കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനൊരുങ്ങി പതഞ്ജലി
കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനൊരുങ്ങി പതഞ്ജലി
കാളകളെ അറുക്കാതെ ഊര്‍ജ്ജത്തിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ബാബാ രാംദേവ്
രാജ്യത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള പുതിയ ഉത്പന്നമാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ സഹായി ആചാര്യ ബാലകൃഷ്ണയും കൂടി പതഞ്ജലിയിലൂടെ അടുത്തതായി പുറത്തിറക്കാന്‍ പോകുന്നത്- കാളശക്തിയില്‍ നിന്ന് വൈദ്യുതി.
വൈദ്യുതിക്ഷാമത്തില്‍ നിന്ന് കര്‍ഷകരെ സഹായിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയുള്ള ഗവേഷണത്തിലായിരുന്നു തങ്ങളെന്നും, കഴിഞ്ഞ ഒന്നരവര്‍ഷത്തെ തങ്ങളുടെ പഠനഫലമാണ് കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന കണ്ടുപിടിത്തമെന്നും പതഞ്ജലി ടീം അവകാശപ്പെടുന്നു. കാളകളെ അറുക്കാതെ ഊര്‍ജ്ജത്തിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അവര്‍ വിശദീകരിക്കുന്നു.
പതഞ്ജലിയുടെ ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ പുതിയ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതിക്കുവേണ്ട തയ്യാറെടുപ്പുകളിലാണ് പതഞ്ജലി ഇപ്പോള്‍. കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ പതഞ്ജലി നടത്തിയിട്ടുണ്ടെന്നും ആചാര്യ ബാലകൃഷ്ണ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനായി ഇന്ത്യയിലെ ഒരു പ്രമുഖ വാഹന നിര്‍മാതാവിനെയും ഒരു തുര്‍ക്കി കമ്പനിയെയും സംരംഭത്തില്‍ പങ്കാളികളാക്കിയിട്ടുണ്ട് പതഞ്ജലി. പദ്ധതിയുടെ മൂലരൂപം തയ്യാറായിക്കഴിഞ്ഞെന്നും ഇനി അത് വികസിപ്പിച്ചാല്‍ മതിയെന്നും ടീം പതഞ്ജലി കൂട്ടിച്ചേര്‍ക്കുന്നു.
''ഇപ്പോള്‍ കാളകളെ പൊതുവെ അറുക്കാനാണ് ഉപയോഗിക്കുന്നത്. നമ്മള്‍ അവയുടെ മൂല്യം തിരിച്ചറിയണം. കാളകളെ രാവിലെ കൃഷിയിടങ്ങളിലും വൈകിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം. നമുക്ക് പഴമയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. പുരാതന ഭാരതത്തില്‍ കാളയെ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നും'' ആചാര്യ ബാലകൃഷ്ണ പറയുന്നു.
Adjust Story Font
16