Quantcast

ഞങ്ങളെ കൊന്നോളൂ... മ്യാന്‍മറിലേക്ക് തിരിച്ചയക്കരുത്: റോഹിങ്ക്യന്‍ മുസ്‍ലിംകള്‍

MediaOne Logo

Alwyn K Jose

  • Published:

    31 May 2018 8:59 AM GMT

ഞങ്ങളെ കൊന്നോളൂ... മ്യാന്‍മറിലേക്ക് തിരിച്ചയക്കരുത്: റോഹിങ്ക്യന്‍ മുസ്‍ലിംകള്‍
X

ഞങ്ങളെ കൊന്നോളൂ... മ്യാന്‍മറിലേക്ക് തിരിച്ചയക്കരുത്: റോഹിങ്ക്യന്‍ മുസ്‍ലിംകള്‍

ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനം നേരിടുന്ന വിഭാഗമാണ് മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍.

ലോകത്ത് ഏറ്റവും കൊടിയ വംശീയ പീഡനം നേരിടുന്ന വിഭാഗമാണ് മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും ഈ പീഡനങ്ങള്‍ക്കും കൂട്ടക്കൊലക്കും നേതൃത്വം നല്‍കുന്നവരാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെയാണ് ഒരു വലിയ വിഭാഗം ഇന്ത്യന്‍ മണ്ണില്‍ അഭയം പ്രാപിച്ചതും. എന്നാല്‍ റോഹിങ്ക്യകളുടെ ഇടയില്‍ ആശങ്ക വിതച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ നീക്കം തുടങ്ങി കഴിഞ്ഞു. റോഹിങ്ക്യന്‍ മുസ്‍ലിംകളെ നാടുകടത്താനാണ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍, ഞങ്ങളെ കൊന്നോളൂ... മ്യാന്‍മറിലേക്ക് തിരിച്ചയക്കരുതേയെന്നാണ് റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ പറയുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ അഭയാര്‍ഥികളാണ് കഴിയുന്നത് ജമ്മുവിലാണ്. അവിടുത്തെ ക്യാമ്പുകളില്‍ ഏഴായിരത്തോളം റോഹിങ്ക്യകളാണുള്ളത്. ഇതു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളുള്ളത് ഹൈദരാബാദിലാണ്. ഇവിടെ 3800 ലേറെ പേരാണുള്ളത്. അഭയാര്‍ഥി ജീവിതവും ദുരിതം പിടിച്ചതാണെങ്കിലും ആക്രമണങ്ങളെ ഭയക്കാതെ ജീവിക്കാന്‍ കഴിയും അവര്‍ക്കിവിടെ. അവര്‍ മ്യാന്‍മറില്‍ നേരിട്ട പീഡനങ്ങളുമായി താരതമ്യം ചെയ്താല്‍ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ക്ക് അഭയാര്‍ഥി ക്യാമ്പുകള്‍ ആശ്വാസ കേന്ദ്രങ്ങളാണ്. അതുകൊണ്ട് തന്നെയാണ് തിരിച്ചുപോകുന്നതിലും നല്ലത് മരണമാണെന്ന് അവര്‍ പറയാന്‍ കാരണവും. ഹൈദരാബാദിലെ ക്യാമ്പിലുള്ളവരാണ് നരകതുല്യമായ പീഡനങ്ങള്‍ നേരിടാന്‍ തിരിച്ചുപോകുന്നതിലും നല്ലത് മരണമാണെന്ന് പറയുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി അവര്‍ ഇവിടെ ജീവിക്കാന്‍ തുടങ്ങിയിട്ട്. അറവുശാലയിലേക്ക് തിരിച്ചുനടക്കുന്നതുപോലെയാകും കേന്ദ്രസര്‍ക്കാര്‍ നടപടി പൂര്‍ത്തിയാലെന്നും അവര്‍ പറയുന്നു. മാനുഷിക പരിഗണനയെങ്കിലും നല്‍കി തങ്ങളെ തിരിച്ചുവിടരുതെന്നാണ് അവര്‍ കേഴുന്നത്. ''ഈ മണ്ണില്‍ ജീവിക്കാന്‍ അനുവദിച്ച ഇന്ത്യയോട് ഒരുപാട് നന്ദിയുണ്ട്. തങ്ങളെ നാടുകടത്തണമെങ്കില്‍ സര്‍ക്കാരിന് അത് നിഷ്‍പ്രയാസം കഴിയും. പക്ഷേ അതിലും നല്ലത് തങ്ങളെ ഇവിടെ തന്നെ വച്ച് കൊല്ലുന്നതായിരിക്കും''- അബ്ദുല്‍ റഹീം പറയുന്നു. 2012 മുതല്‍ ഭാര്യയും മൂന്നു മക്കളുമായാണ് 32 കാരനായ റഹീം ക്യാമ്പില്‍ കഴിയുന്നത്.

ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യമായ മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വര്‍ഷങ്ങളായി കൊടിയ പീഡനങ്ങളാണ് നേരിടുന്നത്. സുരക്ഷ വാഗ്ദാനം ചെയ്യുന്ന മ്യാന്‍മര്‍ ഭരണകൂടം ഒരിക്കല്‍ പോലും വാക്കുപാലിച്ചിട്ടില്ലെന്ന് 63 കാരനായ മുഹമ്മദ് യൂനുസ് പറയുന്നു. മൂന്നു തവണയാണ് താന്‍ അഭയാര്‍ഥിയാകുന്നതെന്നും യൂനുസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു, റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചത്.

Next Story