എസ്ഐഒ അഖിലേന്ത്യാ സമ്മേളനത്തില്‍ ശ്രദ്ധേയമായി 'മദര്‍ലാന്‍റ്' എക്സിബിഷന്‍
എസ്ഐഒ അഖിലേന്ത്യാ സമ്മേളനത്തില്‍ ശ്രദ്ധേയമായി 'മദര്‍ലാന്‍റ്' എക്സിബിഷന്‍
രാജ്യത്തെ നടുക്കിയ സംഭവങ്ങള്‍ക്കൊപ്പം ഫലസ്തീന്‍ പ്രതിരോധവും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്‍റെ തകര്‍ച്ചയാണ് പ്രദര്‍ശനത്തില്‍ കാണുന്നത് എന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി
മദര്‍ലാന്‍റ് എന്ന പേരില്‍ എസ്ഐഒ അഖിലേന്ത്യാ സമ്മേളന വേദിയില്‍ ഒരുക്കിയ എക്സിബിഷന്‍ ശ്രദ്ധേയമാകുന്നു. രാജ്യത്തെ നടുക്കിയ സംഭവങ്ങള്‍ക്കൊപ്പം ഫലസ്തീന്‍ പ്രതിരോധവും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്‍റെ തകര്‍ച്ചയാണ് പ്രദര്‍ശനത്തില്‍ കാണുന്നത് എന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി പറഞ്ഞു. ''ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ തകര്‍ച്ചയാണിത് കാണിക്കുന്നത്. ജനാധിപത്യത്തിന് അപമാനമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് ഇവിടെയുള്ളത്.'' അദ്ദേഹം പറഞ്ഞു.
കശ്മീരിലെ കുനാന്‍, പുഷ്പോറയില്‍ 1991 ല്‍ സൈനികരാല്‍ മാനഭംഗത്തിന് ഇരയായി മരണപ്പെട്ടവരുടെ ഖബറിടങ്ങളാണ് മദര്‍ലാന്‍റിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നത്. ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ നജീബിന്‍റെയും ജെഎന്‍യുവില്‍ കാണാതായ നജീബിന്‍റെയും അടക്കം നാല് അമ്മമാര്‍. കാഴ്ച്ചക്കാരനില്‍ നടുക്കമുയര്‍ത്തി ഗുജറാത്ത് കലാപത്തിന്‍റെ ദൃശ്യങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ഫലസ്തീന്‍ പോരാളികളുടെ പ്രതിരോധ ബിംബങ്ങളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. നീതിപീഠത്തിന്‍റെ ദയ കാത്ത് ഇരുളറക്കുള്ളില്‍ അന്തിയുറങ്ങുന്ന അബ്ദുന്നാസര്‍ മഅ്ദനി, സ്വാതന്ത്ര്യത്തിനായി പിടഞ്ഞു മരിച്ച മലബാറിലെ പോരാളികളെ ഓര്‍മപ്പെടുത്തുന്ന വാഗണ്‍ ട്രാജഡി, എന്‍റെ ജന്മമാണ് എന്‍റെ ഏറ്റവും വലിയ അപകടം എന്നെഴുതി വെച്ച് ഒരു മുഴം കയറില്‍ ജീവന്‍ വെടിഞ്ഞ രോഹിത് വെമുലയുടെ കിടപ്പു മുറി തുടങ്ങി മാതൃരാജ്യത്തിന്‍റെയും മാതാക്കളുടെയും കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ക്കാണ് പ്രദര്‍ശന നഗരി പുനര്‍ജന്മം നല്‍കിയിരിക്കുന്നത്.
Adjust Story Font
16