Quantcast

നോട്ട് നിരോധനം സര്‍ക്കാര്‍ നിര്‍ദേശമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക്

MediaOne Logo

Damodaran

  • Published:

    28 May 2018 10:31 PM GMT

നോട്ട് നിരോധനം സര്‍ക്കാര്‍ നിര്‍ദേശമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക്
X

നോട്ട് നിരോധനം സര്‍ക്കാര്‍ നിര്‍ദേശമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക്

എന്നാല്‍ നോട്ട് നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുമ്പോള്‍ തങ്ങളുടെ കറന്‍സി ചെസ്റ്റുകളില്‍ 94,660 കോടി രൂപ മൂല്യമുള്ള 2000ത്തിന്‍റെ നോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ആര്‍ബിഐയുടെ കണക്ക്....

നോട്ട് നിരോധനം റിസര്‍വ് ബാങ്ക് നിര്‍ദേശമായിരുന്നുവെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്‍ററി സമിതിക്ക് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച കുറിപ്പിലാണ് സര്‍ക്കാര്‍ വാദത്തിന് വിരുദ്ധമായ നിലപാടുള്ളത്. നോട്ട് നിരോധനത്തെ കുറിച്ച് ആലോചിക്കാനുള്ള നിര്‍ദേശം 2016 നവംബര്‍ എഴിന് കേന്ദ്ര സര്‍ക്കാരാണ് മുന്നോട്ട് വച്ചതെന്നും ഇത് പരിഗണിച്ച് പിറ്റേ ദിവസം ചേര്‍ന്ന റിസര്‍വ് ബാങ്കിന്‍റെ കേന്ദ്ര ബോര്‍ഡ് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നുവെന്നും ഏഴ് പേജുള്ള കുറിപ്പ് വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നാണ് നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് നോട്ട് നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്.

കള്ള നോട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കള്ളപ്പണത്തിന്‍റെ വിനിയോഗം, കള്ളപ്പണം എന്നിവ തടയുന്നതിനായി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് നവംബര്‍ ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ ഉപദേശിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൌലി അധ്യക്ഷനായ പാര്‍ലമെന്‍ററി സമിതി മുമ്പാകെ ഡിസംബര്‍ 22ന് റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച കുറിപ്പ് വ്യക്തമാക്കുന്നു, പണത്തിന്‍റെ നേരിട്ടുള്ള കൈമാറ്റം നടക്കുന്നതാണ് കള്ളപ്പണത്തിന് സഹായകരമാകുന്നതെന്നും സമാന്തര സാമ്പത്തികാവസ്ഥയുടെ കരിനിഴലില്‍ നിന്നും രക്ഷിച്ച് ഇന്ത്യയുടെ ധനകാര്യ മേഖലക്ക് കൂടുതല്‍ കരുത്ത് പകരാന്‍ കള്ളപ്പണമില്ലാതാക്കല്‍ സഹായകരമാകുമെന്നും കേന്ദ്രം സൂചിപ്പിച്ചിരുന്നതായി കുറിപ്പ് വ്യക്തമാക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാജ ഇന്ത്യന്‍ കറന്‍സി വ്യാപകമായി ഉപയോഗിച്ചു വരുന്നതായി റിപ്പോര്‍ട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

5000,10000 രൂപയുടെ മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കണമെന്ന് 2014 ഒക്ടോബര്‍ ഏഴിന് തന്നെ റിസര്‍വ് ബാങ്ക് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം 2016 മെയ് 18നാണ് 2000ത്തിന്‍റെ നോട്ടുകള്‍ പുറത്തിറക്കാന്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചത്. ഇതേ തുടര്‍ന്ന് പുതിയ രൂപത്തിലും ഭാവത്തിലും നിറത്തിലുമുള്ള നോട്ടുകള്‍ അടിയ്ക്കുന്നതാകും ഉചിതമെന്ന നിര്‍ദേശം മെയ് 27ന് റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ചു. 2016 ജൂണ്‍ ഏഴിന് കേന്ദ്രം ഇതിന് ഔദ്യോഗിക അനുമതി നല്‍കുകയും പുതിയ സീരീസിലുള്ള നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ 2016 ജൂണില്‍ അച്ചടിശാലകള്‍ക്ക് തങ്ങള്‍ നിര്‍ദേശം നല്‍കിയതായും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച കുറിപ്പില്‍ പറയുന്നു.

2000ത്തിന്‍റെ ഉള്‍പ്പെടെയുള്ള പുതിയ നോട്ടുകളുടെ അച്ചടി ആവശ്യത്തിന് പുരോഗമിച്ച ശേഷം പഴയ നോട്ടുകളുടെ പിന്‍വലിക്കല്‍ നടത്താമെന്ന് കുറിപ്പ് പറയുന്നു. എന്നാല്‍ നോട്ട് നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുമ്പോള്‍ തങ്ങളുടെ കറന്‍സി ചെസ്റ്റുകളില്‍ 94,660 കോടി രൂപ മൂല്യമുള്ള 2000ത്തിന്‍റെ നോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ആര്‍ബിഐയുടെ കണക്ക്, നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട 15 ലക്ഷം കോടിയുടെ കേവലം ആറ് ശതമാനം മാത്രമാണിത്. ഇതൊക്കെയാണെങ്കിലും തീര്‍ത്തും ഉചിതമായ സമയത്താണ് കേന്ദ്രം നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്നും ഇതിനെ പിന്തുണയ്ക്കാനുള്ള തങ്ങളുടെ തീരുമാനം ശരിയായിരുന്നുവെന്നും ആര്‍ബിഐ അവകാശപ്പെടുന്നുണ്ട്.

TAGS :

Next Story