തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ സിനിമാ താരങ്ങള്‍
തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ സിനിമാ താരങ്ങള്‍
സൂപ്പര്‍ താരത്തില്‍ നിന്ന് സാംസ്‌കാരിക നായകനിലേക്കും, തമിഴ്‌നാട് മുഖ്യമന്ത്രിപദത്തിലേക്കുമെത്തിയ എംജിആറില്‍ തുടങ്ങുന്നു ദ്രാവിഡ രാഷ്ട്രീയത്തിലെ താരപ്രഭ.
ദ്രാവിഡ രാഷ്ട്രീയത്തെ മാറ്റിമറിച്ച കോളിവുഡ് താരങ്ങളുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ പേരാകാന്‍ ഒരുങ്ങുകയാണ് സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. എം ജി ആറില്‍ നിന്ന് തുടങ്ങി യുവ നടന്‍ വിശാലില്‍ എത്തി നില്‍ക്കുകയാണ് തമിഴ് രാഷ്ട്രീയത്തിലെ താരത്തിളക്കം. വെള്ളിത്തിരയിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോയില്‍ നിന്ന് സജീവ രാഷ്ട്രീയത്തിലേക്ക് ചുവട് വെക്കുമ്പോള്‍ രജനിക്ക് പുതിയ ചരിത്രം കുറിക്കാനാകുമോ എന്ന കാത്തിരിപ്പിലാണ് തമിഴ്‌നാട്.
പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രങ്ങളെക്കാള്‍ നാടകീയമായിരുന്നു കോളിവുഡ് താരങ്ങളുടെ രാഷ്ട്രീയ ജീവിതം. സൂപ്പര്‍ താരത്തില്‍ നിന്ന് സാംസ്‌കാരിക നായകനിലേക്കും, തമിഴ്‌നാട് മുഖ്യമന്ത്രിപദത്തിലേക്കുമെത്തിയ എംജിആറില്‍ തുടങ്ങുന്നു ദ്രാവിഡ രാഷ്ട്രീയത്തിലെ താരപ്രഭ. തമിഴ് രാഷ്ട്രീയത്തിന്റെ പേരായ എഐഎഡിഎംകെക്ക് 1972ല്‍ രൂപം നല്‍കുന്നതും എം ജി ആര്‍ തന്നെയാണ്. തിരക്കഥാകൃത്തായി കോളിവുഡിലെത്തിയ എം കരുണാനിധിയുടെ രംഗപ്രവേശത്തിനും തമിഴ് രാഷ്ട്രീയം സാക്ഷിയായി.
രണ്ട് പതിറ്റാണ്ട് കാലത്തെ തമിഴ് രാഷ്ട്രീയത്തിന്റെ പര്യായമായിരുന്നു എം ജി ആര്‍ നയിച്ച അണ്ണാ ഡിഎംകെയും കരുണാനിധിയുടെ ഡിഎംകെയും. 1987 ല്‍ എംജി ആറിന്റെ മരണത്തോടെ അവസാനമാകുമായിരുന്ന അണ്ണാ ഡിഎംകെക്ക് പുതുജീവന്‍ പകരുന്നതും കോളിവുഡിലെ സൂപ്പര്‍ താരം തന്നെയായിരുന്നു. അങ്ങനെസിനിമയിലും ജീവിതത്തിലും എംജിആറിന് കൂട്ടായിരുന്ന ജെ ജയലളിത തമിഴ് നാട് രാഷ്ട്രീയത്തിലെ പുരട്ച്ചി തലൈവിയായി. അഞ്ച് തവണ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി. ഡിഎംകെയിലും അണ്ണാഡിഎംകെയിലും സൂപ്പര്‍ താരം ശരത് കുമാര്‍ ഭാഗ്യം പരീക്ഷിച്ചു.
ദേസീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കെത്തി 2011 ല്‍ പ്രതിപക്ഷ നേതാവായ വിജയകാന്താണ് വിജയം കൊയ്ത മറ്റൊരു കോളിവുഡ് താരം. ഡിഎംകെയിലൂടെ രാഷ്ട്രീയത്തിലെത്തി, പിന്നീട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ഖുശ്ബുവും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ശ്രദ്ധേയ താരമാണ്. രാഷ്ട്രീയ നിലപാട് വ്യക്തമാക്കാതെ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണെന്ന് ഉലകനായകന്‍ കമല്‍ഹാസനും പ്രഖ്യാപിച്ച് കഴിഞ്ഞു. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് യുവനടന്‍ വിശാലും രാഷ്ട്രീയ പ്രവേശത്തിന്റെ സൂചന നല്‍കി. ലേറ്റസ്റ്റായ് വന്ത സ്‌റ്റൈല്‍ മന്നന്റെ പ്രഖ്യാപനത്തോടെ തമിഴ് സിനിമയും രാഷ്ട്രീയവും കൂടുതല്‍ നാടകീയത നിറഞ്ഞതാകുകയാണ്.
Adjust Story Font
16