തരൂരിന്‍റെ ട്വിറ്റര്‍ തമാശയ്ക്ക് നോട്ടീസ് അയച്ച വനിതാ കമ്മീഷന് ദീപികക്കെതിരായ കൊലവിളിയില്‍ മൌനം
തരൂരിന്‍റെ ട്വിറ്റര്‍ തമാശയ്ക്ക് നോട്ടീസ് അയച്ച വനിതാ കമ്മീഷന് ദീപികക്കെതിരായ കൊലവിളിയില്‍ മൌനം
ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലറിന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു.
ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലറിന്റെ പേര് പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂര്‍ എംപിയുടെ ട്വീറ്റിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ നോട്ടീസ് അയച്ചു. തരൂരിന്‍റെ ട്വീറ്റ് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചത്. അതേസമയം പത്മാവതിയായി അഭിനയിച്ച ദീപിക പദുകോണിന്‍റെ തലയെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച ബിജെപി നേതാവിനെതിരെ എന്ത് നടപടിയെടുത്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രേഖ ശര്‍മ പ്രതികരിച്ചില്ല.
"നോട്ട് നിരോധം എന്തൊരു മണ്ടത്തരമായിരുന്നു. ആഗോള തലത്തില്‍ ഇന്ത്യന്‍ പണത്തിന്‍റെ പ്രാധാന്യം ബിജെപിക്കാര്‍ക്ക് തിരിച്ചറിയേണ്ടതായിരുന്നു. കണ്ടില്ലേ നമ്മുടെ ചില്ലര്‍ ലോകസുന്ദരി പട്ടം നേടിയത് എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ലോകസുന്ദരിയെ അപമാനിച്ചെന്ന് വിമര്‍ശമുയര്‍ന്നതോടെ തരൂര്‍ ക്ഷമാപണം നടത്തി. ആരെയും അധിക്ഷേപിക്കാനായിരുന്നില്ല ആ ട്വീറ്റെന്നും താന്‍ ഒരു തമാശ പറഞ്ഞതാണെന്നും തരൂര്‍ വിശദീകരിച്ചു.
എന്നാല്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ രാജ്യത്തിന്‍റെ പുത്രിയെ തരൂര്‍ അപമാനിച്ചെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കുറ്റപ്പെടുത്തി. സ്വന്തം മകളെ തരൂര്‍ ചില്ലറയെന്ന് വിളിക്കുമോയെന്നും രേഖ ശര്‍മ ചോദിച്ചു. ദേശീയ വനിതാ കമ്മീഷന്‍റെ ഔദ്യോഗിക വാട്സ് അപ് മീഡിയ ഗ്രൂപ്പില്‍ തരൂരിന് നോട്ടീസ് നല്‍കിയ കാര്യം രേഖ ശര്‍മ അറിയിച്ചു.
ദീപിക പദുകോണിന്‍റെ തലയെടുക്കുന്നവര്‍ക്ക് 10 കോടി നല്‍കുമെന്ന ഹരിയാനക്കാരനായ ബിജെപി നേതാവ് സുരാജ് പാല്‍ അമുവിന്‍റെ പ്രസ്താവനയില്‍ വനിതാ കമ്മീഷന്‍ എന്ത് നടപടിയെടുത്തുവെന്ന് വാട്സ് അപ്പ് ഗ്രൂപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. പക്ഷേ രേഖ ശര്‍മ ഈ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വനിതാ കമ്മീഷന്‍റെ ഇരട്ടത്താപ്പ് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടും രേഖ ശര്‍മ പ്രതികരിച്ചില്ല.
Adjust Story Font
16