ഇന്ത്യ ബലൂചിസ്ഥാനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം: കര്‍സായി
ഇന്ത്യ ബലൂചിസ്ഥാനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം: കര്‍സായി
മേഖലയില്‍ ഭീകരത വളര്‍ത്തുന്നത് ആരാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും എല്ലാ അയല്‍രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ പാകിസ്താനെ കുറിച്ച് ഒരേ പരാതിയാണ് ഉള്ളതെന്നും കര്‍സായി
ബലൂചിസ്ഥാനിലെ ജനങ്ങളുടെ ദുരിതത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനകള്‍ സ്വാഗതാര്‍ഹമാണെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി. മേഖലയില്‍ ഭീകരത വളര്‍ത്തുന്നത് ആരാണെന്ന് പകല്‍ പോലെ വ്യക്തമാണെന്നും എല്ലാ അയല്‍രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ പാകിസ്താനെ കുറിച്ച് ഒരേ പരാതിയാണ് ഉള്ളതെന്നും കര്‍സായി ചൂണ്ടിക്കാട്ടി. കശ്മീരിലെ ജനങ്ങള്‍ ആരാണ് ശത്രു എന്നും ആരാണ് മിത്രമെന്നും തിരിച്ചറിയേണ്ടതുണ്ടെന്നും രാജ്യസഭാ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ബലൂചിസ്ഥാനിലെ ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതം ഇന്ത്യ അംഗീകരിച്ചതും അവരോട് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചതും നല്ല കാര്യമാണെന്നും പാകിസ്താന്റെ ഏതൊരു പ്രകോപനത്തെയും നേരിടാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും ഹാമിദ് കര്‍സായി വ്യക്തമാക്കി. പാകിസ്താന്‍ അധികാരികള്‍ ഇന്ത്യയെ കുറിച്ചും അഫ്ഗാനിസ്താനെ കുറിച്ചും അവര്‍ക്കു തോന്നിയതു പോലെ സംസാരിക്കുന്നുണ്ട്. പക്ഷെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇതാദ്യമായാണ് ബലൂചിസ്ഥാനെ കുറിച്ച് സംസാരിച്ചത്. ബംഗ്‌ളാദേശ് വിദേശകാര്യമന്ത്രി ഹസനുല്‍ ഹഖ് ഇനു ദല്‍ഹി സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദിയെ പിന്തുണച്ചതിനു പിന്നാലെയാണ് മുന്‍ അഫ്ഗാന്‍ പ്രസിഡന്റും നിലപാട് വ്യക്തമാക്കിയത്.
പാകിസ്താനെ വിശ്വസിച്ച് കശ്മീരില്‍ പ്രക്ഷോഭം നടത്തുന്നവര്‍ അഫ്ഗാനിസ്താന്റെ അനുഭവത്തില്‍ നിന്നും പാഠം പഠിക്കണമെന്ന് കര്‍സായി ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്താന്റെ ദുരിതവും സംഘര്‍ഷങ്ങളും വര്‍ധിപ്പിക്കുക മാത്രമാണ് പാകിസ്താന്‍ ചെയ്തത്. ഇന്ത്യയാണ് അഫ്ഗാനെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ സാമ്പത്തികവും രാഷ്ട്രീയവും ആയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും ബംഗ്‌ളാദേശും ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടതെന്നും ഹാമിദ് കര്‍സായി അഭിപ്രായപ്പെട്ടു.
Adjust Story Font
16