Quantcast

നടന്നത് നാടകീയ രംഗങ്ങള്‍: സുപ്രീം കോടതിക്കും രാജ്യത്തിനും ഉറക്കമില്ലാത്ത രാത്രി

MediaOne Logo

Khasida

  • Published:

    31 May 2018 12:43 PM GMT

നടന്നത് നാടകീയ രംഗങ്ങള്‍: സുപ്രീം കോടതിക്കും രാജ്യത്തിനും ഉറക്കമില്ലാത്ത രാത്രി
X

നടന്നത് നാടകീയ രംഗങ്ങള്‍: സുപ്രീം കോടതിക്കും രാജ്യത്തിനും ഉറക്കമില്ലാത്ത രാത്രി

യെദിയൂരപ്പയ്ക്ക് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് സുപ്രീംകോടതി.

യെദിയൂരപ്പയെ കര്‍ണാടക ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി അറിയിച്ചു. നേരത്തെ നിശ്ചയിച്ചതുപോലെ രാവിലെ ഒമ്പതിന് തന്നെ യെദിയൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്നും കോടതി പറഞ്ഞു. ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ഗവര്‍ണറുടെ ഉത്തരവ് കോടതിക്ക് മരവിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് അനുവദിച്ച 15 ദിവസമെന്നത് കുറയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തിലും അനുകൂലമായ തീരുമാനമുണ്ടായില്ല. ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്നായിരുന്നു കോടതി പറഞ്ഞത്. ഗവര്‍ണര്‍ക്ക് നോട്ടീസയക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. അങ്ങനെയൊരാള്‍ക്ക് നോട്ടീസയക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. യെദിയൂരപ്പയെ കക്ഷി ചേര്‍ക്കും. ആദ്യം സത്യപ്രതിജ്ഞ നടക്കട്ടെ. എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസയക്കുന്നുണ്ട്. അതിന് ശേഷം എല്ലാവരുടെയും വാദങ്ങള്‍ വിശദമായി പിന്നീടു കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ഹരജി വെള്ളിയാഴ്ച രാവിലെ 10.30 ന് വീണ്ടും പരിഗണിക്കും.

എന്നാല്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള കാര്യങ്ങള്‍ കോടതിയുടെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് യെദിയൂരപ്പ നല്‍കിയ കത്ത് ഹാജരാക്കണമെന്നും കോടതി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിലെ നിയമപരമായ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. കോടതിയുടെ നിലപാട് വാക്കാല്‍ വ്യക്തമാക്കിയിട്ടേയുള്ളു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി തീരുമാനമെടുത്തത്.

വിധി പ്രഖ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് അഭിഭാഷകന്‍ അഭിഷേക് സിങ്‍വി യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒമ്പത് എന്നതിന് പകരം വൈകിട്ട് നാലുമണിയിലേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഇതിനെ എതിര്‍ക്കുകയായിരുന്നു.

അത്യന്തം നാടകീയമായ രംഗങ്ങളാണ് കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നത്. യെദിയൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. ഇതിന് പിന്നാലെ സുപ്രീംകോടതി രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കണ്ടതോടെയാണ് അസാധാരണ നടപടിക്ക് കളമൊരുങ്ങിയത്.

കോണ്‍ഗ്രസിന്റെ ഹര്‍ജി പുലര്‍ച്ചെ 1.45 നാണ് കോടതി പരിഗണിച്ചത്. ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രി, അശോക് ഭൂഷണ്‍, ബോബ്‌ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിച്ചത്. കോണ്‍ഗ്രസിന് വേണ്ടി മനു അഭിഷേക് സിങ്‍വിയാണ് ഹാജരായത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. ഗോപാലും ബിജെപിക്കുവേണ്ടി മുകുള്‍ റോത്തഗിയും ഹാജരായി.

TAGS :

Next Story