Quantcast

നഗരത്തിരക്കില്‍ ജീവിതം ചവിട്ടിനീക്കാന്‍ പാടുപെടുന്നവര്‍

MediaOne Logo

Khasida

  • Published:

    28 May 2018 8:30 PM GMT

നഗരത്തിരക്കില്‍ ജീവിതം ചവിട്ടിനീക്കാന്‍ പാടുപെടുന്നവര്‍
X

നഗരത്തിരക്കില്‍ ജീവിതം ചവിട്ടിനീക്കാന്‍ പാടുപെടുന്നവര്‍

ഡല്‍ഹിയിലെ റിക്ഷാക്കാരുടെ ജീവിതം പകര്‍ത്തി മീഡിയ വണ്‍ ട്രൂത്ത് ഇന്‍സൈഡ്

രാജ്യം വികസനത്തില്‍ നിന്ന് വികസനത്തിലേക്ക് കുതിക്കുന്നതിന്റെ കണക്കുകള്‍ മാത്രമാണ് നമ്മുടെ കാതുകളിലെത്തുന്നത്. ഒരു ഭാഗത്ത് വികസിച്ച് മുന്നോട്ട് കുതിക്കുമ്പോള്‍ മറുഭാഗത്ത് അതിനൊപ്പം എത്താന്‍ കഴിയാതെ, കിതച്ച് ജീവിതം തള്ളി നീക്കുന്ന ഒരു കൂട്ടരുണ്ട്. ജീവിതം ചവിട്ടിനീക്കാന്‍ പാടുപെടുന്ന ഒരു വലിയ വിഭാഗം മനുഷ്യരുടെ ജീവിതത്തിലേക്കാണ് ഇത്തവണത്തെ മീഡിയ വണ്‍ ട്രൂത്ത് ഇന്‍സൈഡ് കടന്നുചെല്ലുന്നത്.

''ഞങ്ങളൊക്കെ വളരെ പാവപ്പെട്ടവരാണ്. റോഡ് അരികില്‍ കിടന്നുറങ്ങുന്നവര്‍. ഇതിനെക്കാള്‍ നന്നായി ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകില്ല. മറ്റ് ജോലികള്‍ക്ക് പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ആരും അത്തരത്തില്‍ വിളിക്കില്ല. ഞങ്ങള്‍ കുഴപ്പക്കാരാണെന്നാണ് പലരുടെയും വിചാരം. 22 വര്‍ഷമായി റിക്ഷ ചവിട്ടുകയാണ്. വീടും നാടും ഉപേക്ഷിച്ചതൊന്നുമല്ല. അവിടെ ജോലിയില്ലാത്തതിനാല്‍ ഇവിടെ വന്ന് നില്‍ക്കുന്നു. ഇവിടെ എന്ത് സംഭവിച്ചാലും നാട്ടില്‍ അറിയിക്കാറില്ല. കുട്ടികള്‍ സ്കൂളില്‍ പോകുന്നവരാണ്. അതുകൊണ്ട് തന്നെ എല്ലാദിവസവും ജോലിക്ക്പോകണം. വരുമാനം വളരെ കുറവാണ്. അച്ഛന്‍ മരിച്ചിട്ട് പോലും വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ഇത്രയും ദൂരം പെട്ടെന്ന് പോകാന്‍ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ക്ക് കഴിയില്ല. അതിന് ആവശ്യമായ പണം വേണ്ടേ. ഒന്നാം ക്ലാസ് മുതല്‍‌ ഞാന്‍ റിക്ഷയില്‍ കൊണ്ടുപോയിരുന്ന കുട്ടികള്‍ എന്റെ അത്രയും വലുതായി. ഞാന്‍ ഇപ്പോഴും റിക്ഷ ചവിട്ടുകയാണ്. ജീവിതത്തിന് ഒരു മാറ്റവും ഉണ്ടാകുന്നില്ല...''

ലാല്‍ദേവ്
റിക്ഷതൊഴിലാളി

ഇങ്ങനെ ഒരായിരം ദുരിതകഥകളുണ്ട് ഡിജിറ്റല്‍ ഇന്ത്യയുടെ തലസ്ഥാന നഗരിയിലെ സൈക്കിള്‍ റിക്ഷക്കാര്‍ക്ക് പറയാന്‍. പട്ടിണിയും തൊഴിലില്ലായ്മയുമായി ഡല്‍ഹിയില്‍ വന്നിറങ്ങിയവര്‍. ഡല്‍ഹിയുടെ തെരുവുകളിലൂടെ ഈ പെഡലുകള്‍ ആഞ്ഞ് ചവിട്ടിയിട്ടും ഇവരുടെ ജീവിത ദുരിതത്തിന് കുറവൊന്നുമില്ല. വഴിയരികില്‍ കിടന്നുറങ്ങാനും ആട്ടും തുപ്പും കേള്‍ക്കാനും മാത്രമാണ് ഇവരുടെ വിധി. കള്ളന്‍മാരും ലഹരിയടിമകളും എന്ന് പഴി. ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുമ്പില്‍ പല തവണ ദുരിതജീവിതം വിവരിച്ചിട്ടും യാതൊരു മാറ്റവും കണ്ടില്ലെന്ന് ഇവര്‍ നിരാശപ്പെടുന്നു‍. ഈ മുഷിഞ്ഞ മനുഷ്യരെ ഒരിക്കലെങ്കിലും അഭിമുഖീകരിക്കാതെ ഡല്‍ഹി മഹാനഗരത്തില്‍ ജീവിതം സാധ്യമാകില്ല.

കേരളത്തില്‍ ഒരു 35 വര്‍ഷത്തിനിടക്ക് ജനിച്ചവര്‍ക്ക് ഇങ്ങനെയൊരു കാഴ്ച ഓര്‍ക്കാനേ കഴിയില്ല. കേരളത്തിന് വെളിയിലേക്ക് സഞ്ചരിച്ചിട്ടില്ലാത്ത പുതുതലമുറക്ക് ഏതെങ്കിലും സിനിമകളില്‍ മാത്രം കണ്ട കൌതുകം മാത്രമാകും ഈ സൈക്കിള്‍ റിക്ഷകളും അതുവെച്ച് ജീവിതം ചവിട്ടി നീക്കുന്നവരും. കുട്ടിച്ചാത്തന്‍ സിനിമയിലെ സൈക്കിള്‍ റിക്ഷയല്ലാതെ മറ്റൊരു സൈക്കിള്‍ റിക്ഷയും യുവാക്കളുടെ ഓര്‍മ്മയിലുണ്ടാകാനും സാധ്യതയില്ല. കേരളത്തില്‍ കൊച്ചിയിലും കോഴിക്കോടും ഓരോ സൈക്കിള്‍ റിക്ഷകള്‍ ഇപ്പോഴുമുണ്ടെന്നത് പറഞ്ഞുകേട്ട് മാത്രമുള്ള അറിവ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോളാണ് ഡല്‍ഹിയിലെ സൈക്കിള്‍ റിക്ഷക്കാരുടെ എണ്ണം നമ്മേ അത്ഭുതപ്പെടുത്തുക.

രാജ്യതലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനില്‍ ആദ്യമിറങ്ങിയപ്പോള്‍ കണ്ട വിസ്മയ കാഴ്ച്ച നൂറ് കണക്കിന് സൈക്കിള്‍ റിക്ഷക്കാരാണ്. ആ കാഴ്ചയുടെ കൌതുകത്തിന് അപ്പുറത്തേക്ക് സവാരി ചെയ്താല്‍ ഈ റിക്ഷകളിലെ ജീവിതങ്ങള്‍ നമ്മേ ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകും. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ചവിട്ടി തീരുകയാണിവിടെ. ഡല്‍ഹിയില്‍ ആദ്യമായി എത്തുന്ന ഏതൊരു മലയാളിയും മനുഷ്യന്‍ ചവിട്ടുന്ന ഈ റിക്ഷകളില്‍ കയറാന്‍ ആദ്യം മടിക്കും. എന്നാല്‍ എല്ലുന്തിയ, മുഷിഞ്ഞ വസ്ത്രം ധരിച്ച, ഈ മനുഷ്യര്‍ താമസിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. കാരണം തലസ്ഥാന നഗരിയില്‍ ഈ റിക്ഷകളെ കടന്നല്ലാതെ നമുക്ക് സഞ്ചരിക്കാനാവില്ല. ഓരോ മെട്രോ സ്റ്റേഷനുകള്‍ക്കും ബസ് സ്റ്റോപ്പുകള്‍ക്കും മുന്നില്‍ നമ്മളേയും കാത്ത് ഇവര്‍ നില്‍പ്പുണ്ടാവും.

ഈ മനുഷ്യര്‍ എന്തുകൊണ്ടാണ് ഒരിക്കല്‍ പോലും ചിരിക്കാത്തതെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ആളുകള്‍ നടന്ന് വരാന്‍ സാധ്യതയുള്ള വഴികളിലേക്ക് കണ്ണും നട്ട് ഒരേ നില്‍പ്പാണ് ഇവര്‍. പരസ്പരം സംസാരിക്കുന്നത് പോലും ചുരുക്കും. വൈകുന്നേരം കുടിലുകളില്‍ തിരിച്ചെത്തുമ്പോള്‍ മുന്നില്‍ നിരക്കുന്ന ആവശ്യങ്ങളെ എങ്ങനെ നേരിടുമെന്ന ചിന്തയാകും ഈ മുഖങ്ങളിലെ ചിരി വറ്റിച്ചത്.

തലസ്ഥാനനഗരിയുടെ ഓരോ ചുവടിലും നമുക്ക് ഇവരെ കാണാം. രാജ്യത്ത് 20 ലക്ഷത്തോളം മനുഷ്യരുടെ വരുമാനമാര്‍ഗമാണ് ഈ സൈക്കിള്‍ റിക്ഷകള്‍. തലസ്ഥാന നഗരത്തില്‍ മാത്രമുള്ളത് ആറ് ലക്ഷത്തോളം സൈക്കിള്‍ റിക്ഷകള്‍. പത്ത് ലക്ഷത്തോളം ആളുകള്‍ ഇവിടെ ജീവിതം ഇങ്ങനെ ചവിട്ടി നീക്കുന്നു. ഡല്‍ഹി, കല്‍ക്കത്ത, ജയ്പൂര്‍, വാരണാസി, പോണ്ടിച്ചേരി, അമൃതസര്‍ എന്നീ നഗരങ്ങളിലാണ് സൈക്കിള്‍ റിക്ഷകള്‍ വ്യാപകമായി സഞ്ചാരത്തിന് ഉപയോഗിക്കുന്നത്.

1940 കളിലാണ് സൈക്കിള്‍ റിക്ഷകള്‍ ഡല്‍ഹിയില്‍ വ്യാപകമായത്. 1975 ലെ കണക്കുകള്‍ പ്രകാരം ഡല്‍ഹി നഗരത്തില്‍ ഇരുപതിനായിരം സൈക്കിള്‍ റിക്ഷകള്‍ക്കായിരുന്നു ലൈസന്‍സ് ഉണ്ടായിരുന്നത്. 41 വര്‍ഷങ്ങള്‍ക്കിപ്പുറത്തേക്ക് അത് 6 ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഒരു ദിവസം12 മുതല്‍ 15 വരെ മണിക്കൂറാണ് ഇവര്‍ റിക്ഷ ചലിപ്പിക്കുന്നത്. 10 രൂപക്ക് 2 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നത് തന്നെയാണ് ആളുകള്‍ക്ക് സൈക്കിള്‍ റിക്ഷകള്‍ പ്രിയങ്കരമാക്കുന്നത്. പത്തുരൂപയാണ് റിക്ഷയുടെ മിനിമം ചാര്‍ജ്ജ്.

ഒരു റിക്ഷാ തൊഴിലാളിക്ക് 150 രൂപ വരെയാണ് ശരാശരി ദിവസ വരുമാനം. ഒരു മാസത്തെ കണക്കെടുത്താല്‍ 3000 മുതല്‍ 4500 വരെ. ഒരു ദിവസം 50 രൂപയോ അതില്‍ കൂടുതലോ വാടകക്കാണ് റിക്ഷ ഉപയോഗിക്കുന്നത്. ബീഹാറിലാണ് മുഹമ്മദ് പരീതിന്റെ വീട്. ഇവിടെയെത്തിയിട്ട് ആറ് കൊല്ലമായി. ''പണ്ട് നന്നായി പൈസ ലഭിക്കുമായിരുന്നു. ഇപ്പോള്‍ കഷ്ടപ്പാടാണ്. ചൂട്കാലത്ത് കാര്യമായി പണി നടക്കുന്നില്ല. ആയിരം രൂപ വരെ കിട്ടിയ കാലം ഉണ്ടായിരുന്നുവെന്ന് പറയുന്നു മുഹമ്മദ് പരീത്. 15 വര്‍ഷമായി ഡല്‍ഹിയില്‍ റിക്ഷക്കാരനായി ജോലി ചെയ്യുന്ന രാജേഷ് 60 രൂപ ദിവസവാടകക്കാണ് റിക്ഷ ചവിട്ടുന്നത്. 12 മണിക്കൂറോളം ഓടിച്ചാല്‍‌ പണ്ടൊക്കെ 600 രൂപ കിട്ടുമായിരുന്നുവെന്നും മോദി സര്‍ക്കാര്‍ വന്നതിന് ശേഷം പണിയൊന്നുമില്ലെന്നും രാജേഷ് പറയുന്നു. രാത്രിയില്‍ മാര്‍ക്കറ്റില്‍ പണിക്ക് പോകും. അവിടെയാണ് രാത്രി ഉറങ്ങുക. രാവിലെ വീണ്ടും റിക്ഷാക്കാരനാകും രാജേഷ്. ചൂട്കാലത്ത് പകല്‍ സമയങ്ങളില്‍ വിശ്രമിക്കും. ഭക്ഷണം കടകളില്‍ നിന്നാണ്. രാത്രി ഉറക്കവും റിക്ഷകളില്‍ തന്നെ. പാവപ്പെട്ടവര്‍ ബുദ്ധിമുട്ടാനായി ജനിച്ചവരാണ്. വിദ്യാഭ്യാസവും ഇല്ല. ‍സര്‍ക്കാരും സഹായിക്കുന്നില്ലെന്ന് പറയുന്നു റിക്ഷാക്കാരനായ മുഹമ്മദ് യൂസഫ്.

100 രൂപ മാത്രമാണ് ഒരു ദിവസം ഒരു തൊഴിലാളിക്ക് ശരാശരി മിച്ചം പിടിക്കാനാവുക. ഭക്ഷണത്തിന് ചെലവാക്കുന്നത് വളരെ കുറഞ്ഞ തുകയാണെന്നോര്‍ക്കണം. ഇതില്‍ നിന്ന് മിച്ചം പിടിച്ച് വേണം വീട്ടിലേക്കുള്ളത് അയക്കാന്‍. ''എന്ത് പൈസ ലഭിക്കാന്‍. പൈസ ഒന്നും കിട്ടുന്നില്ല. അവര് തോന്നുന്നത് തരും. ചിലര് ചീത്ത പറയും. ചിലര് തല്ലും. ഇങ്ങനെയൊക്കെ ചെയ്താലും ഈ ജോലി ചെയ്യേണ്ടി വരുന്നു. അവര്‍ക്കെതിരെ തല്ലി നില്‍ക്കാനാവില്ല. ചിലര്‍ ബ്ലേഡ് ഉപയോഗിച്ച് ഉപദ്രവിക്കും.'' - വരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഹമ്മദ് സിദ്ദീഖ് പറഞ്ഞത് ഇങ്ങനെയാണ്.

മുഹമ്മദ് റയാന്‍ വീടുവിട്ട് വന്നിട്ട് 7 കൊല്ലത്തോളമായി. ഇവിടെ റിക്ഷ ച‌വിട്ടുകയാണെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. ഡല്‍ഹിയിലെ ഒരു കമ്പനിയില്‍ സാമാന്യം മെച്ചപ്പെട്ട ജോലി ചെയ്യുന്നുവെന്നാണ് ബീഹാറിലെ ഗ്രാമത്തിലുള്ള ഉമ്മയോടും ഉപ്പയോടും പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്യാമറയോട് മുഖം തിരിഞ്ഞ് നിന്നാണ് അവന്‍ സംസാരിച്ചത്. സ്കൂള്‍ വിദ്യാഭ്യാസം നന്നായി പൂര്‍ത്തിയാക്കിയതാണ്. വേറെ ജോലി ലഭിക്കാത്തത് കൊണ്ട് ഈ ജോലി തുടങ്ങിയതാണ്. ഇപ്പോഴും തുടരുന്നു. കേരളത്തിലുള്ള ചാനലാണെങ്കിലും. ഇന്റര്‍നെറ്റിലൂടെയൊക്കെ നാട്ടിലാരെങ്കിലും തന്റെ ജോലി കണ്ടാലോ എന്നാണ് റയാന്റെ പേടി.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുന്നു. വളരെ കുറച്ചു പേരൊക്കെ ഗ്രാമത്തിലെ കൃഷിപ്പണിയുടെ സമയങ്ങളില്‍ അവിടങ്ങളിലേക്ക് പോകും. കുടുംബാംഗങ്ങളുമായി ഒരുമിച്ച് താമസിക്കുന്നവര്‍ തീരെയില്ല എന്ന് തന്നെ പറയാം. പലരും ചെറുപ്പകാലത്ത് സൈക്കിളുമായി ജീവിതമഹാനഗരത്തിലേക്കിറങ്ങിയതാണ്. ജീവിതം കരുപിടുപ്പിക്കാനുള്ള ശ്രമത്തില്‍ വിവാഹവും കുടുംബജീവിതവും മറന്നുപോയവര്‍. 1995 മുതല്‍ ഡല്‍ഹിയിലെ റിക്ഷാവാലക്കാരനായ മുഹമ്മദ് യൂസഫ് ഇനിയും കല്യാണം കഴിച്ചിട്ടില്ല. കാരണം അഞ്ചോ ആറോ വര്‍ഷം കൂടുമ്പോഴാണ് യൂസഫ് വീട്ടിലേക്ക് പോകുന്നത്. താഴേക്കിടയിലുള്ള ഞങ്ങള്‍ എല്ലായ്‍പ്പോഴും അങ്ങനെ തുടരുകയാണെന്ന് യൂസഫ് പറയുന്നു.

ഡല്‍ഹിയിലെ റിക്ഷക്കാരില്‍ 99 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കൂടുതലും ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയിലേക്കുള്ള കുടിയേറ്റത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് ഡല്‍ഹിയിലുണ്ട്‍. വീട്ടുജോലി, തൂപ്പ്, ഡ്രൈവര്‍, വഴിവാണിഭം, എന്നീ മേഖലകളിലാണ് 99 ശതമാനവും ജോലി നോക്കുന്നത്. അതില്‍ തന്നെ വലിയൊരു വിഭാഗം സൈക്കിള്‍ റിക്ഷ തൊഴിലാളികളാണ്. മറ്റെല്ലായിടത്തേയും കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇവര്‍ അനുഭവിക്കുന്നുണ്ട്. പട്ടിണിയും വൃത്തിഹീനമായ ജീവിതാന്തരീക്ഷവുമാണ് ഇവര്‍ക്കും കിട്ടുന്നത്. ഇവരില്‍ 64 ശതമാനവും ഡല്‍ഹിയില്‍ സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നവരാണ്. കുടിയേറിയെത്തിയതിനാല്‍ ഇവര്‍ക്ക് ഡല്‍ഹിയില്‍ യാതൊരു രേഖകളുമില്ല. 90 ശതമാനം സൈക്കിള്‍ റിക്ഷ തൊഴിലാളികള്‍ക്കും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ ഇല്ല. അതുകൊണ്ട് തന്നെ അവകാശങ്ങളൊന്നും കിട്ടുന്നില്ല. ഇവര്‍ക്ക് നീതി നിക്ഷേധിക്കപ്പെടാനുള്ള പ്രധാന കാരണം ഇവര്‍ക്ക് വോട്ടവകാശം ഇല്ല എന്നത് തന്നെ. അധികാരത്തിലേക്കുള്ള നെട്ടോട്ടത്തില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനം ചൊലുത്താന്‍ കഴിയാത്ത ഒരു കൂട്ടരെ പരിഗണിക്കുക എന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ ചിന്തിക്കാനും കഴിയില്ലല്ലോ.

മറ്റ് ജോലികളിലെന്ന പോലെ കൃത്യമായ ജാതി സമവാക്യം ഇവിടെയും നിലനില്‍ക്കുന്നുണ്ട്. ഹിന്ദുക്കളിലേയും മുസ്ലിങ്ങളിലേയും ഏറ്റവും താഴ്ന്ന പടിയിലുള്ളവരാണ് ഈ ജോലിയിലെത്തിപ്പെടുന്നത്. ചെറിയൊരു ശതമാനം രാജസ്ഥാനിലെ ആദിവാസി മേഖലകളില്‍ നിന്നുള്ളവരും. 90 ശതമാനവും മുസ്‌ലിം മതവിഭാഗത്തില്‍ നിന്നുള്ളവരാണ്. ജാതി വ്യവസ്ഥ പരിഗണിക്കുകയാണെങ്കില്‍ തൂപ്പ് ജോലിയും അതില്‍ താഴെയുള്ളതുമായ ജോലികള്‍ ചെയ്യാറുള്ള ദോബി, ചമാര്‍ എന്നീ മുസ്ലിം ജനവിഭാഗം. ഖുറൈഷികളിലും അന്‍സാരികളിലും പെട്ട ഉപജാതിയിലുള്ളവരും ഡല്‍ഹിയില്‍ റിക്ഷ ചവിട്ടുന്നുണ്ട്. ഇത്തരക്കാര്‍ ജുമുആഃ മസ്ജിദുകളുടെയോ ദര്‍ഗകളുടെയോ സമീപത്താണുണ്ടാവുക. റിക്ഷക്കാരില്‍ ഇവര്‍ മാത്രമായിരിക്കും മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ പിന്‍തുടരുന്നത്.

ഡല്‍ഹിയുടെ പ്രധാന റോഡുകളില്‍ സൈക്കിള്‍ റിക്ഷകള്‍ക്ക് നിരോധമുണ്ട്. ചിലയിടങ്ങളില്‍ ഇലക്ട്രിക് റിക്ഷക്കാരെ സഹായിക്കാന്‍ സൈക്കിള്‍ റിക്ഷക്കാരെ പൊലീസ്‍ മനഃപൂര്‍വ്വം വിലക്കുന്നുമുണ്ട്. വിലക്ക് മറികടക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കണം. 1960 ല്‍ സൈക്കിള്‍ റിക്ഷ തൊഴിലാളി നിയമം മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിലവില്‍ വന്നു. ഇത് പ്രകാരം ഒരാള്‍ക്ക് ഒരു റിക്ഷക്ക് മാത്രം ലൈസന്‍സ് നല്‍കാന്‍ പാടുള്ളൂ. നിയമപ്രകാരം 15 ശതമാനം ലൈസന്‍സുകള്‍ പട്ടികജാതി വിഭാഗത്തിനും 7.5 ശതമാനം ലൈസന്‍സുകള്‍ പട്ടികവര്‍ഗ വിഭാഗത്തിനും അവകാശപ്പെട്ടതാണ്. നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് എന്നത് കേവലം ഒരു തമാശയല്ല എന്ന് നമുക്ക് ബോധ്യപ്പെടുക ഇവിടെയാണ്. തൊഴിലാളികളെ സംരക്ഷിക്കാന്‍ രൂപപ്പെടുത്തിയ ഈ നിയമങ്ങള്‍ കൃത്യമായി തൊഴിലാളി വിരുദ്ധമായി ഉപയോഗിക്കപ്പെടുകയാണ് ചെയ്യുന്നത്. മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ലഭിക്കുന്ന സമ്മതപത്രം കൊണ്ട് ചെറിയ ലോണുകള്‍ വാങ്ങിയെടുക്കാന്‍ ഇവര്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും ഇവര്‍ക്ക് അറിയില്ല. അത് ചൂഷണം ചെയ്യാനുള്ള ഇടനിലക്കാര്‍ ധാരാളം ഉണ്ട് താനും. റിക്ഷ ലൈസന്‍സിന് 50 രൂപയാണ് അപേക്ഷാ ഫീസ്. അതിനുള്ള പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കണം. ഓരോ മേഖലയിലും റിക്ഷകള്‍ക്ക് വ്യത്യസ്ത കളറുകളിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ നല്‍കും. അതിര്‍ത്തി ലംഘിച്ച് മറ്റുമേഖലകളില്‍ സഞ്ചരിച്ചാല്‍ വലിയ പിഴ ഈടാക്കും. പിഴയോ കൈക്കൂലിയോ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ റിക്ഷ പിടിച്ചെടുക്കും. പിടിച്ചെടുക്കുന്ന റിക്ഷകള്‍ 15 ദിവസത്തിനകം സ്ക്രാപ്പായി തൂക്കി വില്‍ക്കും. മറ്റൊരു വലിയ കൊള്ള നടക്കുന്നത് ഗോഡൌണ്‍ ഫീസ് ഈടാക്കുന്നതിലാണ്. ഓരോ റിക്ഷകളും ഗോഡൌണ്‍ ഫീസായി മാസം 300 രൂപ നല്‍കണം.

പ്രധാനമായും രണ്ട് തൊഴിലാളി യൂണിയനുകളാണ് ഇവര്‍ക്കിടയിലുള്ളത്. അത് നിയന്ത്രിക്കുന്നത് പക്ഷേ, റിക്ഷാമുതലാളിമാരാണ്. ലൈസന്‍സുകള്‍ സ്വന്തമാക്കുകയും തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട വായ്പ പദ്ധതികള്‍ പോലും തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതി. ജന്മിത്വത്തിന്റെ മറ്റൊരു രൂപമാണ് ഈ തൊഴില്‍ മേഖലയിലും നിലനില്‍ക്കുന്നത്. അനേകം റിക്ഷകള്‍ സ്വന്തമായുള്ള ഒരു പ്രമാണിയുടെ സൈക്കിള്‍ ദിവസവാടകക്കെടുത്ത് വരുമാനം കണ്ടെത്തുന്നവരാണിവര്‍.

പൊലീസിന്റെയും മറ്റ് വാഹനങ്ങളിലെ യാത്രക്കാരുടെയും നിരന്തരം ആക്ഷേപം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവരുമാണ് ഇവര്‍. തിരക്കുപിടിച്ച ജീവിതത്തിനിടെ വേഗത്തിലുള്ള സഞ്ചാരം തടസ്സപ്പെടുത്തിയതിന് തെറിവിളി കേള്‍ക്കാത്ത ദിവസങ്ങള്‍ ഇവര്‍ക്കുണ്ടാകില്ല. ഇവരെ രണ്ടാം തരം പൌരന്‍മാരായാണ് ഏതാണ്ടെല്ലാവരും കാണുന്നത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവരെ ഉപദ്രവിക്കാം. മറ്റ് വാഹനക്കാര്‍ തങ്ങളെ ഉപദ്രവിക്കുമെന്ന് തുറന്ന് പറയുന്നു മുഹമ്മദ് യൂസഫ്. ''പൊലീസ് അവരുടെ കൂടെയാണ്. അടുത്ത ദിവസം കാറുകാരന്‍ വന്ന് 6 റിക്ഷക്കാരെ മര്‍ദിച്ചു. ആരും ചോദിക്കാനുണ്ടായില്ല. പൊലീസ് അവര്‍ക്കൊപ്പമായിരുന്നു''വെന്ന് യൂസഫ് പറയുന്നു.

ഇവരെ ചുറ്റിപ്പറ്റി ഭീതിയുടെ വലിയൊരു മറ നിലനില്‍ക്കുന്നുണ്ട്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ടവരാണെന്നും അക്രമവാസന കൂടിയവരാണെന്നുമാണ് ഇവരെക്കുറിച്ചുള്ള പ്രചാരണങ്ങള്‍. റിക്ഷാ തൊഴിലാളികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായും പരാതികളുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു ചെറിയ കൂട്ടം ഇവര്‍ക്കിടയിലുണ്ട് എന്നത് വാസ്തവമാണ്. സന്നദ്ധ സംഘടനകള്‍ ഇവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും ചെലവ് കുറഞ്ഞ പൊതു ഗതാഗത സംവിധാനം നിലവിലുള്ളത് ഒരു പക്ഷേ തലസ്ഥാന നഗരിയിലായിരിക്കും. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം യാത്രക്കൂലി വീണ്ടും കുറച്ചു. പുതിയ ഇന്ത്യയുടെ ഭംഗിക്ക് പോരാത്തത് കൊണ്ട് സൈക്കിള്‍ റിക്ഷകളെ തൂത്തെറിഞ്ഞ് ഇലക്ട്രിക്ക് റിക്ഷകള്‍ കൊണ്ടുവരാനുള്ള പദ്ധതിയും അവതരിപ്പിച്ചു. പരിസ്ഥിതി മലിനീകരണം രൂക്ഷമായതിനെതുടര്‍ന്ന് റിക്ഷാഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ അടുത്തിടെ ഉണ്ടായി. ആം ആദ്മി സര്‍ക്കാറാണ് അതിനും മുന്‍കൈ എടുത്തത്. എന്നാല്‍‌ അതിന്റെ മെച്ചം ലഭിച്ചത് ഇലക്ട്രിക് റിക്ഷകള്‍ക്ക് മാത്രമാണ്. ഇതോടെ യാത്രക്കാര്‍ക്കായുള്ള ഇവരുടെ കാത്തിരിപ്പിന് ദൈര്‍ഘ്യം ഏറി. ''ഈ റിക്ഷകളില്‍ ഒരാളും കയറുന്നില്ല. എല്ലാവരും ഇലക്ട്രിക്ക് റിക്ഷകളിലാണ് കയറുന്നത്. എല്ലായിടത്തും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. 60 രൂപ ദിവസ വാടകക്കാണ് റിക്ഷ ഓടിക്കുന്നത്. 200-300 രൂപയാണ്ദിവസവും ലഭിക്കുക.100 രൂപയോളം ഭക്ഷണത്തിന് ചെലവാകും. ഇതുകൊണ്ട് ഭാര്യയേയും മക്കളെയും എങ്ങനെ നോക്കും. എല്ലാവരും വിശന്ന് മരിക്കട്ടെയെന്ന്'' പരിതപിക്കുന്നു മുഹമ്മദ് സിറാജ്.

വിശപ്പ് മാത്രമാണ് ഇവിടെയും അവശേഷിക്കുന്നത്. അധ്വാനത്തിന് ഒരു കുറവുമില്ല. ഭൂരിഭാഗം റിക്ഷാ തൊഴിലാളികളും മരച്ചുവട്ടിലോ മെട്രോ തൂണുകള്‍ക്ക് അടിയിലോ ആണ് രാത്രി കഴിച്ച് കൂട്ടൂന്നത്. ജനിച്ചുപോയതിന്റെ പേരില്‍ എങ്ങനെയെങ്കിലും ജീവിച്ച് തീര്‍ക്കാനുള്ള ആധിയാണ് ആ മുഖങ്ങളില്‍ കാണാന്‍ കഴിയുക. നഗരം വളരുമ്പോഴും ഇവരുടെ ജീവിതം ഇടുങ്ങിവരികയാണ്. ഇനിയും ഒരായിരം ക്യാമറകള്‍ക്ക് മുന്നില്‍ ഇവര്‍ ഇങ്ങനെ ജീവിതം വിവരിച്ചുകൊണ്ടേയിരിക്കും. യാതൊരു മാറ്റവും വരില്ലെന്ന പൂര്‍ണ ഉറപ്പില്‍. പിഴുതെറിയപ്പെടുന്നതിന്റെ മുമ്പ് ഒരിക്കല്‍ കൂടി തങ്ങളുടെ ജീവിതം തുറന്ന് പറഞ്ഞുവെന്ന ആശ്വാസം മാത്രമാണ് ഈ മുഖങ്ങളില്‍ ബാക്കിയാകുന്നത്. പുതിയ ഇന്ത്യയുടെ ഭംഗിക്ക് കോട്ടം തട്ടാതിരിക്കാന്‍ ഇവരെ പൂര്‍ണമായും തൂത്തെറിയുന്ന കാലം വിദൂരത്തല്ല. അത് വരെ ജീവിതം കരുപിടിക്കാന്‍ ആഞ്ഞു ചവിട്ടുകയാണ് ഇവര്‍.

TAGS :

Next Story