Quantcast

നിങ്ങളുടെ അമ്മയും പീഡനത്തിന് ഇരയായിട്ടുണ്ട് - മക്കള്‍ക്ക് മേരികോമിന്‍റെ തുറന്ന കത്ത്

MediaOne Logo
നിങ്ങളുടെ അമ്മയും പീഡനത്തിന് ഇരയായിട്ടുണ്ട് - മക്കള്‍ക്ക് മേരികോമിന്‍റെ തുറന്ന കത്ത്
X

നിങ്ങളുടെ അമ്മയും പീഡനത്തിന് ഇരയായിട്ടുണ്ട് - മക്കള്‍ക്ക് മേരികോമിന്‍റെ തുറന്ന കത്ത്

നമ്മുടെ ശരീരങ്ങളുടെ ഉടമസ്ഥാവകാശം നമ്മളില്‍ തന്നെ നിക്ഷിപ്തമാണെന്ന വലിയ സത്യം ഇന്ത്യയിലെ എല്ലാ മക്കളെയും ഓര്‍മ്മപ്പെടുത്തിയില്ലെങ്കില്‍ ഒരു അമ്മ എന്ന നിലയില്‍ എന്‍റെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ ഞാന്‍ പരാജയപ്പെടും

പതിനേഴാം വയസില്‍ താനും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മക്കളോട് തുറന്നു പറഞ്ഞ് ബോക്സിങ് താരം മേരി കോമിന്‍റെ കത്ത്, ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ തുറന്ന കത്തിലാണ് മേരികോം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനായി അന്താരാഷ്ട്ര വേദികളില്‍ വീറോടെ പോരാടി മെഡലുകള്‍ സ്വന്തമാക്കുകയും അംഗീകാരം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരു സ്ത്രീ എന്ന നിലയില്‍ ബഹുമാനിക്കപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കത്തില്‍ മേരി കോം വ്യക്തമാക്കുന്നു. മൂന്ന് ആണ്‍ കുട്ടികളുടെ മാതാവാണ് മേരി.

'ഞങ്ങള്‍ വനിതകള്‍ ഉയരങ്ങള്‍ കീഴടക്കുകയും പുരുഷന്‍മാരുടേതെന്ന് കരുതുന്ന മേഖലകളിലേക്ക് കടന്നു കയറുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചില പുരുഷന്‍മാരുടെ കണ്ണുകളില്‍ ഞങ്ങളുടെ ദേഹം മാത്രമാണ് പരിഗണനയിലുള്ള ഏക ഘടകം. പ്രിയ മക്കളെ, ഒരു കാര്യം മനസിലാക്കുക, നിങ്ങളെ പോലെ തന്നെ രണ്ട് കണ്ണുകളും ഒരു മൂക്കുമുള്ളവരാണ് ഞങ്ങളും. പുരുഷന്‍മാരെ അപേക്ഷിച്ച് ഞങ്ങളുടെ ചില ശരീര ഭാഗങ്ങള്‍ വ്യത്യസ്തമാണ്. അതുതന്നെയാണ് ഞങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്നതും. എല്ലാ പുരുഷന്‍മാരെയും പോലെ തന്നെ മസ്തിഷ്കം ഉപയോഗിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഹൃദയം കൊണ്ടാണ് വികാരം ഉള്‍കൊള്ളുന്നതും. ശരീരത്തിലേക്കുള്ളല അനാവശ്യമായ കടന്നു കയറ്റം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല ' - കത്ത് പറയുന്നു.

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണെന്നും ഒരു സ്ത്രീയുടെ ആഗ്രഹത്തിനു വിരുദ്ധമായി സമ്മതമില്ലാതെ അവളുടെ ശരീരത്തില്‍ തൊടുന്നതു കൊണ്ട് പുരുഷന് എന്ത് ആനന്ദമാണ് ലഭിക്കുന്നതെന്ന് തനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും വ്യക്തമാക്കുന്ന മേരി കോം എന്നെങ്കിലും ഒരു സ്ത്രീ പുരുഷ പീഡനത്തിന് ഇരയാകുന്നത് കണ്ടാല്‍ സംരക്ഷിക്കാന്‍ മറക്കരുതെന്ന് മക്കളെ ഓര്‍മ്മപ്പെടുത്തുന്നു.

രാജ്യം എനിക്ക് പ്രശസ്തിയും അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ഒരു എംഎസ് ധോണിയെയോ കൊഹ്‍ലിയെയോ തിരിച്ചറിയുന്നതുപോലെ എന്നെ റോഡില്‍ ആരും തിരിച്ചറിയുകയില്ല. അതില്‍ അത്രകണ്ട് വിഷമമില്ലെങ്കിലും ചൈനക്കാരി എന്ന പരിഹാസ വിശേഷണത്തിന് ഞാന്‍ ഒരിക്കലും അര്‍ഹിക്കുന്നില്ല. അത് വേദനാജനകമാണ്. രാജ്യസഭാംഗമെന്ന നിലയില്‍ രാജ്യത്തെ സ്ത്രീ പീഡനങ്ങള്‍ക്കെതിരെ കഴിയാവുന്ന വിധം പ്രതികരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. നമ്മുടെ ശരീരങ്ങളുടെ ഉടമസ്ഥാവകാശം നമ്മളില്‍ തന്നെ നിക്ഷിപ്തമാണെന്ന വലിയ സത്യം ഇന്ത്യയിലെ എല്ലാ മക്കളെയും ഓര്‍മ്മപ്പെടുത്തിയില്ലെങ്കില്‍ ഒരു അമ്മ എന്ന നിലയില്‍ എന്‍റെ ചുമതല നിര്‍വ്വഹിക്കുന്നതില്‍ ഞാന്‍ പരാജയപ്പെടും. അരുത് എന്ന ഒരു സ്ത്രീയുടെ വാക്കിനെ അംഗീകരിക്കുക, അതിനെ ബഹുമാനിക്കുക. അരുത് അല്ലെങ്കില്‍ പറ്റില്ല എന്ന് പറഞ്ഞതിന്‍റെ പേരില്‍ മാത്രം ഒരു സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊല്ലാതിരിക്കുക. ആണ്‍കുട്ടികള്‍ എന്നും ആണ്‍കുട്ടികളാണെന്നത് നമ്മള്‍ ഏറെ കേട്ടിട്ടുള്ള ഒന്നാണ്. സ്ത്രീകള്‍ സുരക്ഷിതരും ബഹുമാനിക്കപ്പെടുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ നമുക്ക് പരിശ്രമിക്കാം - മേരി കോം കത്ത് അവസാനിപ്പിക്കുന്നത് ഈ രീതിയിലാണ്.

TAGS :

Next Story