Quantcast

മാലേഗാവ് മുതല്‍ മാലേഗാവ് വരെ; ഹിന്ദുത്വ കേസുകളിലെ നിലവിലെ അവസ്ഥ

MediaOne Logo

Ubaid

  • Published:

    29 May 2018 8:32 PM GMT

മാലേഗാവ്  മുതല്‍ മാലേഗാവ് വരെ; ഹിന്ദുത്വ കേസുകളിലെ നിലവിലെ അവസ്ഥ
X

മാലേഗാവ് മുതല്‍ മാലേഗാവ് വരെ; ഹിന്ദുത്വ കേസുകളിലെ നിലവിലെ അവസ്ഥ

ഹിന്ദുത്വ തീവ്രവാദികള്‍ ഉള്‍പ്പെട്ട ഭീകര കേസുകളുടെ നിലവിലെ അവസ്ഥ ഹിന്ദുസ്ഥാന്‍ ടൈംസ് വിലയിരുത്തുന്നു

2007ലെ അജ്മീര്‍ ദര്‍ഗാശരീഫില്‍ നടത്തിയ സ്ഫോടനത്തില്‍ സ്വാമി അസിമാനന്ദ അടക്കമുള്ള മുഖ്യ പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് ഹിന്ദുത്വ തീവ്രവാദികള്‍ ഉള്‍പ്പെട്ട ഭീകര കേസുകളുടെ നിലവിലെ അവസ്ഥ ഹിന്ദുസ്ഥാന്‍ ടൈംസ് വിലയിരുത്തുന്നു. കേസിലെ വെറുതെ വിട്ട മിക്ക പ്രതികള്‍ക്കും അജ്മീര്‍, സംഝോത, 2006ലെ ഒന്നാം മലേഗാവ്, മൊദാസ, മക്കാ മസ്ജിദ് എന്നീ സ്‌ഫോടനക്കേസുകളായി ബന്ധമുണ്ട്.

ദേശീയ സുരക്ഷ ഏജന്‍സിക്കായിരുന്നു ഹിന്ദുത്വ തീവ്രവാദികള്‍ ഉള്‍പ്പെട്ട ഏഴ് കേസുകളുടെ അന്വേഷണ ചുമതല. മൂന്നെണ്ണം വിചാരണ കോടതിയില്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്.

മാലെഗാവ് സ്ഫോടനം (2006)

സംഭവം: 2006 സപ്തംബര്‍ എട്ടിന് നാസിക് ജില്ലയിലെ മാലെഗാവില്‍ ഒരു മുസ്ലിം പള്ളിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണ് കേസിനാധാരം.

കേസന്വേഷണം: ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും സി.ബി.ഐയും 9 മുസ്‍ലികളെ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കി. 2011 കേസ് ഏറ്റെടുത്ത എന്‍.ഐ.എ നാല് ഹിന്ദുത്വ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കി. തീവ്രവാദ വിരുദ്ധ സേന പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ എല്ലാ മുസ്‍ലിംകളെയും ഒഴിവാക്കിയായിരുന്നു എന്‍.ഐ.എയുടെ കുറ്റപത്രം.

നിലവിലെ സ്ഥിതി: വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

സംഝോത- എക്‌സ്‍പ്രസ്‍ സ്ഫോടനം (2007)

2007 ഫെബ്രുവരി 19 ന് പുലർച്ചെ ഹരിയാനയിലെ സംഝോത എക്‌സ്‍പ്രസില് നടന്ന ബോംബ്സ്ഫോടനത്തില്‍ 68 ആളുകൾ മരണമടയുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‍തു. മരണമടഞ്ഞവരിൽ കൂടുതൽ ആളുകളും പാകിസ്താനിൽ നിന്നുള്ളവരും ഇന്ത്യയിൽ നിന്നുള്ള ട്രെയിൻ സുരക്ഷാ സേനാനികളുമായിരുന്നു.

കേസന്വേഷണം: 2010 ഡിസംബര്‍ 30 ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രഖ്യാപിച്ചത് സംഝോത എക്‌സ്പ്രസ്സ് സ്‌ഫോടനത്തിനു പിന്നില്‍ സ്വാമി അസിമാനന്ദയാണെന്നതിന് തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ടന്നാണ്. ഒരു എന്‍ജിനിയറിംഗ് ബിരുദധാരിയായ സന്ദീപ് ഡാങ്കെയെയും ഇലക്ട്രിഷ്യനായ രാംജി കല്‍സങ്കറയേയും സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനായി സ്വാമി അസിമാനന്ദ ഉത്തരവാദിത്തപ്പെടുത്തി. ഹൈന്ദവ തീവ്രവാദി സംഘടനകളാണ് സംഝോത എക്‌സ്‍പ്രസ്‍ സ്‌ഫോടനത്തിനു പിന്നിലെന്ന് സ്വാമി അസിമാനന്ദ ന്യായാധിപനു മുമ്പാകെ കുറ്റസമ്മതം നടത്തിയതായി 2011 ജനുവരി 8 ന് പുറത്തുവന്നു. എന്നാല്‍ ഇതു സ്വാമി അസിമാനന്ദയെകൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പിന്നീട് അസിമാനന്ദയുടെ വക്കീല്‍ വാദിച്ചു. ബോധപൂര്‍വം സ്വാമി അസിമാനന്ദയുടെ ഏറ്റുപറയല്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് ഇന്ദ്രേഷ് കുമാര്‍ സി.ബി.ഐക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു.

മൊത്തം എട്ട് പേര്‍ക്കെതിരെ എന്‍.ഐ.എ കുറ്റപത്രം നല്‍കി. അതില്‍ ഒരാള്‍ മരണപ്പെടുകയും രണ്ട് പേരെ ഇതുവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടുമില്ല.

നിലവിലെ സ്ഥിതി: വിചാരണ നടന്നുകൊണ്ടിരിക്കുന്നു.

മെക്ക മസ്ജിദ് സ്‌ഫോടനം :

മക്ക മസ്ജിദില്‍ 2007 മെയ് പതിനെട്ടിനാണ് കനത്ത ബോംബ് സ്‌ഫോടനമുണ്ടായത്. ജുമാ നമസ്‌കാരത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ ഒമ്പതുപേരും തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ അഞ്ച് പേരുമാണ് കൊല്ലപ്പെട്ടത്.

കേസന്വേഷണം: സംഭവത്തോടനുബന്ധിച്ച് മക്ക മസ്ജിദ് പരിസരത്തുള്ള എഴുനൂറോളം മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറുകയും സംത്സോത സ്ഫോടത്തില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട അസിമാനന്ദയെ അറസ്റ്റു ചെയ്യുകയും ചെയ്തു. ആദ്യ കുറ്റപത്രം സി.ബി.ഐയാണ് തയ്യാറാക്കിയതെങ്കിലും പിന്നീട് കേസ് ദേശീയ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു.

മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത 50ഓളം വരുന്ന നിരപരാധികളായ യുവാക്കള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി.

നിലവിലെ സ്ഥിതി: വിചാരണ ആരംഭിച്ചു.

അജ്മീര്‍ ദര്‍ഗാശരീഫ് സ്‍ഫോടനം (2007)

രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗക്കടുത്ത് 2007 ഒകോടോബര്‍ 11 നു് ഉണ്ടായ ബോംബ്‌സ്‌ഫോടനമാണ് അജ്മീര്‍ ദര്‍ഗാസ്‌ഫോടനം. ടിഫിന്‍ പെട്ടിയില്‍ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ ഈ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും മുപ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തെ കുറിച്ച് ആദ്യം അന്വേഷണം നടത്തിയ രാജസ്ഥാന്‍ ഭീകരവിരുദ്ധ സേന (എ.ടി.എസ്)യുടെ പ്രാഥമിക നിഗമനം ഇതിന് പിന്നില്‍ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമിയ എന്ന മുസ്ലിം ഭീകര സംഘടനയാണ് എന്നായിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തിനു ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയും ഈ ഭീകരകൃത്യത്തിനു പുറകില്‍ ചില ഹിന്ദു ഭീകര സംഘടനകളാണ് എന്ന് കണ്ടെത്തുകയുമുണ്ടായി.

നിലവിലെ സ്ഥിതി: സ്‌ഫോടനത്തിന്റെ ആസൂത്രണം ഏറ്റെടുത്ത് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിപോലും തള്ളി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതി സ്വാമി അസിമാനന്ദയെ വെറുതെ വിട്ടു. ഇവരുടെ ആസൂത്രണത്തിന് കീഴില്‍ സ്‌ഫോടനം നടത്തിയ സുനില്‍ ജോഷി, ഭവേഷ് പട്ടേല്‍, ദേവേന്ദ്രകുമാര്‍ ഗുപ്ത എന്നിവര്‍ കുറ്റക്കാരാണെന്നും എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി ദിനേശ് ഗുപ്ത വിധിച്ചു. സുനില്‍ ജോഷി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനാല്‍ അവശേഷിക്കുന്ന രണ്ടു പ്രതികള്‍ക്കുള്ള ശിക്ഷ മാര്‍ച്ച് 16ന് പ്രഖ്യാപിക്കും. അസിമാനന്ദക്ക് പുറമെ ലോകേഷ്, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേഷ് വാസ്‌നി, ഭരത് ഭായ് എന്നിവരും കുറ്റക്കാരല്ലെന്ന് വിധിച്ചു. മലയാളി സുരേഷ് നായര്‍ അടക്കം മൂന്നു പ്രതികള്‍ ഒളിവിലായതിനാല്‍ അവര്‍ക്കെതിരായ വിചാരണ നടന്നിട്ടില്ല.

സുനില്‍ ജോഷി കൊലപാതകം (2007)

മധ്യപ്രദേശിലെ ദേവാസ് ടൗണില്‍ ഒളിവില്‍ കഴിഞ്ഞിടത്താണ് സുനില്‍ ജോഷിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2007ലെ സംഝോതാ എക്‌സ്പ്രസ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‌.ഐ.എ സുനില്‍ ജോഷിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. സംഝോതാ സ്‌ഫോടനവും അജ്മീര്‍ സ്‌ഫോടനവും അടക്കമുള്ള സംഭവങ്ങള്ക്ക് പിന്നിലെ ഗൂഢാലോചന സുനില്‍ ജോഷി വെളിപ്പെടുത്തുമെന്ന ഭയത്തിലാണ് ജോഷിയെ കൊലപ്പെടുത്തിയതെന്നായിരുന്നു നിഗമനം. സാധ്വി പ്രഗ്യാസിംഗ് ഠാക്കൂറും ആര്‍എസ്എസ് പ്രചാരകായ ജോഷിയും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് തെറ്റുകയായിരുന്നു.

നിലവിലെ സ്ഥിതി: ഹിന്ദുസന്യാസി സാധ്വി പ്രഗ്യാസിംഗ് ഠാക്കൂര്‍ അടക്കം എട്ടുപേരെ കോടതി വെറുതെ വിട്ടു. സംസ്ഥാന പൊലീസും തുടര്‍ന്ന് എന്‍ഐഎയും അന്വേഷിച്ച കേസുകളില്‍ ഇവര്‍ക്കെതിരെ കണ്ടെത്തിയ തെളിവുകള്‍ ദുര്‍ബലമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശ് കോടതി ഇവരെ വെറുതെ വിട്ടത്.

മലേഗാവ്, മൊദാസ ഇരട്ട സ്‌ഫോടനം (2008)

2008 സെപ്തംബര്‍ 29 ലാണ് മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ മലേഗാവിലും ഗുജറാത്തിലെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും 75 പേര്ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

മലേഗാവ് സ്‌ഫോടനകേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം എന്‍.ഐ.എ നടത്തുന്നുണ്ടെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിണ്യ സല്യാന്‍ വ്യക്തമാക്കിയിരുന്നു. പ്രതികള്‍ക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടതായും അവര്‍ മാധ്യമങ്ങളോട് സംസാരിച്ചു.

നിലവിലെ സ്ഥിതി: മാലേഗാവ് സ്‌ഫോടന കേസില്‍ സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെയടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. കേസ് നേരത്തേ അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ സാധ്വിക്കും കൂട്ടര്‍ക്കുമെതിരെ കണ്ടെത്തിയ തെളിവുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് എന്‍ഐഎ പ്രതികളെ രക്ഷപ്പെടുത്തിയത്. കേസില്‍ കുറ്റാരോപിതരായ സാധ്വി പ്രജ്ഞാസിംഗ് ഠാക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത് എന്നിവരടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ മക്കോക്ക നിയമം പിന്‍വലിക്കുകയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

TAGS :

Next Story