Quantcast

ട്രെയിനുകളില്‍ ഇനി കാപ്റ്റന്‍മാരും

MediaOne Logo

Trainee

  • Published:

    21 May 2018 9:34 AM GMT

ട്രെയിനുകളില്‍ ഇനി കാപ്റ്റന്‍മാരും
X

ട്രെയിനുകളില്‍ ഇനി കാപ്റ്റന്‍മാരും

ഒരു യുവതിയുടെ പരാതിയാണ് പുതിയ ക്രമീകരണത്തിന് റയില്‍വേയെ പ്രേരിപ്പിച്ചത്.

ട്രെയിനുകളില്‍ യാത്രക്കാരെ സഹായിക്കാനും മുഴുവന്‍ മേല്‍നോട്ടത്തിനും ഇനി ട്രെയിന്‍ കാപ്റ്റന്‍മാരും. യാത്രക്കിടയിലുണ്ടാകുന്ന റിസര്‍വേഷന്‍, സുരക്ഷ, സീറ്റ് ലഭ്യത എന്നിവ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും യാത്രക്കാരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായാണ് പുതിയ സംവിധാനം. യാത്ര ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ക്യാപ്റ്റന്‍റെ സേവനം ലഭ്യമാകും.

നിലവില്‍ തീവണ്ടികളില്‍ യാത്ര സംബന്ധിയായ പരാതികള്‍ കൈകാര്യം ചെയ്യുന്നത് ടി ടി ഇമാരാണ്. സമയ പരിമിതിയുള്ളതിനാല്‍ ഇവര്‍ക്ക് കാര്യക്ഷമമായി ഇടപെടാന്‍ കഴിയാറില്ല. ദീര്‍ഘദൂര ട്രെയിനുകളിലടക്കം പാതിവഴിയില്‍ ഇവരുടെ ഡ്യൂട്ടി അവസാനിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.

കോച്ചുകളുടെ ശുചിത്വം, ജലലഭ്യത മുതല്‍ സുരക്ഷ വരെ എല്ലാ കാര്യങ്ങള്‍ക്കും ട്രെയിന്‍ ക്യാപ്റ്റന്‍മാരെ ബന്ധപ്പെടാം. ട്രെയിനുകളിലെ ജീവനക്കാരുടെ ഏകോപനവും ട്രെയിന്‍ ക്യാപ്റ്റന്‍റെ ചുമതലയായിരിക്കും. റിസര്‍വേഷന്‍ സംബന്ധിച്ച എസ്.എം.എസ് സന്ദേശത്തിലും ചാര്‍ട്ടിലും അതാത് വണ്ടികളിലെ ട്രെയിന്‍ ക്യാപറ്റന്‍മാരുടെ പേരും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തും.

സീനിയര്‍ ടി.ടി.ഐമാരെയാണ് ഇതിനായി നിയോഗിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് യാത്ര തിരിക്കുന്ന ചെന്നൈ മെയിലില്‍ ആദ്യമായി ട്രെയിന്‍ ക്യാപ്റ്റനെ ഏര്‍പ്പെടുത്തും. തിരുവനന്തപുരം-ചെന്നൈ മെയില്‍, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് മെയില്‍ തുടങ്ങി ആറ് ട്രെയിനുകളിലും ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കും.

ഒരു യുവതിയുടെ പരാതിയാണ് പുതിയ ക്രമീകരണത്തിന് റയില്‍വേയെ പ്രേരിപ്പിച്ചത്. ബുക്ക് ചെയ്തു ട്രെയിനില്‍ കയറിയെങ്കിലും ഇവരുടെ സീറ്റു ഏതാനും പുരുഷന്‍മാര്‍ കയ്യടിക്കയതിനാല്‍ ഇരിക്കാനായില്ല. പ്രശ്നം പരിഹരിക്കാന്‍ ടി ടി ഇ മാര്‍ക്കും കഴിയാതിരുന്നതോടെ ഇവര്‍ സതേണ്‍ റെയില്‍വേ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ക്ക് അടക്കം പരാതി നല്‍കുകയായിരുന്നു.

TAGS :

Next Story