കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: മോദിയുടെ റാലിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്: മോദിയുടെ റാലിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി
പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോള്‍ ബിജെപിയുടെ അഴിമതിയിലൂന്നിയ പ്രചാരണം ബിജെപിയെ തിരിഞ്ഞ് കുത്തുന്ന സാഹചര്യമാണ് കര്‍ണാടകയില്‍ ഉള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം. ചാമരാജ് നഗര്‍ ജില്ലിയിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ബെല്ലാരിയിലെ റെഡ്ഢി സഹോദരന്മാരുടെ വിഷയത്തില്‍ ബിജെപി പ്രതിരോധത്തിലാണ്. ഈ സാഹചര്യത്തില്‍ മോദിയുടെ പ്രചാരണ പരിപാടികള്‍ ഏറെ പ്രതീക്ഷയോടെയാണ് ബിജെപി നോക്കിക്കാണുന്നത്.
സിദ്ധാരാമയ്യ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചാണ് കര്‍ണാടകയില്‍ ബിജെപി പ്രചാരണം തുടങ്ങിയത്. എന്നാല്‍ പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോള്‍ ബിജെപിയുടെ അഴിമതിയിലൂന്നിയ പ്രചാരണം ബിജെപിയെ തിരിഞ്ഞ് കുത്തുന്ന സാഹചര്യമാണ് കര്‍ണാടകയില്‍ ഉള്ളത്.
ഖനി അഴിമതിക്കേസിലെ മുഖ്യപ്രതി ജനാര്‍ദ്ധന റെഡ്ഢി ബിജെപി പ്രചാരണ വേദികളില്‍ സജീവമായതും റെഡ്ഢിയുടെ സഹോദരന്മാര്‍ക്കും കൂട്ടാളികള്‍ക്കും സീറ്റ് അനുവദിച്ചതുമെല്ലാം ശക്തമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ട് വന്നതോടെ ബിജെപി പ്രതിരോധത്തിലായി. ബെല്ലാരിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലി പോലും റദ്ദാക്കേണ്ടി വന്നു. ഇതില്‍ ശ്രദ്ധ തിരിക്കാന്‍ രാഹുല്‍ ഗാന്ധി വന്ദേമാതരത്തെ നിന്ദിച്ചുവെന്ന പ്രചാരണം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ബിജെപി ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. ഈ തരത്തില്‍ പ്രചാരണത്തില്‍ കാലിടറി നില്‍ക്കുന്ന സാഹചര്യത്തിലാണ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ പ്രചാരണ പരിപാടി. ഓള്‍ മൈസൂര്‍ മേഖലയിലെ ചാമരാജ് നഗറിലാണ് മോദി ആദ്യമെത്തുന്നത്.
2013ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും ജയിച്ചത് കോണ്‍ഗ്രസായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മോദിയുടെ ആദ്യ റാലി തന്നെ ഇവിടെ നിശ്ചയിച്ചതെന്നാണ് വിവരം. ഉടുപ്പിയിലും ചിക്കോടിയിലും മോദി നാളെ സംസാരിക്കും. മെയ് പന്ത്രണ്ട് വരെ പതിനാറോളം റാലികളിലായിരിക്കും മോദി സംസാരിക്കുക. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി നടത്തുന്ന കടന്നാക്രമണത്തിലൂടെ
ഇപ്പോഴുണ്ടായ പിന്നോട്ട് പോക്ക് പരിഹരിക്കാമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
Adjust Story Font
16