Quantcast

കോടതികളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

MediaOne Logo

Ubaid

  • Published:

    2 Jun 2018 9:19 PM GMT

കോടതികളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം
X

കോടതികളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

2013 മുതല്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുന്നുണ്ട്

കോടതി മുറികളില്‍ പരീക്ഷണാര്‍ത്ഥം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ സുപ്രിം കോതി നിര്‍ദേശം. ഓരോ സംസ്ഥാനത്തെയും രണ്ട് ജില്ലാ കോടതികളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ക്യാമറകളില്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലെന്നും, വിവരാവകാശ നിയമപ്രകാരം കോടതി ദൃശ്യങ്ങള്‍ കൈമാറാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

കോടതി നടപടികള്‍ ക്യാമറയില്‍ പകര്‍ത്തണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. 2013 മുതല്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുന്നുണ്ട്. എന്നാല്‍ ആവശ്യത്തോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജികളും കോടതി തള്ളിയിരുന്നു.

ഏറ്റവും ഒടുവില്‍ 2016 ആഗസ്തില്‍ ചീഫ് ജസ്റ്റിസ് നിയമമന്ത്രാലയവുമായി നടത്തിയ ആശയവിനിമയത്തില്‍ ഇക്കാര്യത്തില്‍ വിപുലമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും, അതിന് ശേഷം അന്തിമ തീരുമാനം എടുക്കാമെന്നും അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ ജസ്റ്റിസുമാരായ ആദര്‍ശ് ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ച് പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടത്. ഓരോ സംസ്ഥാനത്തെയും രണ്ട് ജില്ലാ കോടതികളിലാണ് ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. നിര്‍ദേശം സുപ്രിംകോടതി 24 ഹൈക്കോടതികള്‍ക്കും നല്‍കി. കോടതി നടപടികളുടെ വീഡിയോ മാത്രമേ പകര്‍ത്താന്‍ പാടുള്ളൂ എന്നും, ഓഡിയോ റെക്കോര്‍ഡ് ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം ദൃശ്യങ്ങള്‍ നല്‍കാന്‍ പാടില്ല. ജില്ലാ ജഡ്ജും, സെഷന്‍ ജഡ്ജും ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്ന നിരീക്ഷിക്കണം. തുടര്‍ന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഴുവന്‍ കോടതികളിലും ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും സുപ്രിം കോടതി പറഞ്ഞു.

TAGS :

Next Story