Quantcast

മോദിയുടെ സന്ദര്‍ശനം കഴിഞ്ഞാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും

MediaOne Logo

Alwyn K Jose

  • Published:

    26 May 2018 8:17 PM GMT

മോദിയുടെ സന്ദര്‍ശനം കഴിഞ്ഞാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും
X

മോദിയുടെ സന്ദര്‍ശനം കഴിഞ്ഞാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും

സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാറായിട്ടും ഗുജറാത്തില്‍ മാത്രം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിപ്പിക്കുകയാണ്.

സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാറായിട്ടും ഗുജറാത്തില്‍ മാത്രം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിപ്പിക്കുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവും നാടകവും സ്വപ്ന പദ്ധതികളുടെ പ്രഖ്യാപനവുമൊക്കെ കഴിഞ്ഞാല്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പരിഹാസം.

പ്രതിപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍ പോലെ തന്നെ മോദി ഞായറാഴ്ച ഗുജറാത്തില്‍ ഒരിക്കല്‍ കൂടി സന്ദര്‍ശനം നടത്തുന്നുണ്ട്. ഭാവ്നഗര്‍, വഡോദര മേഖലകളിലെ സുപ്രധാന പദ്ധതികള്‍ ഉത്ഘാടനവും പ്രഖ്യാപനവും ഒക്കെ മോദി നാളെ നടത്തും. ഇതിന് ശേഷമായിരിക്കും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക. ഇതിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തുവന്നിട്ടുണ്ട്. അവസാന റാലിയും നടത്തിയ ശേഷം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ മോദിക്ക് അധികാരം നല്‍കിയിരിക്കുകയാണ് എന്നാണ് വിമര്‍ശം. ഭരൂച്ചിലെ ദേജില്‍ നിന്ന് ഭാവ്നഗറിലെ ഗോഥയിലേക്കുള്ള 615 കോടി രൂപയുടെ ഫെറി സര്‍വീസിന്‍റെ ആദ്യ ഘട്ട ഉത്ഘാടനം മോദി നാളെ നിര്‍വഹിക്കും. കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ നടന്ന പൊതു സമ്മേളനത്തില്‍ ഇതിനെ സ്വപ്ന പദ്ധതിയെന്നാണ് മോദി വിശേഷിപ്പിച്ചത്.

ദേജില്‍ നിന്ന് വഡോദരയിലേക്കാണ് മോദിയുടെ അടുത്ത യാത്ര. ഇവിടെ 1140 കോടി രൂപയുടെ എട്ട് ഭീമന്‍ പദ്ധതികളുടെ കല്ലിടല്‍ കര്‍മവും മോദി നിര്‍വഹിക്കും. ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തിയതി ഒക്ടോബര്‍ 12 ന് കമ്മീഷന്‍ പ്രഖ്യാപിച്ചെങ്കിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തിലെ തിയതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ ഇരു സംസ്ഥാനങ്ങളിലും ഡിസംബര്‍ 18 ന് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതിന്‍റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടന്നാലും ഇല്ലെങ്കിലും ഗുജറാത്തില്‍ വോട്ടെണ്ണല്‍ കൃത്യം 18 ന് തന്നെ നടത്തുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹസിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പേ ഗുജറാത്തില്‍ വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിന് വാഗ്ദാനങ്ങള്‍ കോരിച്ചൊരിയാന്‍ മോദിക്ക് അവസരമൊരുക്കുകയാണ് കമ്മീഷനെന്നും വിമര്‍ശമുണ്ട്.

TAGS :

Next Story