നിര്‍മാണ, ചില്ലറവില്‍പന മേഖലകളില്‍ 100% വിദേശ നിക്ഷേപം; എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കും
നിര്‍മാണ, ചില്ലറവില്‍പന മേഖലകളില്‍ 100% വിദേശ നിക്ഷേപം; എയര്‍ഇന്ത്യ സ്വകാര്യവത്കരിക്കും
നിര്‍മാണ മേഖലയിലും ഒറ്റ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്‍പ്പനയിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
രാജ്യത്ത് വിദേശ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ഇളവ് പ്രഖ്യാപിച്ചു. ചില്ലറ വ്യാപാര മേഖലയിലും നിര്‍മാണ മേഖലയിലും 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി. എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരികള്‍ വില്‍ക്കാനും കേന്ദ്രം തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഏക ബ്രാന്‍ഡുകളുടെ ചില്ലറവ്യാപാര മേഖലയിലും നിര്‍മാണ മേഖലയിലും പൂര്‍ണമായും വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി. ഈ രംഗത്ത് 49 ശതമാനത്തിന് മുകളില്‍ വിദേശ നിക്ഷേപത്തിന് നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേകാനുമതി വേണമായിരുന്നു. എന്നാല്‍ ഈ നിബന്ധന ഒഴിവാക്കി.
എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കരുതെന്ന പാര്‍ലമെന്റ് സമിതിയുടെ നിര്‍ദേശം മറികടന്നാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. അതേസമയം എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും ഇന്ത്യക്കായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
രാജ്യത്തെ ചെറുകിട വിപണിയിലും കേന്ദ്ര തീരുമാനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവ മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ മാന്ദ്യം മറികടക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ അളവ് 6008 കോടി ഡോളറായിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇത് 10000 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് രംഗത്തെത്തി. ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചെന്ന് സംഘടന കുറ്റപ്പെടുത്തി.
Adjust Story Font
16