ഗുജറാത്ത് വംശഹത്യ: 16 വര്‍ഷത്തിന് ശേഷവും നീതി അകലെ
ഗുജറാത്ത് വംശഹത്യ: 16 വര്‍ഷത്തിന് ശേഷവും നീതി അകലെ
നരോദയിലടക്കം വിവിധ മുസ്‍ലിം കോളനികളില്‍ ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. അരുംകൊലകളും കൂട്ടബലാത്സംഗങ്ങളും കൊള്ളയും തീവെപ്പും ദിവസങ്ങളോളം തുടര്‍ന്നു.
രാജ്യത്തെ പിടിച്ചുലച്ച ഗുജറാത്ത് വംശഹത്യക്ക് ഇന്നേക്ക് 16 വര്‍ഷം. നരഹത്യ ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെട്ട പ്രമുഖരെല്ലാം ഇന്ന് സ്വതന്ത്രരാണ്. ബില്‍ക്കിസ് ബാനുവിനെ പോലുള്ള ഏതാനും ഇരകള്‍ക്ക് പങ്കുവെക്കാനുള്ള വൈകി ലഭിച്ച നീതിയുടെ കഥ മാത്രമാണ് ആശ്വാസത്തിന്‍റെ ഏട്.
2002 ഫെബ്രുവരി 27- സബര്‍മതി ട്രെയിനിന്‍റെ എസ് 6 ബോഗിക്ക് ഗോധ്ര റെയില്‍വെ സ്റ്റേഷനടുത്ത് വച്ച് ഒരു കൂട്ടം ആളുകള്‍ തീവെച്ചു. അയോധ്യ തീര്‍ത്ഥാടകരുള്‍പ്പെടെ 58 പേര്‍ മരിച്ചു. പിറ്റേന്ന്, അതായത് 28ന് സംസ്ഥാനത്ത് വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഹര്‍ത്താല്‍. രാജ്യം കിരാതമായ വംശഹത്യയുടെ തുടക്കം കണ്ടത് ഈ ദിനമായിരുന്നു. നരോദയിലടക്കം വിവിധ മുസ്‍ലിം കോളനികളില്‍ ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. അരുംകൊലകളും കൂട്ടബലാത്സംഗങ്ങളും കൊള്ളയും തീവെപ്പും ദിവസങ്ങളോളം തുടര്‍ന്നു. അന്ന് ഗര്‍ഭിണിയായിരിക്കെ കലാപകാരികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ബില്‍ക്കീസ് ബാനുവിന് കോടതി നീതി കനിഞ്ഞത് കഴിഞ്ഞ കൊല്ലമാണ്.
"15 വര്‍ഷം കഷ്ടതയേറെ അനുഭവിച്ചു. കേസിനും മറ്റുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടിയായിരുന്നു ജീവിതം"- ബില്‍ക്കിസ് ബാനു പറയുന്നു.
ബില്‍ക്കിസ് നല്‍കിയ കേസില്‍ 12 പ്രതികള്‍ക്ക് ബോംബെ ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പക്ഷേ ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയെ പോലുള്ളവര്‍ക്ക് ഇന്നും വേദന ബാക്കി. 501 പേര്‍ക്കെതിരെ മാത്രമാണ് കലാപത്തില്‍ ആകെ കേസ്. ഇതുവരെ ശിക്ഷിക്കപ്പെട്ടത് 174 പേര്‍ മാത്രം. സുപ്രധാനമായ പല കേസുകളും ഇപ്പോഴും തീര്‍പ്പായിട്ടില്ല.
Adjust Story Font
16