയെ നര്‍ത്തകി, നൃത്ത സംവിധായിക, എഴുത്തുകാരി, മികച്ച സംഘാടക, സാമൂഹ്യ പ്രവര്‍ത്തക എന്നിങ്ങനെ ഏത് രീതിയില്‍ വിശേഷിപ്പിച്ചാലും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. നൃത്തത്തെ ജീവവായുവായി ചേര്‍ത്തുപിടിക്കുമ്പോഴും നിരവധി നോവലുകളും കവിതകളും കുട്ടികള്‍ക്ക് വേണ്ടിയുള്ള കഥകളും അവര്‍ എഴുതിയിട്ടുണ്ട്. മൃണാളിനി സാരാഭായ് ദി വോയ്‌സ് ഓഫ് ദി ഹാര്‍ട്ട് എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. ദര്‍പ്പണ അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ സ്ഥാപക ഡയറക്ടറായ മൃണാളിനി സര്‍വ്വോദയ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ ട്രസ്റ്റി, ഗുജറാത്ത് ഹാന്‍ഡ്‌ലൂം ചെയര്‍പേഴ്‌സണ്‍, നെഹ്‌റു ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
ഭാരതീയ ശാസ്ത്രീയ നൃത്തത്തിന്റെ പ്രാധാന്യവും മഹത്വവും ലോകമറിഞ്ഞത് പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടില്‍ ഡോ. സ്വമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി ജനിച്ച മൃണാളിനിയിലൂടെയായിരുന്നു. അതിന് പകരമായി പത്മശ്രീ, പത്മഭൂഷണന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം മൃണാളിനിയെ ആദരിച്ചു. നര്‍ത്തകിയും നടിയുമായ മല്ലികാ സാരാഭായി. കാര്‍ത്തികേയന്‍ സാരാഭായ് എന്നിവര്‍ മക്കളാണ്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഐഎന്‍എ പ്രവര്‍ത്തകയുമായ ക്യാപ്റ്റന്‍ ലക്ഷ്മിയും മദ്രാസ് അറ്റോര്‍ണി ജനറല്‍ ഗോവിന്ദ് സ്വാമിനാഥനും മൃണാളിനിയുടെ സഹോദരങ്ങളാണ്.
Adjust Story Font
16