ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ രഹസ്യം പുറത്തായ സംഭവം: ഫ്രഞ്ച് കമ്പനി കോടതിയെ സമീപിച്ചു
ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ രഹസ്യം പുറത്തായ സംഭവം: ഫ്രഞ്ച് കമ്പനി കോടതിയെ സമീപിച്ചു
മുങ്ങിക്കപ്പലില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഓസ്ട്രേലിയന്‍ മാധ്യമം പുറത്ത് വിടാനിരിക്കവേയാണ് ഇത് തടയണമെന്ന് കമ്പനി ആവശ്യപ്പെട്ടത്
ഇന്ത്യയുടെ സ്കോര്‍പിയോന്‍ മുങ്ങിക്കപ്പലിന്റെ രഹസ്യ വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി കോടതിയെ സമീപിച്ചു. മുങ്ങിക്കപ്പലില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഓസ്ട്രേലിയന്‍ മാധ്യമം പുറത്ത് വിടാനിരിക്കവേയാണ് ഇത് തടയണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സുപ്രിം കോടതിയെ ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് സമീപിച്ചത്.
ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ഇന്ത്യക്ക് നിര്‍മ്മിച്ച് നല്‍കുന്ന അത്യാധുനിക മുങ്ങിക്കപ്പലായ സ്കോര്‍പിയോനിന്‍റെ അതീവ രഹസ്യ വിവരങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഓസ്ട്രേലിയന്‍ മാധ്യമം പുറത്ത് വിട്ടിരുന്നു. മുങ്ങിക്കപ്പലില്‍ ഉപയോഗിക്കുന്ന ആയുധങ്ങളെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ഈ മാധ്യമം ഉടന്‍ പുറത്ത് വിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കപ്പലില്‍ ഉപയോഗിക്കുന്ന ആന്‍റി ഷിപ്പ് മിസ്സൈലിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുങ്ങിക്കപ്പല്‍ സംബന്ധിച്ച കൂടുതല്‍ രഹസ്യവിവരങ്ങള്‍ പുറത്ത് വിടുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ സുപ്രിം കോടതിയെ സമീപിച്ചത്. വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ തങ്ങളുടെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ ബാധിക്കുമെന്നും കമ്പനിയുടെ പ്രസിദ്ധിക്ക് കോട്ടം തട്ടുമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ കപ്പലിന്‍റെ പ്രവര്‍ത്തനരീതിയെ കുറിച്ചുള്ള 22000 പേജ് വരുന്ന വിവരങ്ങളാണ് ചോര്‍ന്നത്. എന്നാല്‍ ചോര്‍ച്ച ഗൌരവതരമല്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. എന്നാല്‍ കപ്പലിലെ ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക എന്നതാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
Adjust Story Font
16