Quantcast

12 സിംഹങ്ങള്‍ കാവലിരുന്നു, യുവതിക്ക് കൊടുങ്കാട്ടില്‍ സുഖപ്രസവം

MediaOne Logo

Jaisy

  • Published:

    3 Jun 2018 9:22 PM GMT

12 സിംഹങ്ങള്‍ കാവലിരുന്നു, യുവതിക്ക് കൊടുങ്കാട്ടില്‍ സുഖപ്രസവം
X

12 സിംഹങ്ങള്‍ കാവലിരുന്നു, യുവതിക്ക് കൊടുങ്കാട്ടില്‍ സുഖപ്രസവം

ജീവന്‍ പണയം വച്ച് ഒരു കുഞ്ഞ് ജീവന് ജന്‍മം നല്‍കിയതിന്റെ സുഖമുള്ള നിര്‍വൃതിയിലാണ് മക്വാന

കൊടുങ്കാട്ടില്‍, കാട്ടിലെ രാജാക്കന്‍മാരുടെ കാവലില്‍ ഒരു സുഖപ്രസവം. ഒരു പക്ഷേ കേള്‍ക്കുന്നവര്‍ക്കെല്ലാം അത്ഭുതം തോന്നാം. ജൂണ്‍ 29ന് ഗുജറാത്തിലെ ഗീര്‍ വനത്തിന് സമീപം 32കാരിയായ മങ്കുബെന്‍ മക്‍വാന ഒരു ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയപ്പോള്‍ ചുറ്റും കാവലായി നിന്നത് പന്ത്രണ്ട് സിംഹങ്ങളായിരുന്നു. ജീവന്‍ പണയം വച്ച് ഒരു കുഞ്ഞ് ജീവന് ജന്‍മം നല്‍കിയതിന്റെ സുഖമുള്ള നിര്‍വൃതിയിലാണ് മക്വാന.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം നടന്നത്. ലുന്‍സാപൂര്‍ ഗ്രാമവാസിയായ മക്വാനക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ജഫ്രാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. എമര്‍ജന്‍സി മാനേജ്മെന്റ് ടെക്നീഷ്യന്‍ ആയ അശോക് ചേതനും എക്സിക്യുട്ടീവ് ആയ ചേതന്‍ ഗതേയും ആംബുലന്‍സിലുണ്ടായിരുന്നു. യാത്രാമധ്യേ കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നതുകണ്ട അശോകിന് യുവതി ഏത് സമയത്തും പ്രസവിക്കുമെന്ന് തോന്നി. ഡ്രൈവര്‍ രാജു യാദവിനോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടറെ ഫോണില്‍ വിളിച്ച് പ്രസവമെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഈ സമയം മനുഷ്യഗന്ധം തിരിച്ചറിഞ്ഞ സിംഹങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിന് ചുറ്റും കൂടി. പ്രദേശവാസി കൂടിയായ രാജു സിംഹങ്ങളെ ഓടിച്ചുവിടാന്‍ നോക്കിയെങ്കിലും അവര്‍ ഒരിഞ്ച് പോലും മാറിയില്ല. ചില സിംഹങ്ങള്‍ യാത്ര തടസപ്പെടുത്താനെന്ന വണ്ണം ആംബുലന്‍സിന് മുന്നില്‍ തന്നെ ഇരുന്നു. ഈ സമയം പ്രസവമെടുക്കുന്നതിന്റെ തിരക്കിലായിരുന്നു അശോക്.

കുഞ്ഞിന് ജന്‍മം നല്‍കിയതോടെ രാജു പതിയെ ആംബുലന്‍സ് എടുക്കാന്‍ നോക്കിയപ്പോള്‍ സിംഹങ്ങള്‍ വഴിമാറിക്കൊടുത്തു. യുവതിയെയും കുഞ്ഞിനെയും ജഫ്രാബാദിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യന്തം ഭീതികരമായ നിമിഷങ്ങളിലൂടെയാണ് തങ്ങള്‍ കടന്നുപോയതെന്ന് ചേതന്‍ പറഞ്ഞു.

TAGS :

Next Story