ഗുജറാത്ത് വംശഹത്യ: തന്റെ ചിത്രം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് കുത്തുബുദ്ദീന്‍ അന്‍സാരി
ഗുജറാത്ത് വംശഹത്യ: തന്റെ ചിത്രം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് കുത്തുബുദ്ദീന്‍ അന്‍സാരി
തന്നെയും തന്റെ ചിത്രവും ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഗുജറാത്ത് വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട കുത്തുബുദ്ദീന്‍ അന്‍സാരി.
തന്നെയും തന്റെ ചിത്രവും ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഗുജറാത്ത് വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട കുത്തുബുദ്ദീന്‍ അന്‍സാരി. വര്‍ഷങ്ങളായി പലരും തന്റെ ചിത്രം ഉപയോഗിച്ച് വരികയാണെന്നും അത് ജീവിതം ദുഷ്കരമാക്കുന്നതായും അന്‍സാരി പറഞ്ഞു. അസ്സം, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് അന്‍സാരിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതികരണം.
2002 ലെ ഗുജറാത്ത് വംശഹത്യയില്‍ ഒരിക്കലും മറക്കാത്ത മുഖങ്ങളിലൊന്നാണ് കുത്തുബുദ്ദീന്‍ അന്‍സാരി. ജീവനുവേണ്ടി യാചിക്കുന്ന കുത്തുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും പലതവണ ചര്‍ച്ചയായതാണ്. എന്നാല്‍ ചര്‍ച്ചകള്‍ ആവര്‍ത്തിക്കും തോറും ജീവിതം ദുഷ്കരമാവുകയാണെന്നാണ് കുത്തുബുദ്ദീന്‍ അന്‍സാരിയുടെ പ്രതികരണം. ഒരിക്കല്‍ ജീവന്‍ തിരിച്ചു തന്ന ചിത്രം തന്നെ ഇന്നെന്റെ ജീവിതം തകര്‍ക്കുകയാണ്. കലാപത്തിനിടെ തന്നെ മരിച്ചിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ തന്റെ കുട്ടികളുടെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതില്ലായിരുന്നു. എന്തിനാണ് അച്ഛന്‍ എപ്പോഴും യാചിക്കുന്നതും കരയുന്നതും എന്നാണ് ചിത്രം കണ്ട് കുട്ടികള്‍ ചോദിക്കുന്നത്. എന്തിനാണ് മറ്റുള്ളവര്‍ തന്നെ ഉപയോഗിക്കുന്നത് എന്ന് അറിയില്ല. ഗുജറാത്തിലെ ജീവിതത്തെ ഇത് ദുഷ്കരമാക്കുകയാണ് എന്നും അന്‍സാരി പറഞ്ഞു. 14 വര്‍ഷമായി രാഷ്ട്രീയ നേട്ടങ്ങള്‍ക്കും തീവ്രവാദ ബന്ധമാരോപിച്ചും ചിത്രം പ്രചരിപ്പിച്ചു എന്നും ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് അന്‍സാരി ആവശ്യം. അസ്സം, ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിക്കെതിരായി കോണ്‍ഗ്രസ് ഉപയോഗിച്ചത് അന്‍സാരിയുടെ ചിത്രമായിരുന്നു. ബിജെപിയുടെ വികസനത്തെ ചോദ്യം ചെയ്തായിരുന്നു കോണ്‍ഗ്രസിന്റെ പോസ്റ്റര്‍. അസ്സമിനെയും മറ്റൊരു ഗുജറാത്താക്കണോ നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു അന്‍സാരിയുടെ ചിത്രം സഹിതമുള്ള പോസ്റ്ററുകളിലുണ്ടായിരുന്നത്.
Adjust Story Font
16