Quantcast

മദ്യപിച്ച് സമനില തെറ്റി കോണ്‍സ്റ്റബിള്‍ 100 ല്‍ വിളിച്ചു; മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി

MediaOne Logo

Khasida

  • Published:

    12 May 2018 7:45 PM GMT

മദ്യപിച്ച് സമനില തെറ്റി കോണ്‍സ്റ്റബിള്‍ 100 ല്‍ വിളിച്ചു; മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി
X

മദ്യപിച്ച് സമനില തെറ്റി കോണ്‍സ്റ്റബിള്‍ 100 ല്‍ വിളിച്ചു; മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണി

കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ അമിതമായി മദ്യപിച്ച് സമനില തെറ്റിയതാണ് കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് വധഭീഷണിയുമായി പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തിയ ഒരു ഫോണ്‍കോള്‍ മൂലം, ആകെ ആശയക്കുഴപ്പത്തിലായിരിക്കയാണ് ഡല്‍ഹിയിലെ പൊലീസ് നേതൃത്വം. വെള്ളിയാഴ്ച രാത്രിയാണ് ഫോണ്‍ വന്നത്. വിളിച്ചയാളെ പിടിച്ചു. സര്‍വീസിലുള്ള ഒരു പൊലീസ് കോണ്‍സ്റ്റബിള്‍തന്നെ. ഇയാള്‍ക്കെതിരെ എന്ത് നടപടിയെടുക്കും എന്നതാണ് ഇപ്പോള്‍ പൊലീസിനെ കുഴക്കുന്നത്.

താന്‍ അമിതമായി മദ്യപിച്ച് സമനില തെറ്റിയവനെപ്പോലെ പെരുമാറുകയായിരുന്നുവെന്നാണ് തന്നെ ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഈ പൊലീസുകാരന്‍ നല്‍കിയ മൊഴി. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ അമിതമായി മദ്യപിച്ച് സമനില തെറ്റിയതാണ് കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹരിയാന ബഹാദുര്‍ഗറിലെ ബംഡോലി ഗ്രാമ സ്വദേശിയണ് കോണ്‍സ്റ്റബിള്‍. പേര് വികാസ് കുമാര്‍. ഡല്‍ഹി പൊലീസിന്റെ സെവന്‍ത് ബറ്റാലിയന്‍ അംഗം.

വെള്ളിയാഴ്ച വൈകീട്ട് രോഹിണി ജില്ലയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ വന്നത്. പേരും ജോലിയും സഹിതം പരിചയപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിക്കെതിരായ വധഭീഷണി വികാസ് അറിയിച്ചത്.

ഉടന്‍ തന്നെ ഈ നമ്പറിലേക്ക് തിരിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആ നമ്പര്‍ സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് പൊലീസ് സഹായത്തോടെ വികാസിനെ കണ്ടെത്തി ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

താന്‍ ലിഫ്റ്റ് കൊടുത്ത അപരിചിതനായ ഒരു വ്യക്തിക്ക് അത്യാവശ്യമായി ഫോണ്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ മൊബൈല്‍ നല്‍കിയിരുന്നവെന്നാണ് ആദ്യം വികാസ് പൊലീസിനോട് പറഞ്ഞത്. പക്ഷേ പിന്നീട് പെട്ടെന്ന് തന്നെ ആ മൊഴി തിരുത്തി അയാള്‍ സത്യം പറയുകയായിരുന്നു.

TAGS :

Next Story