Quantcast

മുന്‍ സിപിഎം നേതാവ് അബ്ദുറസാക്ക് മൊല്ല തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

MediaOne Logo

admin

  • Published:

    25 May 2018 12:19 AM GMT

പശ്ചിമബംഗാളില്‍ മുന്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ അബ്ദുറസാക്ക് മൊല്ല തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ ബാങ്കര്‍ മണ്ഡലത്തില്‍ മത്സരിയ്ക്കുന്നത്.

പശ്ചിമബംഗാളില്‍ മുന്‍ സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ അബ്ദുറസാക്ക് മൊല്ല തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ ബാങ്കര്‍ മണ്ഡലത്തില്‍ മത്സരിയ്ക്കുന്നത്. സി.പി.എമ്മില്‍ നിന്ന് പുറത്തായ ശേഷം സ്വന്തം പാര്‍ട്ടി രൂപീകരിച്ച അബ്ദുറസാക്ക് മൊല്ല അത് വിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബംഗാളില്‍ യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ റോള്‍ നിര്‍വഹിയ്ക്കുന്നത് മമതാ ബാനര്‍ജിയാണെന്നും അതുകൊണ്ടാണ് താന്‍ തൃണമൂലില്‍ ചേര്‍ന്നതെന്നും അബ്ദുറസാക്ക് മൊല്ല പറഞ്ഞു.

സൌത്ത് 24 പര്‍ഗാന ജില്ലയിലെ ബാങ്കര്‍ മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 28 ശതമാനത്തോളം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടു തന്നെയാണ് അബ്ദു റസാക്ക് മൊല്ലയെ തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ മത്സരത്തിനിറക്കിയത്. സി.പി.എമ്മില്‍ നിന്ന് പുറത്തായ ശേഷം ഭാരതീയ നയ്ബിചാര്‍ പാര്‍ട്ടി രൂപീകരിച്ച് ന്യൂനപക്ഷ രാഷ്ട്രീയം സംസാരിച്ച റസാക്ക് മൊല്ല അത് വിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃണമൂല്‍ ബന്ധമുണ്ടാക്കിയതിന്റെ പേരില്‍ റസാക്ക് മൊല്ലയെ പുറത്താക്കിയതാണെന്ന് ചില നയ്ബിചാര്‍ പാര്‍ട്ടി നേതാക്കള്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി പിരിച്ചു വിട്ടാണ് താന്‍ തൃണമൂലില്‍ ചേര്‍ന്നതെന്നും മമതാ ബാനര്‍ജിയാണ് ഇപ്പോള്‍ ബംഗാളില്‍ യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ റോള്‍ കൈകാര്യം ചെയ്യുന്നതെന്നുമാണ് റസാക്ക് മൊല്ലയുടെ വിശദീകരണം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സി.പി.എം സോഷ്യലിസ്റ്റ് സ്വഭാവം നഷ്ടപ്പെട്ട് ബൂര്‍ഷ്വാ കൂട്ടുകെട്ടിലെത്തി. നിലവില്‍ ന്യൂനപക്ഷത്തിന്റെ രക്ഷക മമതാബാനര്‍ജിയാണെന്നും റസാക്ക് മൊല്ല പറഞ്ഞു.

ബംഗാളില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിന്‍ കീഴിലാണ് അവരുടെ സുരക്ഷിതത്വം. മമത ജനാധിപത്യത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകയാണ്. വര്‍ഗീയ വിരുദ്ധ പോരാളിയാണ്- മൊല്ല പറയുന്നു.

പക്ഷേ ബാങ്കര്‍ മണ്ഡലത്തിന്റെ ചരിത്രം തൃണമൂലിന് അത്ര പ്രതീക്ഷ നല്‍കുന്നതല്ല. 1972 മുതലിങ്ങോട്ടുള്ള ചരിത്രത്തില്‍ 2006 ല്‍ മാത്രമാണ് മണ്ഡലം സി.പി.എമ്മിനെ വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്. 2011 ല്‍ മമത തരംഗത്തിനിടയിലും സി.പി.എമ്മിലെ ബാദല്‍ ജമാദാറിനെ ബാങ്കര്‍ മണ്ഡലത്തിലെ ജനങ്ങള്‍ വിജയിപ്പിച്ചു. റാഷിദ് ഗാസിയാണ് ഇത്തവണ സി.പി.എം സ്ഥാനാര്‍ത്ഥി.

TAGS :

Next Story