വര്‍ഷകാല സമ്മേളനം സമാപിച്ചു; 23 ബില്ലുകള്‍ പാസാക്കി
വര്‍ഷകാല സമ്മേളനം സമാപിച്ചു; 23 ബില്ലുകള്‍ പാസാക്കി
കര്‍ഷക പ്രതിസന്ധിയും ആള്‍ക്കൂട്ട കൊലപാതകങ്ങളുമെല്ലാം വിശദമായ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ ഇരുസഭകളിലുമായി 23 ബില്ലുകള്‍ പാസാക്കി
വര്‍ഷകാല സമ്മേളനത്തിന് ശേഷം പാര്‍ലമെന്‍റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കര്‍ഷക പ്രതിസന്ധിയും ആള്‍ക്കൂട്ട കൊലപാതകങ്ങളുമെല്ലാം വിശദമായ ചര്‍ച്ച ചെയ്ത സമ്മേളനത്തില്‍ ഇരുസഭകളിലുമായി 23 ബില്ലുകള്‍ പാസാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളും നടന്നു
ജൂലൈ 17ന് ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം പലപ്പോഴും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങിയെങ്കിലും വിവിധ ഭേദഗതി ബില്ലുകളില്‍ വിശദമായ ചര്‍ച്ചകള്‍ തന്നെ സഭയ്ക്കകത്ത് നടന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും കര്‍ഷക പ്രതിസന്ധിയുമെല്ലാം രൂക്ഷമായ സമയത്ത് ചേര്‍ന്ന സഭ പലപ്പോഴും പ്രക്ഷുബ്ധവുമായിരുന്നു. മൂന്ന് ആഴ്ച്ചയോളം നീണ്ടുനിന്ന സഭാ സമ്മേളനത്തില്‍ ലോക്സഭയില്‍ 14 ബില്ലുകളും രാജ്യസഭയില്‍ 9 ബില്ലുകളും പാസാക്കി. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ 29 മണിക്കൂര്‍ തടസപ്പെട്ടു.
അംഗങ്ങള്‍ ഹാജരല്ലാത്തതിനാല്‍ പിന്നാക്ക കമ്മീഷന്‍ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ പോയത് സര്‍ക്കാരിന് ഈ സഭാകാലയളവില്‍ തിരിച്ചടിയായി. ഇന്ത്യയുടെ വിദേശനയം സംബന്ധിച്ചും പ്രളയക്കെടുതി സംബന്ധിച്ചുമെല്ലാം ഇരുസഭകളിലും ചര്‍ച്ചകള്‍ നടന്നു. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പാര്‍ട്ടിമാറ്റവും നോട്ടയുമെല്ലാം സഭയെ പ്രക്ഷുബ്ധമാക്കി.
സഭയിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള 5 അംഗങ്ങളെ സസ്പെന്‍റ് ചെയ്തതും സഭാ നടപടികളെ തുടര്‍ച്ചയായി തടസപ്പെടുത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളുമെല്ലാം നടന്നതും ഇതേ കാലയളവിലാണ്. സീതാറാം യെച്ചൂരിയടക്കമുള്ള മുതിര്‍ന്ന നേതാക്കളും ഈ സമ്മേളനത്തോടെ കാലാവധി പൂര്‍ത്തിയാക്കി വിടവാങ്ങി.
Adjust Story Font
16