Quantcast

തുര്‍ക്കിയില്‍ ഗുല്ലനും കൂട്ടരും നടത്തിയത് ഭീകരത: ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍

MediaOne Logo

Sithara

  • Published:

    25 May 2018 8:19 PM GMT

തുര്‍ക്കിയില്‍ ഗുല്ലനും കൂട്ടരും നടത്തിയത് ഭീകരത: ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍
X

തുര്‍ക്കിയില്‍ ഗുല്ലനും കൂട്ടരും നടത്തിയത് ഭീകരത: ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍

ഗുല്ലനെ നാടുകടത്താന്‍ അമേരിക്ക തയാറാവണമെന്നാണ് തന്റെ രാജ്യത്തിന്റെ നിലപാടെന്ന് തുര്‍ക്കിയുടെ ഇന്ത്യന്‍ അംബാസഡര്‍ ഡോ: ബറാക് അക്കാപര്‍

ഫത്ത്ഹുല്ല ഗുല്ലനും കൂട്ടരും തുര്‍ക്കി ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കം ഭീകരതയാണെന്നും ഗുല്ലനെ നാടുകടത്താന്‍ അമേരിക്ക തയാറാവണമെന്നാണ് തന്റെ രാജ്യത്തിന്റെ നിലപാടെന്നും തുര്‍ക്കിയുടെ ഇന്ത്യന്‍ അംബാസഡര്‍ ഡോ: ബറാക് അക്കാപര്‍. ഗുല്ലനെ നാടുകടത്താന്‍ തയ്യാറാവാത്തിടത്തോളം അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുടെ സഹായം ഉണ്ടോയെന്ന് ജനങ്ങള്‍ സംശയിക്കുന്ന സാഹചര്യമുണ്ടാകും. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന ഇവരുടെ രഹസ്യമതത്തെ കുറിച്ച് ശേഖരിച്ച തെളിവുകള്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് കൈമാറുമെന്നും അക്കാപര്‍ ദല്‍ഹിയില്‍ അറിയിച്ചു.

പാശ്ചാത്യ രാജ്യങ്ങളുടെ ഒത്താശയോടെയാവാം തുര്‍ക്കിക്കെതിരെ നീക്കം നടന്നതെന്ന് അംബസഡര്‍ ഡോ: ബറാക് അക്കാപര്‍ ചൂണ്ടിക്കാട്ടി. ഫത്തുല്ലാ ഗുല്ലന്റെ ആശീര്‍വാദത്തോടെ ഇങ്ങനെയൊരു നീക്കം നടക്കുന്നത് നേരത്തെ തന്നെ തുര്‍ക്കി ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ ഉണ്ടായിരുന്നു. ഗുല്ലന്റെ രഹസ്യമതം പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ ഭീകരതയാണെന്നതിന് തുര്‍ക്കി സര്‍ക്കാറിന്റെ കയ്യില്‍ മതിയായ തെളിവുകളുമുണ്ട്. ഗുല്ലന്‍ അനുകൂലികളായ അട്ടിമറിക്കാര്‍ പാര്‍ലമെന്റ് മന്ദിരം ബോംബിട്ട് തകര്‍ത്തതും നിരായുധരായ ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ത്തതും ഭീകരതയുടെ പ്രത്യക്ഷ ഉദാഹരണമാണെന്ന് അക്കാപര്‍ കുറ്റപ്പെടുത്തി.

ജനാധിപത്യരാജ്യമായ തുര്‍ക്കി മതമൗലികവാദ രാജ്യമാകുകയാണെന്ന ആരോപണത്തെ അംബാസഡര്‍ തള്ളി. ജുഡീഷ്യറിയിലെയും സൈന്യത്തിലെയും ദേശവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ നേരത്തെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ശുദ്ധീകരണം മാത്രമാണ് ഇപ്പോഴുണ്ടായത്. തുര്‍ക്കിയിലെ സൈന്യം ലോകത്തെ ഏറ്റവും മികച്ച പട്ടാളങ്ങളില്‍ ഒന്നായി ഇനിയും നിലനില്‍ക്കും. എന്നാല്‍ തുര്‍ക്കി ഇനിയങ്ങോട്ട് പഴയ തുര്‍ക്കിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story