ചികിത്സ നിഷേധിച്ച കുട്ടി പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു
ചികിത്സ നിഷേധിച്ച കുട്ടി പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു
കിടക്ക ഒഴിവില്ലാത്തതിനാല്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാനാവില്ലെന്നും അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഉത്തര്‍പ്രദേശില്‍ ചികിത്സാ സൗകര്യങ്ങള്‍ നിഷേധിച്ചതിന്റെ ഭാഗമായി രോഗി മരിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്ക ഒഴിവില്ലാത്തതിനെത്തുടര്‍ന്ന് അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ പിതാവിന്റെ തോളില്‍ക്കിടന്നാണ് അന്‍ശ് എന്ന കുട്ടി മരിച്ചത്. കുട്ടിയെ അടുത്ത ആശുപത്രിയിലേക്ക് മാറ്റാന്‍ വാഹന സൗകര്യമോ സ്‌ട്രെച്ചറോ സര്‍ക്കാരാശുപത്രിയില്‍ നിന്ന് നല്‍കിയില്ല.
ഒറീസ്സയില്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി 10 കിലോമീറ്റര്‍ സഞ്ചരിച്ച ദന മാഞ്ചിയുടെ അനുഭത്തിന് തൊട്ടു പിറകെയാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് മനഃസാക്ഷി മരവിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത പുറത്തു വന്നത്. കാണ്‍പൂരിനടുത്ത് ഫസല്‍ഗഞ്ചില്‍ പനിബാധിച്ചതിനെത്തുടര്‍ന്ന് അന്‍ശ് എന്ന കുട്ടിയെ പിതാവ് സുനില്‍ കുമാര്‍ തൊട്ടടുത്ത ആശുപത്രിയില്‍ കാണിച്ചിരുന്നു. എന്നാല്‍ പനി മാറാതിരിക്കുകയും ഞായറാഴ്ച രാത്രി കുട്ടി കൂടുതല്‍ ക്ഷീണിതനാവുകയും ചെയ്തതിനെത്തുടര്‍ന്നാണ് കാണ്‍പൂരിലെ ലാലാലജ്പത്‌റായ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കിടക്ക ഒഴിവില്ലാത്തതിനാല്‍ കുട്ടിയെ അഡ്മിറ്റ് ചെയ്യാനാവില്ലെന്നും അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അരകിലോമീറ്ററില്‍ താഴെ ദൂരയുള്ള ആശുപത്രിയിലേക്ക് അസുഖബാധിതനായ കുട്ടിയെ മാറ്റാന്‍ വാഹന സൊകര്യമൊന്നും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. തുടര്‍ന്ന് സുനില്‍ കുമാര്‍ ഒരു സ്‌ട്രെച്ചര്‍ നല്‍കാന്‍ അപേക്ഷിച്ചെങ്കിലും അതും നല്‍കിയില്ല. അതിനാല്‍ സുനില്‍ കുമാര്‍ മകനെ തോളിലെടുത്ത് കുട്ടികളുടെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്‍ശ് മരിച്ചതായി അവിടെയുള്ള ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
Adjust Story Font
16