ബംഗാള്‍ തെരഞ്ഞെടുപ്പ്: ബുദ്ധദേബും രാഹുലും വേദി പങ്കിട്ടു
ബംഗാള്‍ തെരഞ്ഞെടുപ്പ്: ബുദ്ധദേബും രാഹുലും വേദി പങ്കിട്ടു
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും വേദി പങ്കിട്ടു
പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം വേദി പങ്കിട്ട് സിപിഎം നേതവ് ബുദ്ധദേബ് ഭട്ടാചാര്യ. കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും പരസ്പരം മത്സരിക്കില്ലെന്ന ധാരണ മാത്രമേ ഉള്ളൂവെന്നും ഇടതു നേതാക്കള്‍ ആവര്‍ത്തിയ്ക്കുന്നതിനിടെയാണ് മുതിര്‍ന്ന നേതാക്കളുടെ വേദി പങ്കിടല്‍. ബുദ്ധദേബ് ഭട്ടാചാര്യ പൊളിറ്റ്ബ്യൂറോയിലോ കേന്ദ്രക്കമ്മിറ്റിയിലോ അംഗമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് ഇടത് ബന്ധം രൂപപ്പെട്ടതിനു ശേഷം കൃത്യമായ തെരഞ്ഞെടുപ്പു സഖ്യത്തിന്റെ സ്വഭാവത്തിലേയ്ക്ക് അത് മാറിയിരുന്നു. ചില മണ്ഡലങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും സഖ്യം പ്രാവര്‍ത്തികമായ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രിന്റെയും ഇടത് പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് പ്രചാരണം നടത്തിയിരുന്നത്. രാഹുല്‍ ഗാന്ധി മുന്‍പ് നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വേദിയിലെത്തുകയും ചെയ്തു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ വേദി പങ്കിട്ടിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ വിജയ സാദ്ധ്യത കണക്കിലെടുത്ത് എല്ലാവരോടും വോട്ടഭ്യര്‍ത്ഥിയ്ക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു അന്ന് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം.
പക്ഷേ തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലെത്തുമ്പോള്‍ കോണ്‍ഗ്രസ് ഇടത് സഖ്യം കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചന നല്‍കിക്കൊണ്ടാണ് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ഗാന്ധിയ്ക്കൊപ്പം വേദി പങ്കിട്ടത്. ഈ വേദി പങ്കിടല്‍ രാഷ്ട്രീയ അസംബന്ധമാണെന്ന പരിഹാസവുമായി മമതാ ബാനര്‍ജി രംഗത്തു വന്നിട്ടുണ്ട്. ബംഗാളില്‍ സുഹൃത്തുക്കള്‍ കേരളത്തില്‍ ഗുസ്തിലാണെന്ന് നരേന്ദ്രമോദിയും മമതാ ബാനര്‍ജയും കോണ്‍ഗ്രസ് ഇടത് ബന്ധത്തെക്കുറിച്ച് പ്രസംഗങ്ങള്‍ക്കിടെ പരാമര്‍ശിച്ചിരുന്നു.
Adjust Story Font
16