Quantcast

സ്വന്തം ത്രിവര്‍ണ പതാകയുമായി കര്‍ണ്ണാടക

MediaOne Logo

Subin

  • Published:

    29 May 2018 5:37 AM GMT

സ്വന്തം ത്രിവര്‍ണ പതാകയുമായി കര്‍ണ്ണാടക
X

സ്വന്തം ത്രിവര്‍ണ പതാകയുമായി കര്‍ണ്ണാടക

ജനവികാരം തങ്ങള്‍ക്ക് എതിരാണെന്ന് മനസിലാക്കിയ ബി.ജെ.പി തല്‍ക്കാലം വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

കര്‍ണാടകക്ക് പുതിയ ത്രിവര്‍ണ പതാക. നാദ ധ്വജ എന്ന പേരിട്ട ചുവപ്പ്, വെള്ള, മഞ്ഞ നിറത്തിലുള്ള ത്രിവര്‍ണ പതാകക്ക് സംസ്ഥാന കാബിനറ്റ് അംഗീകാരം നല്‍കി. സംസ്ഥാനത്തിന്റെ ചിഹ്നമായ ഗണ്ഢ ബരുണ്ട എന്ന മിത്തിക്കല്‍ പക്ഷിയും പതാകയുടെ നടുവില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കര്‍ണാടക ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് പതാക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് കര്‍ണാടക ഡവലപ്പ്‌മെന്റ് അതോറിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പതാക കൈമാറിയത്. പതാക ഏറ്റുവാങ്ങിയ മുഖ്യമന്ത്രി താന്‍ ഇത് കേന്ദ്രത്തിന് അയച്ചുകൊടുമെന്ന് ഉറപ്പുനല്‍കി. സംസ്ഥാനങ്ങള്‍ക്കും പതാകകള്‍ ഉണ്ടാകാമെന്നും നമ്മുടെ ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തേ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഒരു പതാക സര്‍ക്കാറും കന്നഡ സംഘടനകളും അനൗദ്യോഗികമായി ഉപയോഗിച്ചിരുന്നു. സര്‍ക്കാര്‍ ചടങ്ങുകളിലും ഇത് ഉപയോഗിക്കാറുണ്ട്. ഔദ്യോഗിക പതാക വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പതാക ഒരുക്കിയത്.

കമ്മിറ്റിയുടെ രൂപീകരണം ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോരിന് ഇടയാക്കിയിരുന്നു. സിദ്ധരാമയ്യ വിഭജനത്തിന്റെ രാഷ്ട്രീയമാണ് പിന്തുടരുന്നതെന്ന് ശോഭ കരന്ദലജെ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജനവികാരം തങ്ങള്‍ക്ക് എതിരാണെന്ന് മനസിലാക്കിയ ബി.ജെ.പി തല്‍ക്കാലം വിഷയത്തില്‍ മൗനം പാലിക്കുകയാണ്. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും വിഷയത്തില്‍ സിദ്ധരാമയ്യ സര്‍ക്കാറിന് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന.

TAGS :

Next Story