ഓക്സിജന്‍ ക്ഷാമവും കുടിശിക പ്രശ്നവും യോഗി ആദിത്യനാഥ് നേരത്തെ അറിഞ്ഞിരുന്നു
ഓക്സിജന്‍ ക്ഷാമവും കുടിശിക പ്രശ്നവും യോഗി ആദിത്യനാഥ് നേരത്തെ അറിഞ്ഞിരുന്നു
കാര്യങ്ങളുടെ കിടപ്പ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയപ്പോള്‍ മുഖ്യമന്ത്രി ടാന്‍ഡനെ നോക്കിയെന്നും പിന്നീട് മൌനിയായെന്നുമാണ് അറിഞ്ഞതെന്നും പുഷ്പ സെയില്‍സുമായി ബന്ധപ്പെട്ട ഒരു എക്സിക്യൂട്ടീവ് ടെലിഗ്രാഫിനോട്
കുട്ടികളുടെ കൂട്ടമരണത്തിന് സാക്ഷ്യംവഹിച്ച ഖോരക്പൂര്‍ ആശുപത്രിയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് വന്‍ തുക കുടിശിക നല്‍കാനുണ്ടെന്ന വിവരം ഓഗസ്റ്റ് നാലിന് മാത്രമാണ് അറിഞ്ഞതെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ വാദം പൊളിയുന്നു. ഓക്സിജന്‍ വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള വന്‍ കുടിശികയെ സംബന്ധിച്ചും പണം നല്‍കിയില്ലെങ്കില്‍ വിതരണം ഒന്നാകെ നിര്‍ത്തിവയ്ക്കുമെന്ന വിതരണക്കാരുടെ മുന്നറിയിപ്പിനെ കുറിച്ചും സര്‍ക്കാരിനെ ബന്ധപ്പെട്ട അധികൃതര്‍ നിരവധി തവണ അറിയിച്ചതാണെന്ന് രേഖകള്‍ തെളിയിക്കുന്നതായി ദ ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭാഭ രാഘവ്ദാസ് മെമ്മോറിയില്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ രാജിവ് മിശ്രയയുടെ ഉത്തരവാദിത്തരഹിതമായ നിലപാടുകളാണ് ഇത്തരമൊരു അവസ്ഥക്ക് വഴിതെളിയിച്ചതെന്ന് ആരോപിച്ച് അദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും മാര്‍ച്ച് 22 മുതല്‍ മിശ്ര അയച്ച കത്തുകള്‍ക്ക് നേരെ മുഖം തിരിക്കുകയായിരുന്നു സര്‍ക്കാരെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഓക്സിജന്‍ വിതരണരക്കാരായ പുഷ്പ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ റിമൈന്‍ഡര്‍ സഹിതം മാര്‍ച്ച് 22ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ ഡയറക്ടര്‍ ജനറലിന് മിശ്ര കത്തയച്ചിരുന്നു. അന്ന് തന്നെ ഈ കത്തിന്‍റെ ഒരു പകര്‍പ്പ് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി അശുതോഷ് താണ്ഠനും ആരോഗ്യ കുടുംബക്ഷേമ മന്ത്രി സിദ്ധാര്‍ഥ് നാഥിനും അയച്ചിരുന്നു. ഇതിന് മറുപടിയൊന്നും തന്നെ ഔദ്യോഗിക തലത്തില്‍ നിന്ന് ഉണ്ടായില്ല. ഏപ്രില്‍ മൂന്നിന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ ഓക്സിജന്‍ വിതരണ കമ്പനി അന്നയച്ച റിമൈന്‍ഡറിന്‍റെ പകര്‍പ്പും വച്ചിരുന്നു. ഇതിനു മറുപടി ഉണ്ടായില്ല. ഏപ്രില്‍ 17ന് ഈ നടപടിക്രമം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. വിതരണക്കാരില്‍ നിന്ന് അന്ന് ലഭിച്ച കത്തിന്‍റെ പകര്‍പ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഏപ്രില്‍ 24, മെയ് 2, 6, 29 എന്നീ തിയതികളിലും വിതരണക്കാരന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കത്തിന്‍റെ പകര്‍പ്പ് സഹിതം മിശ്ര അധികൃതര്‍ക്കെല്ലാം കത്തയച്ചിരുന്നു. ജൂണ്‍ 18 നുള്ളില്‍ ആറ് തവണ കൂടി ഈ നടപടിക്രമങ്ങള്‍ തുടര്‍ന്നെങ്കിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടര്‍ന്നു. കുടിശിക തീര്‍ത്തില്ലെങ്കില്‍ ഓക്സിജന്‍ വിതരണം നിര്‍ത്തിവയ്ക്കണമെന്ന് അഞ്ച് കത്തുകളിലെങ്കിലും കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു.
63.65 ലക്ഷം രൂപയുടെ കുടിശിക അടച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നും വിതരണം നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും വ്യക്തമാക്കി വിതരണക്കാരുടെ കത്ത് സഹിതം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മിശ്ര ഓഗസ്റ്റ് ഒന്നിന് വീണ്ടും കത്തയച്ചു. ഇതിന്‍റെ പകര്‍പ്പ് മന്ത്രി ടാന്‍ഡനും അദ്ദേഹം വച്ചിരുന്നു. ഓഗസ്റ്റ് നാലിന് മിശ്ര വീണ്ടും കത്തയക്കുന്നു. ഇതോടെയാണ് പ്രശ്നത്തിന്‍റെ സങ്കീര്‍ണതയെ കുറിച്ച് താന്‍ ആദ്യമായി അറിഞ്ഞതെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. പിറ്റേന്ന് ഓഗസ്റ്റ് അഞ്ചിന് ഗോരഖ്പൂര്‍ ട്രഷറിയിലേക്ക് രണ്ട് കോടി രൂപ കൈമാറാന്‍ മന്ത്രി ഉത്തരവിടുന്നു.അന്ന് തന്നെ പണം ട്രഷറിയിലെത്തിയതായി സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ ഏഴിനാണ് പണം ട്രഷറിയിലെത്തിയതെന്ന് മിശ്ര പറയുന്നു. ഓഗസ്റ്റ് ഒമ്പതിന് വിതരണക്കാര്‍ നേരിട്ട് മന്ത്രിക്ക് കത്തയക്കുന്നു. പണം അപ്പോഴും വിതരണക്കാര്‍ക്ക് ലഭിക്കുന്നില്ല.
മന്ത്രി ടാന്‍ഡന് ഓഗസ്റ്റ് ഒമ്പതിന് നേരില്‍ കണ്ട് കുടിശിക സൂചിപ്പിക്കുന്ന കത്ത് നല്‍കിയതായി പുഷ്പ സെയില്‍സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. അന്ന് തന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രി ടാന്‍ഡനും ആശുപത്രിയിലെത്തി അവലോകന യോഗം നടത്തിയതായാണ് അറിഞ്ഞതെന്നും വിതരണക്കാര്‍ പറയുന്നു. കാര്യങ്ങളുടെ കിടപ്പ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയപ്പോള്‍ മുഖ്യമന്ത്രി ടാന്‍ഡനെ നോക്കിയെന്നും പിന്നീട് മൌനിയായെന്നുമാണ് അറിഞ്ഞതെന്നും പുഷ്പ സെയില്‍സുമായി ബന്ധപ്പെട്ട ഒരു എക്സിക്യൂട്ടീവ് ടെലിഗ്രാഫിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി തിരികെ പോയ ശേഷം വിതരണക്കാര്‍ ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിര്‍ത്തുന്നു.
പിറ്റേന്ന് കൂട്ടികളുടെ കൂട്ടമരണത്തിന് ശേഷം യോഗി ആദിത്യനാഥ് പറഞ്ഞത് തന്‍റെ പാര്‍ലമെന്‍ററി മണ്ഡലമായിരുന്ന സ്ഥലത്തെ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ആദ്യമായി അന്നാണ് അറിഞ്ഞതെന്നാണ്. തലേന്ന് നടത്തിയ അവലോകന യോഗം മറച്ചുവച്ചായിരുന്നു ഈ അവകാശവാദം. ഓഗസ്റ്റ് പതിനൊന്നിനാണ് ഒടുവില്‍ പുഷ്പ സെയില്‍സിന്‍റെ അക്കൌണ്ടിലേക്ക് 52 ലക്ഷം കൈമാറുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി കാരണങ്ങള്‍ പറഞ്ഞ് പണം കൈമാറുന്നത് വൈകിയപ്പോള്‍ നെറ്റ് ബാങ്കിംഗിലൂടെ എന്തുകൊണ്ട് ഇത് സാധ്യമല്ലെന്ന ചോദ്യം അതുവരെ ബന്ധപ്പെട്ടവര്‍ കേട്ട ഭാവം നടിച്ചില്ല. ഓഗസ്റ്റ് 11ന് മിശ്രയെ സസ്പെന്‍ഡ് ചെയ്തു കൊണ്ട് പ്രഖ്യാപനം ഉണ്ടായി. അന്ന് വൈകുന്നേരത്തോടെ അദ്ദേഹത്തിന്‍റെ രാജി സ്വീകരിക്കപ്പെട്ടു. ഉന്നത തലങ്ങളില്‍ കൈക്കൂലി നല്‍കാന്‍ വിതരണക്കാര് മടിച്ചതാണ് പ്രിന്‍സിപ്പലിന്‍റെ അക്കൌണ്ടില്‍ പണമുണ്ടായിട്ടും ഇത് കൈമാറാല്‍ വൈകാനുണ്ടായ കാരണമായി പറയപ്പെടുന്നത്. പണം കൈമാറരുതെന്ന് മിശ്രക്ക് ലക്നൌവില്‍ നിന്നും നിര്‍ദേശം ലഭിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
Adjust Story Font
16