സ്ത്രീധനം നല്‍കിയില്ല; അപ്പന്‍റിക്സ് ഓപ്പറേഷനെന്ന് തെറ്റിദ്ധരിപ്പിച്ച് ഭര്‍ത്താവ് ഭാര്യയുടെ കിഡ്നി വിറ്റു
സ്ത്രീധനം നല്‍കിയില്ല; അപ്പന്‍റിക്സ് ഓപ്പറേഷനെന്ന് തെറ്റിദ്ധരിപ്പിച്ച് ഭര്‍ത്താവ് ഭാര്യയുടെ കിഡ്നി വിറ്റു
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
ചോദിച്ച സ്ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ കിഡ്നി വിറ്റു. അപ്പന്‍റിക്സ് ഓപ്പറേഷനെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി അറിയാതെയാണ് കിഡ്നി നീക്കം ചെയ്ത് വിറ്റത്. പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂരിലാണ് സംഭവം. 28കാരി റിത സര്‍ക്കാരിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ബിശ്വജിത്തിനെയും ഭര്‍തൃ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
12 വര്‍ഷം മുന്‍പാണ് ബിശ്വജിത്തും റിതയും വിവാഹിതരായത്. വാഗ്ദാനം ചെയ്ത സ്ത്രീധനം നല്‍കിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവും ഭര്‍ത്താവിന്‍റെ വീട്ടുകാരും റിതയെ ഉപദ്രവിക്കാറുണ്ടായിരുന്നു. കഠിനമായ വയറുവേദന അനുഭവപ്പെട്ട റിതയെ ഭര്‍ത്താവ് കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അപ്പന്‍ഡിക്സ് ആണെന്നും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം വയറുവേദന കൂടി. വീണ്ടും ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓപ്പറേഷനെ കുറിച്ച് ആരോടും പറയരുതെന്ന് ഭര്‍ത്താവ് റിതയെ താക്കീത് ചെയ്യുകയായിരുന്നു. ഡോക്ടറെ കാണാന്‍ അനുവദിച്ചതുമില്ല.
മൂന്ന് മാസത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് റിത മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ ഒരു കിഡ്നി നീക്കം ചെയ്യപ്പെട്ടതായി വ്യക്തമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ അമ്മയ്ക്കും ഭര്‍തൃസഹോദരനുമെതിരെ പരാതി നല്‍കുകയായിരുന്നു. ഛത്തിസ്ഗഡിലെ ഒരു വ്യവസായിക്ക് കിഡ്നി വിറ്റതായി ഭര്‍ത്താവ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. വാഗ്ദാനം ചെയ്ത സ്ത്രീധനത്തില്‍ രണ്ട് ലക്ഷം നല്‍കാതിരുന്നതുകൊണ്ടാണ് ഭാര്യ അറിയാതെ കിഡ്നി വിറ്റതെന്നും ഭര്‍ത്താവ് പറഞ്ഞു. പിന്നില്‍ കിഡ്നി മാഫിയയുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16