ഗുജറാത്ത് കലാപത്തിലെ ക്രിമിനൽ ഗൂഢാലോചന: മോദിക്കെതിരായ ഹരജിയില്‍ വിധി 21ന്
ഗുജറാത്ത് കലാപത്തിലെ ക്രിമിനൽ ഗൂഢാലോചന: മോദിക്കെതിരായ ഹരജിയില്‍ വിധി 21ന്
കേസില്‍ പുതിയ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
ഗുജറാത്ത് കലാപത്തിലെ ക്രിമിനൽ ഗൂഢാലോചനയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് 59 പേരെയും പ്രതിചേർത്ത് അന്വേഷണം നടത്തണമെന്ന ഹരജിയിൽ ഗുജറാത്ത് ഹൈക്കോടതി ആഗസ്റ്റ് 21ന് വിധിപറയും. ഗുജറാത്ത് കലാപത്തിൽ തീയിട്ടുകൊന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഇഹ്സാൻ ജാഫരിയുടെ ഭാര്യ സകിയ ജാഫരിയും സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ നേതൃത്വത്തിലുള്ള സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സന്നദ്ധ സംഘടനയുമാണ് ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ ഹരജി നൽകിയത്.
ഗൂഢാലോചനയിൽ മോദിക്കും മറ്റ് 59 പേർക്കും പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സകിയ ജാഫരി ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിലെ വാദം ജൂലൈ മൂന്നിന് പൂര്‍ത്തിയായിരുന്നു. ബുധനാഴ്ച വിധി പറയാനായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോണിയ ഗോഖാനി തീരുമാനിച്ചത്. ഇതാണ് 21ലേക്ക് മാറ്റിയത്. കേസില്‍ പുതിയ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
2002 ഫെബ്രുവരി 28ന് അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലാണ് ജനക്കൂട്ടം ഇഹ്സാൻ ജാഫരി ഉള്‍പ്പെടെ 68 പേരെ കൊലപ്പെടുത്തിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട അംഗീകരിച്ച മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.എന്നാൽ, റിപ്പോർട്ട് തള്ളാനോ പുനരന്വേഷണത്തിനോ മജിസ്ട്രേറ്റ് തയാറായില്ലെന്ന് സകിയ ജാഫരിയുടെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. കീഴ്കോടതി സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ അവഗണിച്ചുവെന്നും സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന സാക്ഷികളുടെ മൊഴി പരിഗണിച്ചില്ലെന്നും അദ്ദേഹം ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
പ്രധാന സാക്ഷികളായ സഞ്ജീവ് ഭട്ട്, ആര്.ബി. ശ്രീകുമാര്‍, രാഹുല്‍ ശര്‍മ എന്നിവരുടെ മൊഴികളും തെഹല്‍ക മാഗസിന്റെ കണ്ടെത്തലുകളുമാണ് അവഗണിച്ചത്.2013 ഡിസംബറിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സകിയ ജാഫരിയുടെ ഹരജി തള്ളിയത്. ഇതേ തുടർന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിചേര്‍ക്കണമെന്നാണ് സകിയ ജാഫരി ഹരജിയില്‍ ആവശ്യപ്പെട്ടത്
Adjust Story Font
16