മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
വായ്പാ തട്ടിപ്പു കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും നേരിട്ട് ഹാജരാകാതിരിക്കുകയും
വിവാദവ്യവസായി വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വായ്പാ തട്ടിപ്പു കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും നേരിട്ട് ഹാജരാകാതിരിക്കുകയും അന്വേഷണത്തോട് സഹകരിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മല്ല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇറക്കിയിരുന്നു.
രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നും 9000 കോടിയോളം രൂപ വായ്പയെടുത്ത വിവാദ മദ്യ വ്യവസായി വിജയ് മല്യ മാര്‍ച്ച് രണ്ടിനാണ് ലണ്ടനിലേക്ക് കടന്നത്. മല്യയെ തിരിച്ച് ഇന്ത്യയിലെത്തിക്കുമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മല്ല്യയുടെ പാസ്സ്പോര്‍ട്ട് റദ്ദാക്കിയത്. പാസ്‌പോര്‍ട്ട് നിയമം സെക്ഷന്‍ 10 എ പ്രകാരമാണ് പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നത്.
പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മല്ല്യയോട് വിദേശകാര്യ മന്ത്രാലയം വിശദീകരണം ആരാഞ്ഞിരുന്നെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമാണ് ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിദേശകാര്യ മന്ത്രാലയത്തോടും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസിനോടും ആവശ്യപ്പെട്ടതാണ്.
കേസുമായി ഇന്റര്‍പോളിനെ സമീപിക്കാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16