Quantcast

യുപിയില്‍ ബിജെപിക്ക് വന്‍തിരിച്ചടി; രണ്ട് സിറ്റിങ് സീറ്റുകളിലും തോറ്റു

MediaOne Logo

Khasida

  • Published:

    3 Jun 2018 9:53 AM GMT

യുപിയില്‍ ബിജെപിക്ക് വന്‍തിരിച്ചടി; രണ്ട് സിറ്റിങ് സീറ്റുകളിലും തോറ്റു
X

യുപിയില്‍ ബിജെപിക്ക് വന്‍തിരിച്ചടി; രണ്ട് സിറ്റിങ് സീറ്റുകളിലും തോറ്റു

ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടി.

ഉത്തര്‍ പ്രദേശ് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഗൊരക്പൂര്‍ മണ്ഡലത്തിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യയുടെ ഫുല്‍പൂര്‍ മണ്ഡലത്തിലും ബിജെപി തോറ്റു. ബിഹാറില്‍ അരാരിയ ലോക്സഭ മണ്ഡലത്തിലും ജഹനബാദ് നിയമസഭാ മണ്ഡലത്തിലും ആര്‍ജെഡി ജയം ആവര്‍ത്തിച്ചു. ഭാബുവ മാത്രമാണ് ബിജെപിക്ക് നിലനിര്‍ത്താനായത്.

3.13 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യോഗി ആദിത്യനാഥ് ജയിച്ച മണ്ഡലമാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബിജെപിക്ക് നഷ്ടമായത്. ഗൊരക്പൂരില്‍ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദാണ് ജയിച്ചത്. ഫുല്‍പൂരില്‍ എസ്പി സ്ഥാനാര്‍ഥി നാഗേന്ദ്ര പട്ടേല്‍ ജയിച്ചത് 59613 വോട്ടിനാണ്. രണ്ടിടത്തും എസ്പിക്ക് മുതല്‍ക്കൂട്ടായത് ബിഎസ്പിയുടെ പിന്തുണയാണ്. ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസിന് രണ്ട് മണ്ഡലങ്ങളിലും കെട്ടിവെച്ച പണം നഷ്ടമായി. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ ഗൊരക്പൂരിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ മാധ്യമ വിലക്കേര്‍പ്പെടുത്തിയത് വലിയ വിവാദമായി.

നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ജെഡിയു കൂടെയുണ്ടായിട്ടും ബിഹാറില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. അരാരിയ ലോക്സഭ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം അറുപത്തൊന്നായിരത്തില്‍ പരം വോട്ടിന് ജയിച്ചു. ജഹനാബാദ് നിയമസഭാ മണ്ഡലത്തില്‍ ആജെഡി സ്ഥാനാര്‍ഥി ഉദ്ധവ് യാദവ് വിജയിച്ചു. ഭാബുവ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണിയാണ് ജയിച്ചത്.

TAGS :

Next Story