Quantcast

ജെഎന്‍യുവിലെ ഫ്രീഡം സ്‌ക്വയര്‍ വിദ്യാര്‍ഥികള്‍ തിരിച്ചുപിടിച്ചു

MediaOne Logo

Subin

  • Published:

    3 Jun 2018 8:54 PM GMT

ജെഎന്‍യുവിലെ ഫ്രീഡം സ്‌ക്വയര്‍ വിദ്യാര്‍ഥികള്‍ തിരിച്ചുപിടിച്ചു
X

ജെഎന്‍യുവിലെ ഫ്രീഡം സ്‌ക്വയര്‍ വിദ്യാര്‍ഥികള്‍ തിരിച്ചുപിടിച്ചു

ആദ്യ ചെടിച്ചട്ടി എടുത്തുമാറ്റിയ യൂണിയന്‍ ജനറല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ വിദ്യാര്‍ഥികള്‍ ഫ്രീഡം സ്‌ക്വയര്‍ തിരിച്ചു പിടിച്ചതായി പ്രഖ്യാപിച്ചു.

ജെഎന്‍യു ക്യാമ്പസിലെ ' ഫ്രീഡം സ്‌ക്വയര്‍' വിദ്യാര്‍ഥികള്‍ തിരിച്ചുപിടിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ സംഘടിക്കുന്നത് നിരോധിച്ച ഉത്തരവ് ലംഘിച്ച് വിദ്യാര്‍ഥികള്‍ ശനിയാഴ്ച വൈകിട്ട് ഇവിടെ പ്രതിഷേധ യോഗം ചേര്‍ന്നു. എഡി ബ്ലോക്കിന്റെ പടവുകളില്‍ നിരത്തിയ ചെടിച്ചട്ടികള്‍ വിദ്യാര്‍ഥികള്‍ എടുത്തുമാറ്റി. ആദ്യ ചെടിച്ചട്ടി എടുത്തുമാറ്റിയ യൂണിയന്‍ ജനറല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ വിദ്യാര്‍ഥികള്‍ ഫ്രീഡം സ്‌ക്വയര്‍ തിരിച്ചു പിടിച്ചതായി പ്രഖ്യാപിച്ചു. സര്‍വകലാശാല അധികൃതരുടെ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയാണ് എഡി ബ്ലോക്കിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ പരിപാടികള്‍ വിലക്കിയത്.

വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ജെഎന്‍യു അധികൃതര്‍ നടപ്പാക്കുന്ന വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. വിസിയുടെ വസതിക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ യോഗം ചേര്‍ന്നു. 75 ശതമാനം അറ്റന്റന്‍സ് നിര്‍ബന്ധമാണെന്ന അധികൃതരുടെ പുതിയ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ദുഗ്ഗിരാല ശ്രീകൃഷ്ണ പറഞ്ഞു. ഇത്തരം നിര്‍ബന്ധിത അറ്റന്റന്‍സ് ജെഎന്‍യുവില്‍ ഇതുവരെ ഉണ്ടായിരുന്നില്ല. നാഷണല്‍ അസ്സസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) അംഗീകാരത്തെയോ ഗവേഷണങ്ങളുടെ ഗുണനിലവാരത്തെയോ ഇത് ബാധിച്ചിട്ടില്ല.

ഇത്തരം വ്യത്യസ്തതകള്‍ ജെഎന്‍യുവിന്റെ തനത് സ്വഭാവമാണ്. അറ്റന്‍ഡന്‍സിന്റെ പേരില്‍ ചികിത്സയും ഹോസ്റ്റല്‍ സൗകര്യവുമടക്കം നിഷേധിക്കാനാണ് പുതിയ സര്‍ക്കുലറിലൂടെ അധികൃതര്‍ ശ്രമിക്കുന്നത്. അധികൃതര്‍ തീരുമാനം പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ പറഞ്ഞു.

തിങ്കളാഴ്ച ജെഎന്‍യുവില്‍ പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചു. 23ന് ചേരുന്ന അക്കാദമിക് കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്ന് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് ഗീതാകുമാരി, വൈസ് പ്രസിഡന്റ് സിമന്‍ സോയ ഖാന്‍, ജോയിന്റ് സെക്രട്ടറി സുഭാന്‍ഷു സിങ് തുടങ്ങി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. അറ്റന്റന്‍സ് നിര്‍ബന്ധമാണെന്ന അധികൃതരുടെ തീരുമാനത്തിനെതിരെ ദിവസങ്ങളായി വിദ്യാര്‍ഥി യൂണിയന്റെയും വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തില്‍ സമരം നടക്കുകയാണ്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ പഠിപ്പു മുടക്കിയിരുന്നു.

TAGS :

Next Story