ജമ്മുകാശ്‍മീരില്‍ ഇന്നും ഹര്‍ത്താല്‍; സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ മരണം അഞ്ചായി
ജമ്മുകാശ്‍മീരില്‍ ഇന്നും ഹര്‍ത്താല്‍; സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ മരണം അഞ്ചായി
കുപുവാര ജില്ലയിലെ ഹന്ദ്വാരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈനികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രദേശത്ത് പ്രതിഷേധമുയര്‍ന്നത്
ജമ്മു കാശ്മീരില്‍ സുരക്ഷ സേനക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പതിനെട്ട് വയസ്സുകാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നും കാശ്മീരില്‍ ഹര്‍ത്താല്‍ ആചരിക്കും. കുപുവാര ജില്ലയിലെ ഹന്ദ്വാരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈനികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ ഇതുവരെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ചയാണ്, കുപുവാര ജില്ലയിലെ ഹന്ദ്വാരയില്‍ പതിനാറ് വയസ്സുകാരിയെ സൈനികന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ സുരക്ഷ സേന വെടിയുതിര്‍ക്കുകയും സ്ത്രീ അടക്കം നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കുപുവാര ജില്ലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയായിരുന്നു.
ഇന്നലെ ഹന്ദ്വാരക്ക് സമീപമുള്ള നത്നുസ ഗ്രാമത്തില്‍ നടന്ന പ്രതിഷേധം സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലായി മാറി. തുടര്‍ന്ന് സൈന്യം വെടിയുതിര്‍ക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പതിനെട്ട് വയസ്സുകാരനായ ആരിഫ് ഹുസ്സൈന്‍ ദര്‍ ആണ് മരിച്ചത്. ആരിഫ് ഹുസ്സൈന്‍റെ മരണത്തോടെ, സുരക്ഷ സേനക്കെതിരായ പ്രതിഷേധം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഹര്‍ത്താലാചരിക്കാന്‍ വിമത നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനിയും, യാസീന്‍ മാലിക്കും ആഹ്വാനം ചെയ്തു. അതേസമയം കുപുവാരയിലും സമീപ പ്രദേശങ്ങളിലും പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. ഇന്റര്‍ നെറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ക്കുള്ള വിലക്കും തുടരുകയാണ്.
Adjust Story Font
16