Quantcast

അഗസ്ത വെസ്റ്റ്ലാന്‍റ് വിഷയത്തില്‍ രാജ്യസഭയില്‍ ബഹളം

MediaOne Logo

admin

  • Published:

    14 May 2018 11:09 AM GMT

അഗസ്ത വെസ്റ്റ്ലാന്‍റ്  വിഷയത്തില്‍ രാജ്യസഭയില്‍ ബഹളം
X

അഗസ്ത വെസ്റ്റ്ലാന്‍റ് വിഷയത്തില്‍ രാജ്യസഭയില്‍ ബഹളം

ശൂന്യവേള രണ്ടു തവണ തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യോത്തര വേളയും ഇതേ വിഷയമുന്നയിച്ച് പൂര്‍ണമായി തടസ്സപ്പെടുത്തി.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ പാര്‍ലമെന്റില്‍ ഇന്നും ബഹളം. പാര്‍ലമെന്റിനകത്ത് അഭിപ്രായം പറയാതെ പുറത്ത് ആരോപണമുന്നയിച്ച പ്രധാനമന്ത്രി സഭയില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാ നടപടികള്‍ സ്തംഭിപ്പിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് നാലുതവണ സഭനിര്‍ത്തിവെച്ചു. ലോക്സഭയില്‍ ഇതേവിഷയമുന്നയിച്ച് പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയാവതരണത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഇറങ്ങിപ്പോയി.

അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ ആരോപണമുന്നയിച്ച സുബ്രഹ്മണ്യന്‍ സ്വാമി രേഖകള്‍ സമര്‍പ്പിയ്ക്കുന്നതില്‍ പരാജയപ്പെട്ടെന്നും അതിനാല്‍ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് രാജ്യസഭയില്‍ കോണ്‍ഗ്രസ് ആദ്യം പ്രതിഷേധമുയര്‍ത്തിയത്. എന്നാല്‍ താന്‍ സമര്‍പ്പിച്ചതെല്ലാം ഔദ്യോഗിക രേഖകളാണെന്ന് സ്വാമി സ്വയം സാക്ഷ്യപ്പെടുത്തി എഴുതി നല്‍കിയിട്ടുണ്ടെന്നും അതു തന്നെയാണ് സഭയിലെ രീതിയെന്നും ചെയര്‍ റൂളിംഗ് നല്‍കി. തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ ആരോപണം ഗുലാം നബി ആസാദ് ഉന്നയിച്ചത്. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വിഷയം സഭ ചര്‍ച്ച ചെയ്തപ്പോള്‍ ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചത് പാര്‍ലമെന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യലാണെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.

സഭ നടക്കുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ ചെയ്യുന്നത് ചട്ട ലംഘനമാണെന്ന് ആനന്ദ് ശര്‍മയും പറഞ്ഞു. എന്നാല്‍ സഭയ്ക്ക് പുറത്ത നടത്തിയ പരാമര്‍ശങ്ങളില്‍ ഇടപെടാനാവില്ലെന്ന് ചെയര്‍ പറഞ്ഞതോ‌ടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രധാനമന്ത്രി വിശദീകരണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യമുയര്‍ത്തി. ശൂന്യവേള രണ്ടു തവണ തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യോത്തര വേളയും ഇതേ വിഷയമുന്നയിച്ച് പൂര്‍ണമായി തടസ്സപ്പെടുത്തി.

TAGS :

Next Story