Quantcast

ഭോപ്പാല്‍ ഏറ്റുമുട്ടല്‍കൊല: ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങള്‍

MediaOne Logo

Alwyn

  • Published:

    15 May 2018 4:41 AM GMT

ഭോപ്പാല്‍ ഏറ്റുമുട്ടല്‍കൊല: ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങള്‍
X

ഭോപ്പാല്‍ ഏറ്റുമുട്ടല്‍കൊല: ഉത്തരം കിട്ടാത്ത 11 ചോദ്യങ്ങള്‍

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സിമി പ്രവര്‍ത്തകരായ എട്ടു വിചാരണ തടവുകാര്‍ ജയില്‍ ചാടുന്നത്(പൊലീസ് ഭാഷ്യം).

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സിമി പ്രവര്‍ത്തകരായ എട്ടു വിചാരണ തടവുകാര്‍ ജയില്‍ ചാടുന്നത്(പൊലീസ് ഭാഷ്യം). കിടക്കവിരികള്‍ കൂട്ടിക്കെട്ടിയായിരുന്നു 30 മീറ്റര്‍ വരെ ഉയരമുള്ള ജയിലിന്റെ മതില്‍ ഇവര്‍ ചാടിക്കടന്നത്. തടയാന്‍ ശ്രമിച്ച ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഇവര്‍ വധിച്ചതായും പൊലീസിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ജയില്‍ചാടിയ മുഴുവന്‍ പേരെയും പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്ന വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്. തോക്കുമായി എത്തിയ ജയില്‍ ഗാര്‍ഡിനെ സ്റ്റീല്‍ പ്ലേറ്റും സ്പൂണും ഉപയോഗിച്ചാണ് തടവുപുള്ളികള്‍ വധിച്ചതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍മുറിയുടെ ഇരുമ്പുവാതില്‍ തുറക്കാന്‍ ഉപയോഗിച്ചത് ടൂത്ത്ബ്രഷും തടികഷ്ണവും. പൊലീസിന്റെ ഈ വിശദീകരണങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ വളരെ ബാലിശമായാണ് ആര്‍ക്കും തോന്നുക. കാരണം മധ്യപ്രദേശിലെ തന്നെ ഏറ്റവും സുരക്ഷാവലയത്തിലുള്ള ജയിലുകളിലൊന്നാണിത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിസിടിവി കാമറകളും ഇടതടവില്ലാതെ റോന്തുചുറ്റുന്ന ഉദ്യോഗസ്ഥരും. ഒരാളെ മാത്രം വധിച്ച ശേഷം ആരുടെയും കണ്ണില്‍പെടാതെ ഇവര്‍ക്ക് എങ്ങനെ രക്ഷപെടാനായി എന്ന ചോദ്യത്തിനൊപ്പം ഉയരുന്ന മറ്റു ചോദ്യങ്ങള്‍ക്കും ഇനിയും ഉത്തരംകിട്ടിയിട്ടില്ല.

  • തീവ്രവാദ കേസുകളിലെ കുറ്റാരോപിതരായ എട്ടു പേരെയും ഒരു സെല്ലില്‍ തന്നെ പാര്‍പ്പിച്ചിരുന്നത് തന്നെ സുരക്ഷാക്രമീകരണങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ സുരക്ഷാ പാളിച്ച എങ്ങനെ സംഭവിച്ചു ?
  • 30 മീറ്ററോളം ഉയരമുള്ള മതില്‍ കടക്കുന്നതിന് ആവശ്യമായ നീളത്തില്‍ കൂട്ടിക്കെട്ടാന്‍ മാത്രം ബെഡ്ഷീറ്റുകള്‍ ഇവര്‍ക്ക് എവിടെ നിന്നു കിട്ടി ?
  • തടവുപുള്ളികള്‍ ജയിലില്‍ നിന്നു രക്ഷപെട്ട വിവരം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഉന്നത ഉദ്യോഗസ്ഥരെയോ അറിയിച്ചത് 90 മിനിറ്റിന് ശേഷമാണ്. എന്തുകൊണ്ട് ഈ കാലതാമസമുണ്ടായി ?
  • ജയിലിനുള്ളില്‍ മൂര്‍ച്ചകൂട്ടിയ സ്‍പൂണുകളും ഗ്ലാസും ആരാണ് ഇവര്‍ക്ക് എത്തിച്ചു നല്‍കിയത് ?

രാവിലെ പത്തരയോടെയാണ് ജയില്‍ചാടിയ എട്ടു പേരെയും ഏറ്റുമുട്ടലിലൂടെ വധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രിയാണ് ആദ്യമായി ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സമയം, ജയില്‍പുള്ളികളുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രി ഭുപേന്ദ്ര സിങിന്റെ വിശദീകരണം. എന്നാല്‍ ഇതിനു ശേഷം മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ തടവുപുള്ളികളുടെ കൈവശം തദ്ദേശനിര്‍മിത തോക്കുകളുണ്ടായിരുന്നുവെന്നായിരുന്നു പറഞ്ഞത്.

  • ഇവരുടെ പക്കല്‍ ആയുധമുണ്ടായിരുന്നോ ഇല്ലയോയെന്ന് തുടര്‍ അന്വേഷണത്തില്‍ വ്യക്തമാകും. എങ്കില്‍ തന്നെയും ആയുധധാരികളായിരുന്നെങ്കില്‍ ഇവര്‍ക്ക് എവിടെ നിന്ന് തോക്കുകള്‍ കിട്ടി ?
  • രാജ്യത്തെ ചില മാധ്യമങ്ങള്‍ വിചാരണത്തടവുകാരായ ഇവരെ ആദ്യം മുതല്‍ തീവ്രവാദികള്‍ എന്ന് മുദ്രകുത്തിയത് എന്തുകൊണ്ട് ?

ഇന്ന് പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ കൊല്ലപ്പെട്ട എട്ടു പേര്‍ക്കും തൊട്ടടുത്തു നിന്നാണ് വെടിയേറ്റിരിക്കുന്നതെന്നും ഇതുകാരണം വെടിയുണ്ടകള്‍ ശരീരം തുളച്ചുപുറത്തുപോയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. പിറകില്‍ നിന്നും വെടിയേറ്റിട്ടുണ്ട്. എല്ലാവരും കൊല്ലപ്പെട്ടും ഒരേയിടത് തന്നെ.

  • ആക്രമിക്കാന്‍ ശ്രമിച്ചെങ്കില്‍ തന്നെ അക്രമിയെ പൊലീസ് കൊന്നതിനു ശേഷം മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് കീഴടങ്ങാന്‍ അവസരം നല്‍കിയില്ല ?
  • ജയിലില്‍ നിന്നു രക്ഷപെട്ടത് പുലര്‍ച്ചെ, ജയില്‍ യൂണിഫോമിനു പകരം കൊല്ലപ്പെടുമ്പോള്‍ ഇവര്‍ ധരിച്ചിരുന്നത് ജീന്‍സും ഷര്‍ട്ടും ഷൂസും വാച്ചുമൊക്കെ. ഇതെങ്ങനെ സാധിച്ചു ?
  • ഗ്രാമവാസികള്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് ഇവരുടെ ഒളിത്താവളമായ പാറപ്പുറത്തെത്തിയത്. ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടും എന്തുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറാന്‍ ഇവര്‍ ശ്രമിച്ചില്ല ?
  • വെടിയുണ്ട മൂലമുണ്ടായ മുറിവുകളുടെ സ്വഭാവം എങ്ങനെ ? ഈ ചോദ്യത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ഉത്തരമായി. എല്ലാവരുടെയും അരക്ക് മുകളിലാണ് വെടിയേറ്റത്. ശരീരത്തിനുളളിലൂടെ വെടിയുണ്ട പുറത്തേക്ക് പോയി. ഇത് അടുത്ത് നിന്നാണ് വെടിയേറ്റതെന്നതിന്‍റെ സൂചനയാണ്.
  • ജയിലില്‍ നിന്നു രക്ഷപെട്ട ഇവര്‍ എട്ടു പേര്‍ വ്യത്യസ്ത ദിശകളിലേക്ക് തിരിയാതെ, പിടിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ഒരേയിടത്ത് തന്നെ തങ്ങാന്‍ തീരുമാനിച്ചത് എന്തുകൊണ്ട് ?

ഭോപ്പാല്‍ ജയില്‍ചാട്ടവും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ കൊലയും വ്യാജനിര്‍മിതിയാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് പൊലീസിന്റെയും അധികൃതരുടെയും വിശദീകരണങ്ങള്‍. അന്നേദിവസം സിസിടിവി കാമറകള്‍ തകരാറിലായിരുന്നുവെന്ന ചൂണ്ടിക്കാട്ടലും ദുരൂഹതയുണര്‍ത്തുന്നതാണ്. വരും ദിവസങ്ങളില്‍ നിഗൂഡതകള്‍ നീങ്ങി സത്യം പുറത്തുവരുമെന്ന് കരുതാം.

TAGS :

Next Story