Quantcast

ജയ; ജയിച്ച് മുന്നേറിയ ജീവിതം

MediaOne Logo

Sithara

  • Published:

    3 Jun 2018 6:51 PM GMT

ജയ; ജയിച്ച് മുന്നേറിയ ജീവിതം
X

ജയ; ജയിച്ച് മുന്നേറിയ ജീവിതം

ജീവിതം തരാന്‍ മടിച്ചതൊക്കെയും ജീവിതത്തോട് ചോദിച്ച് വാങ്ങി അവസാനശ്വാസം വരെ പോരാളിയായി ജീവിച്ച സ്ത്രീ. ശരി-തെറ്റ്, കറുപ്പ്-വെളുപ്പ് തുടങ്ങിയ ദ്വന്ദ്വങ്ങളിലൊന്നും ഒതുക്കാന്‍ പറ്റാത്ത പെണ്‍കരുത്ത്.

ജീവിതം തരാന്‍ മടിച്ചതൊക്കെയും ജീവിതത്തോട് ചോദിച്ച് വാങ്ങി അവസാനശ്വാസം വരെ പോരാളിയായി ജീവിച്ച സ്ത്രീ- അതാണ് ഒറ്റവാചകത്തില്‍ ജയലളിത. ശരി-തെറ്റ്, കറുപ്പ്-വെളുപ്പ് തുടങ്ങിയ ദ്വന്ദ്വങ്ങളിലൊന്നും ഒതുക്കിനിര്‍ത്തി വിലയിരുത്താന്‍ പറ്റാത്ത പെണ്‍കരുത്ത്. കലാകാരി, നേതാവ്, ഭരണാധികാരി എന്നിങ്ങനെ അവരുടെ വളര്‍ച്ച പൊതുവെ പറയപ്പെടുന്ന പോലെ എംജിആറിന്റെ സ്നേഹത്തണല്‍ കൊണ്ട് മാത്രം സംഭവിച്ചതല്ലെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ വ്യക്തമാകും. പ്രതിസന്ധികളില്‍ തളര്‍ന്ന് പോവുന്ന സ്ത്രീ ആയിരുന്നെങ്കില്‍ എംജിആറിന്റെ ശവമഞ്ചത്തിനരികില്‍ നിന്നും തള്ളിപ്പുറത്താക്കപ്പെട്ടതോടെ വ്യക്തിപരമായും രാഷ്ട്രീയമായും വനവാസത്തിന് പോയേനെ അവര്‍. നേരിടേണ്ടിവന്ന അപമാനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഒരു ജനതയുടെ മുഴുവന്‍ ആദരവും പിടിച്ചുവാങ്ങിയ അമ്മയായി അവര്‍ മാറിയത് സ്വന്തം ഇച്ഛാശക്തിയുടെ മാത്രം പിന്‍ബലത്തിലാണ്. അതാരുടെയും ഔദാര്യമല്ല.

പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി പതിനഞ്ചാം വയസ്സില്‍ വെള്ളിത്തിരയിലെത്തിയത് ഉപജീവന മാര്‍ഗ്ഗം തേടിയാണ്. ആ കൌമാരക്കാരി വളരെ വേഗം തമിഴകത്തെ സ്വപ്നസുന്ദരിയായി. സിനിമയിലും പുറത്തും സൂപ്പര്‍താരമായിരുന്ന എംജിആറിന്റെ പ്രിയനായികയായി. അറുപതുകളിലും എഴുപതുകളിലും എംജിആര്‍ - ജയലളിത ജോഡിയെ ആരാധകര്‍ സിനിമയിലും പുറത്തും ആഘോഷിച്ചു. എണ്‍പതുകളായപ്പോഴേക്കും എംജിആര്‍ ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു എന്നതൊഴിച്ചാല്‍ പിന്നീടുള്ള ജയലളിത ചരിത്രപരമോ വ്യക്തിപരമോ ആയ ഒരു ആനുകൂല്യവും ലഭിക്കാതെ സ്വയം വളര്‍ന്ന സ്ത്രീയാണ്. പാര്‍ട്ടിയില്‍ എതിര്‍പ്പ് രൂക്ഷമായപ്പോള്‍ എംജിആര്‍ പോലും അവരെ അകറ്റിനിര്‍ത്തിയിരുന്നു. സമ്മര്‍ദ്ദത്താല്‍ തമിഴ് മാസികയില്‍ ആത്മകഥയെഴുതുന്നത് അവര്‍ക്ക് നിര്‍ത്തേണ്ടിവന്നു. എംജിആറിന്റെ മരണത്തോടെ തനിക്കെതിരെ പാര്‍ട്ടിക്കകത്തുണ്ടായ പടയൊരുക്കങ്ങള്‍ക്കെതിരെ തനിച്ച് പട നയിച്ചു. സദാചാര തിട്ടൂരങ്ങളില്‍ മുറിവേറ്റെങ്കിലും ചവിട്ടിവീഴ്ത്തപ്പെട്ടെങ്കിലും തളരാതെ പിടിച്ചുനിന്നു. കരുത്തയായ നേതാവായി വളര്‍ന്നിട്ടും സ്ത്രീ എന്ന നിലയില്‍ അവര്‍ നിരന്തരം ആക്രമിക്കപ്പെട്ടു. നിയമസഭയില്‍ സാരി വലിച്ചിഴച്ച് അപമാനിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചപ്പോള്‍, അവരുടെ സാരികളുടെയും ചെരുപ്പിന്റെയും എണ്ണമെടുത്ത് പൊതുസമൂഹം അവര്‍ക്കെതിരെ സ്ത്രീവിരുദ്ധ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

ഭരണാധികാരി എന്ന നിലയില്‍ ജയലളിതയുടെ ഗ്രാഫ് കുറേയേറെ തെറ്റുകളില്‍ നിന്ന് കുറേ വലിയ ശരികളിലേക്കായിരുന്നു. 1991ല്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും അവരുടെ രാഷ്ട്രീയജീവിതത്തിന് മങ്ങലേല്‍പ്പിച്ചു. സ്വാഭാവികമായും 96ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. 2001ല്‍ കേസുകളുടെ നൂലാമാലകളില്‍പ്പെട്ട് മത്സരിക്കാനായില്ല. പാര്‍ട്ടി ഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രിപദം ഏറ്റെടുത്തു. അപ്പോഴും ജനാധിപത്യവിരുദ്ധമായ നടപടികള്‍ തുടര്‍ന്നു. 2006ല്‍ വീണ്ടും ജനങ്ങള്‍ തിരിച്ചടി നല്‍കി. എന്നാല്‍ 2011ല്‍ അധികാരത്തിലേറിയ ജയലളിതയെ ചരിത്രം അടയാളപ്പെടുത്തുക അവര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെയും രാഷ്ട്രീയ പക്വതയുടെയും പേരിലായിരിക്കും. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തിയും സ്ത്രീസൌഹൃദ പദ്ധതികള്‍ നടപ്പിലാക്കിയും കാര്‍ഷിക മേഖലയ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയും അവര്‍ അടിസ്ഥാനവര്‍ഗത്തിന് പ്രിയങ്കരിയായി. ഇതിനിടെയും മുന്‍കാല കേസുകളില്‍ അനുകൂലവും പ്രതികൂലവുമായ വിധികളുണ്ടായി. പക്ഷേ പാവപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉറപ്പുവരുത്തി അവര്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി.

ജനാധിപത്യവിരുദ്ധതയും ഏകാധിപത്യ പ്രവണതകളും സ്വജനപക്ഷപാതവുമൊക്കെ എല്ലാ കാലത്തും ഒപ്പമുണ്ടായിരുന്ന ഒരു നേതാവ് എങ്ങനെ ജനങ്ങളുടെ ഉള്ളില്‍ ഇങ്ങനെയൊരു വികാരമായി എന്ന് ചോദിച്ചാല്‍ അവര്‍ സാധാരണക്കാരുടെ ദുരിതങ്ങള്‍ തിരിച്ചറിയുകയും പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു എന്നതാണ് ഉത്തരം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാതെ തന്നെ ജനമനസ്സുകളില്‍ ഇടംനേടിയെന്ന സവിശേഷതയും ഒരുപക്ഷേ നിലവില്‍ മറ്റൊരു നേതാവിനും അവകാശപ്പെടാന്‍ കഴിയില്ല.

പുരുഷ മേല്‍ക്കോയ്മ അത്രയേറെ നിലനില്‍ക്കുന്ന രാഷ്ട്രീയത്തില്‍ സ്ത്രീയുടെ ഇടം സ്വയം വെട്ടിപ്പിടിച്ച കരുത്തയാണവര്‍‍. ഉരുക്കുവനിതയെന്ന് പൊതുവെ നമ്മള്‍ വിശേഷിപ്പിക്കാറുള്ള ഇന്ദിരാഗാന്ധിക്ക് കുടുംബ മഹിമയുടെ ആനുകൂല്യമുണ്ടായിരുന്നു. മമത ബാനര്‍ജി, മായാവതി തുടങ്ങി വളരെ ചുരുക്കം പേരുകളേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെന്ന പേരിനൊപ്പം ചേര്‍ത്തുവെയ്ക്കാനുള്ളൂ. പക്ഷേ മമതയ്ക്കും മായാവതിക്കുമൊന്നും അഭിമുഖീകരിക്കേണ്ടി വരാത്ത വ്യക്തിപരമായ ആക്രമണങ്ങളെ, മുറിവുകളെ കൂടി അതിജീവിച്ചുവെന്ന പ്രത്യേകതയുണ്ട് ജയലളിതയ്ക്ക്. മനസ്സ് മടുത്ത് വ്യക്തിപരമായും രാഷ്ട്രീയമായും പിന്‍വലിഞ്ഞിരുന്നെങ്കില്‍ തമിഴകത്തിന്റെ പ്രിയപ്പെട്ട നേതാവിന്റെ ജീവിതത്തിലെ മറ്റൊരു സ്ത്രീ (the other woman) മാത്രമായി ചരിത്രം അവരെ അടയാളപ്പെടുത്തിയേനെ. പകരം അവസാനശ്വാസം വരെ ജയിച്ച് മുന്നേറിയ സ്ത്രീ എന്നാണ് ചരിത്രം അവരെ അടയാളപ്പെടുത്താന്‍ പോകുന്നത്.

TAGS :

Next Story