നാഗര്‍ഹോളയിലെ ആനയുടെ പുകവലി
നാഗര്‍ഹോളയിലെ ആനയുടെ പുകവലി
പുകവലിക്കുന്ന ആനയുടെ ചിത്രങ്ങള്‍ കണ്ട പലരും മഞ്ഞായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സത്യത്തില്‍ മഞ്ഞല്ല പുക തന്നെയാണ് ആനയുടെ വായില്‍ നിന്നും വരുന്നത്. ..
ആനയുടെ പലതരത്തിലുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും പുകവലിക്കുന്ന ആനയെ അധികമാരും കാണാന്‍ സാധ്യതയില്ല. കര്‍ണ്ണാടകയിലെ നാഗര്‍ഹോള്‍ ദേശീയ പാര്‍ക്കില്‍ നിന്നാണ് പുകവലിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ആനയുടെ പുകവലി സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
പുകവലിക്കുന്ന ആനയുടെ ചിത്രങ്ങള്‍ കണ്ട പലരും മഞ്ഞായിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സത്യത്തില്‍ മഞ്ഞല്ല പുക തന്നെയാണ് ആനയുടെ വായില്‍ നിന്നും വരുന്നത്. എന്നാല്‍ ബീഡിയോ സിഗരറ്റോ വലിച്ചിട്ടല്ലെന്ന് മാത്രം. തീയണഞ്ഞശേഷം കാട്ടില്‍ നിലത്ത് കിടന്നിരുന്ന കരിക്കട്ടകളാണ് ആനയുടെ പുകവലിക്ക് പ്രേരണയായത്. നിലത്തെ കരിക്കട്ടകള്‍ ആന വായിലിട്ട ശേഷം ശ്വാസം വിട്ടപ്പോഴാണ് പുകവലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. പുക പുറത്തുവിട്ട് കരിക്കട്ട ആന അകത്താക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഫോട്ടോഗ്രാഫറും ബയോളജിസ്റ്റുമായ ഡോ. വിനയ് കുമാറാണ് കര്‍ണ്ണാടകയിലെ നാഗര്‍ഹോള്‍ ദേശീയപാര്‍ക്കില്‍ നിന്നും ആനയുടെ പുകവലി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 30-35 വയസുള്ള കാട്ടാനയാണ് ക്യാമറയില്‍ പതിഞ്ഞതെന്നാണ് വിനയ് കുമാര്‍ പറയുന്നത്. 2016 ഏപ്രിലില്‍ പകര്‍ത്തിയ ഈ വീഡിയോ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് സോഷ്യല്‍ മീഡിയയിലെത്തിയത്. വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയില്‍ എലിഫെന്റ് ബയോളജിസ്റ്റായി ജോലിയെടുക്കുകയാണ് ഡോ. വിനയ് കുമാര്‍.
Adjust Story Font
16