എസ്‍സി, എസ്ടി നിയമം ദുര്‍ബലപ്പെടുത്തുന്ന മാര്‍ഗരേഖക്ക് സ്റ്റേയില്ല
എസ്‍സി, എസ്ടി നിയമം ദുര്‍ബലപ്പെടുത്തുന്ന മാര്‍ഗരേഖക്ക് സ്റ്റേയില്ല
വിധി സംബന്ധിച്ച് സുപ്രീംകോടതി പുറത്തിറക്കിയ മാര്‍ഗരേഖ നിലനില്‍ക്കും. ഇക്കാര്യത്തില്‍ വിശദമായ വാദം പിന്നീടെന്നും കോടതി വ്യക്തമാക്കി
പട്ടികജാതി, പട്ടിക വിഭാഗ പീഡന നിരോധന നിയമത്തില്‍ ഇളവ് അനുവദിച്ച വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വിധി വായിക്കാത്തവരാണ് പ്രതിഷേധിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്‍സി, എസ്‍ടി നിയമത്തിലെ ഇളവിന് എതിരായ പുനപരിശോധന ഹരജി പെട്ടെന്ന് പരിഗണിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. നൂറുകണക്കിന് വര്‍ഷങ്ങളായി ദലിത് വിഭാഗക്കാര്‍ അടിച്ചമര്‍ത്തലുകള്‍ നേരിട്ട് കൊണ്ടിരിക്കുകയാണെന്നും ഭരണഘടനയുടെ 21ആം വകുപ്പ് പ്രകാരം സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.
എന്നാല്‍ നിയമത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് യു യു ലളിത്, എ കെ ഗോയല്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. അഴിക്കുള്ളിലായ നിരപരാധികളെ കുറിച്ച് മാത്രമാണ് തങ്ങള്‍ ശ്രദ്ധിക്കുന്നത്. സിആര്‍പിസി പ്രകാരമാണ് ഇടപെട്ടത് എന്നും കോടതി വ്യക്തമാക്കി. വിധി വായിക്കാതെയാണ് തെരുവിലുള്ള പ്രതിഷേധമെന്നും കോടതി നിരീക്ഷിച്ചു. നിക്ഷിപ്ത താല്‍പര്യക്കാരാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍. വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
കേസില്‍ കക്ഷികളായവര്‍ക്ക് രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാം എന്നും കോടതി വ്യക്തമാക്കി. 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
Adjust Story Font
16