ഭാര്യ വൈകി എഴുന്നേല്‍ക്കുന്നു, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല: വിവാഹമോചനം തേടി യുവാവ്
ഭാര്യ വൈകി എഴുന്നേല്‍ക്കുന്നു, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല: വിവാഹമോചനം തേടി യുവാവ്
തനിക്കൊപ്പം സമയം ചെലവഴിക്കാറില്ല. താന്‍ ജോലി കഴിഞ്ഞെത്തിയാല്‍ തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരാറില്ല..
വൈകി എഴുന്നേല്‍ക്കുന്നു, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല തുടങ്ങി, ഒരു ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളൊന്നും തന്റെ ഭാര്യ നിര്‍വഹിക്കുന്നില്ലെന്നും, അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് മുംബൈ സ്വദേശിയായ യുവാവ് ബോംബെ കോടതിയെ സമീപിച്ചത്. തന്റെ ഹരജി തള്ളിയ കുടുംബ കോടതി വിധിക്കെതിരെയായിരുന്നു ഇത്. എന്നാല്‍ കുടുംബകോടതി വിധി ശരിവെച്ച ഹൈകോടതി ഹരജി തള്ളി.
ഉദ്യോഗസ്ഥ കൂടിയായ ഭാര്യ, ജോലി കഴിഞ്ഞുവരുമ്പോള്‍ സാധനങ്ങള്‍ വാങ്ങിയാണ് വീട്ടിലെത്താറുള്ളതെന്നും, പരാതിക്കാരനും മാതാപിതാക്കള്‍ക്കും വേണ്ടി ഭക്ഷണമുണ്ടാക്കാറുണ്ടെന്നും വീട്ടിലെ മറ്റ് ജോലികള്‍ ചെയ്യാറുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല, ഭാര്യ രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നുള്ളതോ, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നില്ലെന്നുള്ളതോ വിവാഹമോചനത്തിന് മതിയായ കാരണമല്ലെന്നും കോടതി പറഞ്ഞു.
യുവാവ് പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നുള്ള പിതാവിന്റെ സത്യവാങ്മൂലം മാത്രമാണ് കോടതിയില്‍ യുവാവ് തെളിവായി ഹാജരാക്കിയത്. നേരത്തെ എഴുന്നേല്‍ക്കാന്‍ പറഞ്ഞതിന് ഭാര്യ തന്നെയും മാതാപിതാക്കളെയും അധിക്ഷേപിക്കാറുണ്ടെന്നും യുവാവിന്റെ പരാതിയിലുണ്ട്. ഡ്യൂട്ടികഴിഞ്ഞ് വൈകീട്ട് ആറുമണിക്കെത്തിയാലും ഒന്ന് കിടന്നുറങ്ങിയതിന് ശേഷം രാത്രി 8.30 ആയാലേ രാത്രി ഭക്ഷണം തയ്യാറാക്കാറുള്ളൂ.. രുചിയുള്ള ഭക്ഷണം ഉണ്ടാക്കാറില്ല.. എല്ലാവര്‍ക്കും ആവശ്യമായ അളവിലുള്ള ഭക്ഷണം ഉണ്ടാക്കാറില്ല, തനിക്കൊപ്പം സമയം ചെലവഴിക്കാറില്ല. താന്‍ ജോലി കഴിഞ്ഞെത്തിയാല്‍ തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരാറില്ല.. ഇതെല്ലാമായിരുന്നു വിവാഹമോചനത്തിനുള്ള കാരണമായി യുവാവിന്റെ പരാതിയിലുണ്ടായിരുന്നത്.
എന്നാല്‍ യുവാവിന്റെ ആരോപണങ്ങളൊക്കെ നിഷേധിച്ച ഭാര്യയായ യുവതി, വീട്ടിലുള്ള എല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കിവെച്ചതിന് ശേഷം മാത്രമാണ് താന്‍ ജോലിക്ക് പോയിരുന്നതെന്ന് കോടതിയെ അറിയിച്ചു. തെളിവായി ബന്ധുക്കളുടെയും അയല്‍വാസികളുടെയും സാക്ഷിമൊഴികളും ഹാജരാക്കി. തങ്ങള്‍ യുവതിയെ വീട്ടില്‍ വെച്ച് കാണുമ്പോഴൊക്കെ യുവതി വീട്ടുജോലികളുടെ തിരക്കുകളിലായിരുന്നുവെന്നായിരുന്നു സാക്ഷിമൊഴികളെല്ലാം. തന്നെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
യുവതി പരാതിക്കാരനോടും മാതാപിതാക്കളോടും മോശമായി പെരുമാറിയിരുന്നുവെന്ന പരാതി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് വൈകി വീട്ടിലെത്തുമ്പോള്‍ ഭാര്യ പാചകത്തിന്റെ തിരക്കിലായിരിക്കുന്നതിനാല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടുതന്നെ ഇത് വിവാഹമോചനം അനുവദിക്കാന്‍ തക്ക ക്രൂരതയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ജോലിക്കാരി കൂടിയായതിനാല്‍ എന്നും രാവിലെയും വൈകുന്നേരവും വീട്ടുജോലികള്‍ ചെയ്യേണ്ടി വരുന്നുവെന്നുള്ളതും, ജോലി കഴിഞ്ഞ് വരുമ്പോള്‍ പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും വീട്ടിലേക്ക് വാങ്ങി വരാറുണ്ടെന്നുള്ളത് കാണാതിരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങളൊക്കെ ബോധ്യപ്പെട്ടതിനാല്‍ യുവാവിന്റെ ഹരജി പരിഗണിക്കാനാകില്ലെന്നും അതിനാല്‍ തള്ളുകയാണെന്നുമായിരുന്നു കോടതിയുടെ വിധി.
Adjust Story Font
16