Quantcast

സംഘടന തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അന്ത്യശാസനം തളളി കോണ്‍ഗ്രസ്‌

MediaOne Logo

Sithara

  • Published:

    21 May 2018 12:39 PM GMT

സംഘടന തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അന്ത്യശാസനം തളളി കോണ്‍ഗ്രസ്‌
X

സംഘടന തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അന്ത്യശാസനം തളളി കോണ്‍ഗ്രസ്‌

തീയ്യതി നിശ്ചയിച്ച്‌ അന്ത്യശാസനം നല്‍കാന്‍ അധികാരമില്ലെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‌ അയച്ച കത്തില്‍ കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടി

ജൂണ്‍ 15നകം സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അന്ത്യശാസനം തളളി കോണ്‍ഗ്രസ്‌. തീയ്യതി നിശ്ചയിച്ച്‌ അന്ത്യശാസനം നല്‍കാന്‍ അധികാരമില്ലെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‌ അയച്ച കത്തില്‍ കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി സമയം അനുവദിക്കണമെന്നും നേതാക്കളും പ്രവര്‍ത്തകരും നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിലായതിനാല്‍ ജൂണിനകം സംഘടനാ തിരഞ്ഞെടുപ്പ്‌ പ്രായോഗികമല്ലെന്നും കത്തില്‍ വിശദീകരിക്കുന്നു.

ജൂണ്‍ 15നകം സംഘടനാ തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട്‌ കഴിഞ്ഞ മാസം 30നാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കോണ്‍ഗ്രസിന്‌ അന്ത്യശാസനം നല്‍കിയത്‌. തിരഞ്ഞെടുപ്പിന്‌ ഒരു വര്‍ഷം കൂടി സമയം അനുവദിക്കണമെന്ന കോണ്‍ഗ്രസ്‌ ആവശ്യം തളളിയായിരുന്നു കമ്മീഷന്‍ നടപടി. ജൂണില്‍ തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കി ജൂലൈ 15നുളളില്‍ ഭാരവാഹിപട്ടിക സമര്‍പ്പിക്കണമെന്നതായിരുന്നു കമ്മീഷന്‍റെ നിര്‍ദേശം. എന്നാല്‍ കമ്മീഷന്‍ തീരുമാനം സ്വീകാര്യമല്ലെന്ന നിലപാടിലാണ്‌ കോണ്‍ഗ്രസ്‌. ഇക്കാര്യം വ്യക്തമാക്കി സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കത്തയച്ചു.

നിലവിലുള്ള കമ്മറ്റിക്ക് ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാനുള്ള തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടേതാണ്. പാര്‍ട്ടി ഭരണഘടന പ്രകാരം പ്രവര്‍ത്തക സമിതിക്ക് അതിനുള്ള അധികാരമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം ഭരണഘടനാപ്രകാരം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന പരിശോധിക്കുകയാണ് കമ്മീഷന്‍ ചെയ്യേണ്ടത്. അല്ലാതെ പാര്‍ട്ടികളുടെ സംഘടനാ തിരഞ്ഞെടുപ്പിനു തീയതിയും സമയവും നിശ്ചയിച്ച്‌ നല്‍കാന്‍ കമ്മീഷന്‌ അധികാരമില്ലെന്നും കത്തില്‍ പറയുന്നു.

നേതാക്കളും പ്രവര്‍ത്തകരും നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിലായതിനാല്‍ ജൂണിനകം സംഘടനാ തിരഞ്ഞെടുപ്പ്‌ പ്രായോഗികമല്ല. അതിനാല്‍ തിരഞ്ഞെടുപ്പിന്‌ ഒരു വര്‍ഷം കൂടി സമയം അനുവദിക്കണമെന്ന 2016 നവംബറിലെ പ്രവര്‍ത്തകസമിതി പ്രമേയത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുവെന്നും ഫെബ്രുവരി മൂന്നിനയച്ച കത്തില്‍ പറയുന്നു.

TAGS :

Next Story