Quantcast

യുപിയിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി

MediaOne Logo

Sithara

  • Published:

    2 Jun 2018 3:42 PM GMT

യുപിയിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി
X

യുപിയിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി

ബിഹാറില്‍ അരാരിയ ലോക്സഭാ മണ്ഡലത്തിലും ഭാബുവ, ജെഹാനാബാദ് നിയമസഭാ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശിലും ബിഹാറിലും ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമാപിച്ചു. യുപിയില്‍ ലോക്സഭാ മണ്ഡലങ്ങളായ ഗോരഘ് പൂരില്‍ 5 മണിവരെ 43 ഉം ഫുല്‍‌പൂരില്‍ 38 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തി. ബിഹാറില്‍ അഞ്ച് മണിവരെ അരാരിയ ലോക്സഭാ മണ്ഡലത്തില്‍ 54 ഉം ‍നിയമസഭാ മണ്ഡലങ്ങളായ ഭാബുവയില്‍ 57 ഉം ജെഹാനാബാദില്‍ 50 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി.

അതേസമയം, ബിഹാറില്‍ അരാരിയ മണ്ഡലത്തില്‍ ആര്‍ജെഡി ജയിച്ചാല്‍ മണ്ഡലം ഇസ്‍ലാമിക് സ്റ്റേറ്റിന്റെ താവളമാകുമെന്ന പരാമര്‍ശത്തില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ നിത്യനാഥ് റായിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകാനായി എംപി സ്ഥാനം രാജിവച്ചതോടെ ഘോരക്പൂരിലും ഉപമുഖ്യമന്ത്രി കേശപ്രസാദ് മൌര്യ രാജി വച്ചതോടെ ഫുല്‍പൂരിലും ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയായിരുന്നു. ബിജെപിയെ തുരത്താന്‍ എസ്‍പി യും- ബിഎസ്‍പിയും വൈര്യം മറന്ന് ഒന്നിച്ച് പ്രവര്‍ത്തിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പുകളുടെ പ്രത്യേകത. എന്നാല്‍ 2014 നേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

യോഗി ആദിത്യനാഥിന് പുറമെ കേന്ദ്രമന്ത്രി ശിവപ്രസാദ് ശുക്ല അടക്കമുള്ള പ്രമുഖര്‍ ഘോരക്പൂരില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ‌ബിഹാറില്‍ വിശാല മഹാസഖ്യം വിട്ട ശേഷം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു നേരിടുന്ന ആദ്യത്തെ പ്രധാന തെരഞ്ഞെടുപ്പുകള്‍ കൂടിയാണ് ഇന്നത്തേത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.

TAGS :

Next Story